
konnivartha.com: പനിയുണ്ടായാല്‍ സ്വയം ചികിത്സ പാടില്ലെന്നും നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്കൂള്‍ അസംബ്ലികള്‍ ആരോഗ്യ അസംബ്ലികളായി നടത്തുന്നതിന്റെ ഭാഗമായി മെഴുവേലി ചന്ദനക്കുന്ന് ഗവ. യുപി സ്കൂളില്‍ നടന്ന ആരോഗ്യ അസംബ്ലിയില്‍ കുട്ടികളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മഴക്കാല പകര്‍ച്ച വ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനായാണ് സ്കൂളുകളില്‍ ആരോഗ്യ അസംബ്ലികള്‍ നടത്തിയത്. പനിയുടെ ലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടികള്‍ മാതാപിതാക്കളേയോ അധ്യാപകരേയോ അറിയിക്കണം. കൊതുകജന്യ രോഗങ്ങളായ ഡെങ്കിപ്പനി, സിക്കാ വൈറസ് പനി, എലിപ്പനി, ഇന്‍ഫ്ളുവന്‍സ തുടങ്ങിയവ മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു. വീട്ടുവളപ്പില്‍ ജലം കെട്ടികിടക്കാന്‍ സാധ്യത ഉള്ള ചിരട്ടകള്‍, പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്ത് ഉറവിട നശീകരണത്തിലൂടെ ഡെങ്കിപ്പനിയുടെ വ്യാപനം തടയാന്‍ കഴിയും.
മണ്ണ്, ചെളി, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയുമായി സമ്പര്‍ക്കം വരുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെയാണ് എലിപ്പനിയുടെ രോഗാണു ഉള്ളില്‍ പ്രവേശിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കണം. വായുവില്‍ കൂടെ പകരുന്ന ഇന്‍ഫ്ളുവന്‍സ പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാന്‍ മാസ്ക് ഉപയോഗിക്കണം. വീടുകളില്‍ രക്ഷിതാക്കളോടൊപ്പവും സ്കൂളുകളില്‍ അധ്യാപകരോടൊപ്പവും കുട്ടികള്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം.
ഡയേറിയ പോലുള്ള ജലജന്യ രോഗങ്ങളെ തടയുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിളികള്‍, വവ്വാലുകള്‍ തുടങ്ങിയവ കഴിച്ചതിന്റെ ബാക്കി മാങ്ങാ, പേരയ്ക്ക പോലുള്ള പഴങ്ങള്‍ കഴിക്കരുതെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ ആരോഗ്യത്തിന്റെ അംബാസിഡര്‍മാരാണെന്നും മുതിര്‍ന്നവരെ കൂടി ബോധവല്‍ക്കരിക്കേണ്ടത് കുഞ്ഞുങ്ങളാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സിന്ധു ഭാസ്കര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്മാന് പി.ആര്. അഭിലാഷ്, പിടിഎ പ്രസിഡന്റ് ശാരിക കൃഷ്ണ, സീനിയര്‍ അധ്യാപിക ഐശ്വര്യ സോമന്, മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.