
konnivartha.com: കോഴഞ്ചേരി – മേലുകര – റാന്നി റോഡില്‍ കോഴഞ്ചേരി മുതല്‍ പുതമണ്‍ വരെ കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. പുതമണ്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചതോടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി അഡ്വ. പ്രമോദ്നാരായണ്‍ എംഎല്‍എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ ഒന്‍പതു മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. കോഴഞ്ചേരിയില്‍ നിന്നും പുതമണ്ണിലേക്ക് 15 മിനിറ്റ് ഇടവിട്ടുള്ള ഷട്ടില്‍ സര്‍വീസുകള്‍ ആയിരിക്കും ആരംഭിക്കുക. മറുകരയായ റാന്നി-പുതമണ്‍ റൂട്ടിലും ഇതേ ദിവസം മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മേലുകര റാന്നി റോഡിലെ പുതുമണ്‍ പാലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 25 മുതല്‍ ഇതിലെയുള്ള വാഹനഗതാഗതം ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പാലത്തിന്റെ അപകടാവസ്ഥ കൂടുതല്‍ ഗുരുതരമായതോടെ കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം പുതമണ്‍ പാലം കെട്ടിയടച്ചു. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് ഇതുവഴി പ്രവേശനം ഉള്ളത്.
പുതമണ്ണിലെ തകര്‍ന്ന പാലത്തിന് പകരം താല്‍ക്കാലിക പാത നിര്‍മിക്കുന്നതിനായി ചെറുകോല്‍ പഞ്ചായത്ത് മൂന്ന് ദിവസത്തിനകം സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്് കെ.ആര്‍. സന്തോഷ് കുമാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. താല്‍ക്കാലിക പാത നിര്‍മിക്കുന്നതിന് 30.80 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. തകര്‍ച്ച നേരിടുന്ന പാലത്തിന് മുകള്‍ ഭാഗത്തായാണ് തോട്ടില്‍ റിംഗുകള്‍ സ്ഥാപിച്ച് പാത നിര്‍മിക്കുന്നത്. ഇതിനായി ഇരുവശത്തുമുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം താല്‍ക്കാലികമായി വിട്ട് ലഭിക്കേണ്ടതുണ്ട്. പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ താല്‍ക്കാലിക പാതയ്ക്ക് എടുത്ത സ്ഥലം വസ്തു ഉടമകള്‍ക്ക് തന്നെ തിരികെ നല്‍കും. നിര്‍മാണം ആരംഭിച്ചാല്‍ ഒരു മാസത്തിനകം താല്‍ക്കാലിക പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
പഴയ പാലം തകര്‍ച്ചയില്‍ ആയതിനെ തുടര്‍ന്ന് കെട്ടിയടച്ചിരുന്നെങ്കിലും പിന്നീട് ഇത് തകര്‍ത്ത് വലിയ വാഹനങ്ങള്‍ വരെ ഇതുവഴി കടന്നു പോയിരുന്നു. ഇതോടെ പാലത്തിന്റെ തകര്‍ച്ച കൂടുതല്‍ രുക്ഷമായി. കൂടുതല്‍ പൊട്ടലുകള്‍ പഴയ പാലത്തിനും ഇതിനോട് ചേര്‍ന്ന് നിര്‍മിച്ച പുതിയ പാലത്തിനും കണ്ടെത്തിയതായി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എക്സി എന്‍ജിനീയര്‍ സുഭാഷ് കുമാര്‍ പറഞ്ഞു. വാഹനങ്ങള്‍ കടന്നുപോയാല്‍ ഏതുനിമിഷവും പാലം തകര്‍ന്ന് അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. തല്‍ക്കാലിക പാലത്തോടൊപ്പം പുതിയ സ്ഥിരമായ പാലം നിര്‍മിക്കുന്നതിനുള്ള മണ്ണ് പരിശോധന പൂര്‍ത്തിയായി ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ഡിസൈന്‍ വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ആയിരിക്കും പുതിയ പാലത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കുക.
അഡ്വ പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ്, ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ്, എസ്ആര്‍ ടിഒ അജയകുമാര്‍, ജോ ആര്‍ടിഒ മുരളീധരന്‍, ഡിടിഒ തോമസ് മാത്യു, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി.എസ്. വിനോദ്, സി.കെ. മനോജ്, പാലം വിഭാഗം അസിസ്റ്റന്റ്് എന്‍ജിനീയര്‍ അംബിക, അസി. എന്‍ജിനീയര്‍ ഷീന റഷീദ് എന്നിവര്‍ സംസാരിച്ചു.