Trending Now

പകർച്ചപ്പനി പ്രതിരോധത്തിന് ഊർജിത ശുചീകരണം അനിവാര്യം

Spread the love

ഡെങ്കിപ്പനി തടഞ്ഞ് നിർത്തുന്നതിൽ അതീവ ജാഗ്രത പുലർത്തണം

പകർച്ചപ്പനി പ്രതിരോധത്തിൽ ഊർജിത ശുചീകരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ഏത് പനിയും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ ആകാമെന്നതിനാൽ തീവ്രമായതോ നീണ്ട് നിൽക്കുന്നതോ ആയ എല്ലാ പനി ബാധകൾക്കും വൈദ്യ സഹായം തേടണം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പൊതുവേ കാണപ്പെടുന്ന മറ്റ് വൈറൽപ്പനികളിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ കഴിയാതെ വരികയോ വൈകുകയോ ചെയ്യാം. അതിനാൽ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഡെങ്കിപ്പനി എങ്ങനെ തിരിച്ചറിയാം?

പെട്ടെന്നുള്ള കനത്ത പനിയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അതിശക്തമായ മേല് വേദന, വയറ് വേദന, കണ്ണിനു പുറകിൽ വേദന, ശരീരത്തിൽ ചുവന്ന നിറത്തിൽ പാടുകൾ പ്രത്യക്ഷപ്പെടുക എന്നിവയും ചിലരിൽ കാണപ്പെടുന്നു. ശക്തമായ വയറ് വേദന, ശ്വാസതടസം, മൂത്രം പോകുന്നതിൽ പെട്ടെന്ന് ഉണ്ടാകുന്ന കുറവ്, അപസ്മാര ലക്ഷണങ്ങൾ, മഞ്ഞപ്പിത്തം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നും രക്തസ്രാവം ഉണ്ടാവുക, മലം കറുത്ത നിറത്തിൽ പോവുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവ അടിയന്തിരമായി ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. രക്തപരിശോധനയിലൂടെ ഡെങ്കിപ്പനി തിരിച്ചറിയാം. ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ സർക്കാർ ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

ധാരാളം വെള്ളം കുടിച്ചാൽ ഏറെ ആശ്വാസമാകും

ചെറിയ പനി വന്നാൽ പോലും ധാരാളം പാനീയങ്ങൾ കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴങ്ങൾ, പഴസത്ത് എന്നിവ നൽകാം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ക്ഷീണം അകറ്റുന്നതിനും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും പാനീയങ്ങൾ സഹായിക്കും.

ഡ്രൈ ഡേ ആചരിച്ച് കൊതുകിനെ തുരത്താം

കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാർഗം. അതിനാൽ വീടും സ്ഥാപനവും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയാക്കുമ്പോഴും കൊതുകിന്റെ കടിയേൽക്കാതെ ലേപനങ്ങൾ പുരട്ടുകയോ ശരീരം പൊതിയുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. അടച്ചിടുന്നതിനു മുൻപ് വീട്ടിനുള്ളിൽ പുകയ്ക്കുന്നത് വീട്ടിനുള്ളിലുള്ള കൊതുകുകളെ പുറത്താക്കാൻ സഹായിക്കും. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളിൽ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം.

കെട്ടിടങ്ങളുടെ അകത്തും പുറത്തും മേൽകൂരകളിലും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക.

വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഇവ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വൃത്തിയാക്കുക.

വെള്ളം വയ്ക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക.

കൊതുക് കടിക്കാതിരിക്കാൻ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങൾ ഉപയോഗിക്കുക.

പനിയുള്ളവർ കൊതുകുകടി ഏൽക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കണം.

പനിയുള്ളപ്പോൾ കുട്ടികളെ പ്ലേ സ്‌കുളുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും അയക്കാതെ ഇരിക്കുക.

പനി പടരുന്നതിനാൽ അനാവശ്യമായ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക.

error: Content is protected !!