ഐരവൺ പാലത്തിന്‍റെ   സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങി

Spread the love

 

konnivartha.com :  അരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഐരവൺ പാലത്തിന്റെ  സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയതായി  അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

സ്ഥലം അളന്ന് തിട്ടപ്പെടുത്തി   അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന ജോലികളാണ് തുടങ്ങിയിരിക്കുന്നത്. ജൂലൈ മാസത്തിൽ നടപടികൾ പൂർത്തിയാക്കി ആഗസ്റ്റിൽ  പണികൾ തുടങ്ങാനാണ് തീരുമാനം.  12.25 കോടി രൂപയുടെ ഭരണാനുമതിയാണ് പാലത്തിന് ലഭിച്ചിരിക്കുന്നത്.  പത്തനാപുരം  ആസ്ഥാനമായ തോമസ് കൺസ്ട്രക്ഷൻ   കമ്പനിക്കാണ് നിർമ്മാണ ചുതമല.

അരുവാപ്പുലം പഞ്ചായത്തിലെ നാലു വാർഡുകൾ സ്ഥിതി ചെയ്യുന്ന ഐരവൺ പ്രദേശത്തെ ആളുകൾക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ , ഹോമിയോ ആശുപത്രികളിലോ പോകണമെങ്കിൽ കോന്നി പഞ്ചായത്ത് ചു​റ്റി കിലോമീ​റ്ററുകൾ താണ്ടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ പാലം വരുന്നതോടെ ഈ ദുരവസ്ഥ മാറും. അരുവാപ്പുലം പഞ്ചായത്തിനെ അച്ചൻകോവിലാറ് രണ്ട് കരകളായി വേർതിരിക്കുകയാണ്. ഇരുകരകളിലുമുള്ളവർ പരസ്പരം കാണണമെങ്കിൽ കോന്നി പഞ്ചായത്ത് ചു​റ്റി എത്തിച്ചേരേണ്ട സ്ഥിതിയാണുള്ളത്. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മനസിലാക്കി  ജനീഷ് കുമാർ എം.എൽ.എ നടത്തിയ  നിരന്തര ഇടപെടലിനെ തുടർന്നാണ് പാലത്തിന് സർക്കാർ അനുമതി ലഭിച്ചത്.

അരുവാപ്പുലം, ഐരവൺ വില്ലേജുകളെ പാലം വഴി ബന്ധിപ്പിക്കുമ്പോൾ രണ്ടായി നിന്ന പഞ്ചായത്ത് പ്രദേശം ഒന്നായി മാറും. ഐരവൺ ഭാഗത്തുനിന്ന് ജനങ്ങൾക്ക് കോന്നി ചു​റ്റാതെ പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലെത്താം. അരുവാപ്പുലം നിവാസികൾക്ക് എളുപ്പം മെഡിക്കൽ കോളേജിലുമെത്തിച്ചേരാനും പാലം ഉപകരിക്കും.

അച്ചൻകോവിൽ -പ്ലാപ്പള്ളി റോഡിൽ നിന്നുമാണ് പാലം ഐരവൺ കരയുമായി ബന്ധിപ്പിക്കുന്നത്. അതിനാൽ പാലം വരുന്നതോടെ കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് കോന്നിയിൽ എത്താതെ അച്ചൻകോവിൽ റോഡുവഴി കോന്നി മെഡിക്കൽ കോളേജിൽ എത്തിച്ചേരാൻ കഴിയും. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലുള്ളവർ മധുര മെഡിക്കൽ കോളേജിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഇതിന് 150 കിലോമീ​റ്റർ ദൂരം വരും. തെങ്കാശി ജില്ലക്കാർക്ക് പകുതി ദൂരം യാത്ര ചെയ്താൽ കോന്നി മെഡിക്കൽ കോളേജിലെത്താം. കൊല്ലം ജില്ലക്കാരും, തമിഴ്‌നാട്ടുകാരും കോന്നി മെഡിക്കൽ കോളേജിലേക്ക് എത്തുമ്പോൾ കോന്നി ടൗണിൽ വരാതെ ഐരവൺപാലം വഴി അവർക്ക് എത്തിച്ചേരാൻ കഴിയും. കോന്നിയിൽ ഉണ്ടാകാൻ സാധ്യതയുള്ള വൻ ഗതാഗത കുരുക്കിനും ഇതോടെ പരിഹാരമാകും.  നിലവിലെ സാഹചര്യത്തിന് അനുസൃതമായി   കരാർ കമ്പനി 22 ശതമാനം അധിക തുക ആവശ്യപ്പെട്ട്  സർക്കാരിനെ  സമീപിച്ചിട്ടുണ്ട്.   അന്തിമ അനുമതി ലഭിച്ചാൽ  ഉടൻ   നിർമ്മാണം  ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

error: Content is protected !!