കനത്ത മഴ: 64 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു, 1154 പേരെ മാറ്റിപ്പാർപ്പിച്ചു ആറു ജില്ലകളിൽ (ജൂലൈ 06) ഓറഞ്ച് അലർട്ട്

Spread the love

 

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കനത്ത മഴയെത്തുടർന്നു സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാംപുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ ഇതുവരെ 14 വീടുകൾ പൂർണമായി തകർന്നു. 398 വീടുകൾക്കു കേടുപാടുകൾ പറ്റി. അതിശക്തമായ മഴ തുടരാനുള്ള സാധ്യത മുൻനിർത്തി (ജൂലൈ 06) ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണു മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിൽ 27 ക്യാംപുകൾ തുറന്നു. 171 കുടുംബങ്ങളിലെ 581 പേരെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴയിൽ ഏഴു ക്യാംപുകളിലായി 43 കുടുംബങ്ങളിലെ 150 പേരെയും കോട്ടയത്ത് 22 ക്യാംപുകളിലായി 83 കുടുംബങ്ങളിലെ 284 പേരെയും മാറ്റിപ്പാർപ്പിച്ചു. കോട്ടയം ജില്ലയിൽ ഒരു വീട് പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു. ആലപ്പുഴയിൽ 112 വീടുകൾക്കും പത്തനംതിട്ടയിൽ 19 വീടുകൾക്കും ഭാഗിക നാശനഷ്ടമുണ്ടായി. ഇടുക്കിയിൽ ആരംഭിച്ച ഒരു ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലെ ഏഴുപേരെ മാറ്റിപ്പാർപ്പിച്ചു. 19 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു.

തൃശൂരിൽ മൂന്നും എറണാകുളത്ത് രണ്ടും മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഒന്നു വീതവും ക്യാംപുകൾ തുറന്നു. എറണാകുളത്ത് 11 കുടുംബങ്ങളിലെ 31 പേരും തൃശൂരിൽ 15 കുടുംബങ്ങളിലെ 33 പേരും മലപ്പുറത്ത് 13 കുടുംബങ്ങളിലെ 66 പേരും കാസർകോഡ് ഒരു കുടുംബത്തിലെ രണ്ടു പേരും ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നുണ്ട്. തൃശൂരിൽ മൂന്നു വീടുകൾ പൂർണമായും 51 വീടുകൾ ഭാഗികമായും തകർന്നു. എറണാകുളത്ത് അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. മലപ്പുറത്ത് 41 വീടുകൾ ഭാഗികമായും നാലു വീടുകൾ പൂർണമായും തകർന്നു. കാസർകോഡ് 30 വീടുകൾ ഭാഗികമായും ഒരു വീടു പൂർണമായും തകർന്നു.

മഴക്കെടുതിയെത്തുടർന്നു തിരുവനന്തപുരത്ത് 10 വീടുകൾക്കു ഭാഗിക നാശനഷ്ടമുണ്ടായി. കൊല്ലത്ത് രണ്ടു വീടുകൾ പൂർണമായും 24 വീടുകൾ ഭാഗികമായും തകർന്നു. ഇടുക്കിയിൽ 43 വീടുകൾ ഭാഗികമായും മൂന്നു വീടുകൾ പൂർണമായും തകർന്നു. കോഴിക്കോട് 31 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കണ്ണൂരിൽ 12 വീടുകൾക്കു ഭാഗിക നാശനഷ്ടമുണ്ടായി.

ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി നാളെ (06 ജൂലൈ) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും ജൂലൈ ഏഴിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും എട്ടിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ മോശമായതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ശിക്കാര വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, മോട്ടോർ ശിക്കാരകൾ, സ്പീഡ് ബോട്ടുകൾ, കയാക്കിംഗ് ബോട്ടുകൾ എന്നിവയുടെ സർവ്വീസ് നിർത്തി വെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.

ശക്തമായ മഴ പെയ്യുന്നതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരച്ചില്ലകൾ വെട്ടി ഒതുക്കണം. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്ക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽപ്പെട്ടാൽ 1056 എന്ന നമ്പറിൽ കെ.എസ്.ഇ.ബിയെ അറിയിക്കണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

കനത്ത മഴ, പകർച്ചവ്യാധി പ്രതിരോധം: സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചു

സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായാണ് കൺട്രോൾ റൂം ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് കൺട്രോൾ റൂം നമ്പരിലേക്കും പൊതുജനങ്ങൾക്ക് ഡോക്ടർമാരുടെ പാനലുൾപ്പെട്ട ദിശയിലെ നമ്പരിലേക്കും വിളിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.

ആരോഗ്യ പ്രവർത്തകർ സംശയ നിവാരണത്തിനായി കൺട്രോൾ റൂമിലെ 9995220557, 9037277026 എന്നീ നമ്പരുകളിലാണ് വിളിക്കേണ്ടത്. പകർച്ചവ്യാധി പ്രതിരോധ ഏകോപനം, ഡേറ്റാ മാനേജ്മെന്റ്, ആശുപത്രി സേവനങ്ങൾ, മരുന്ന് ലഭ്യത, പ്രോട്ടോകോളുകൾ, സംശയ നിവാരണം എന്നിവയാണ് കൺട്രോൾ റൂമിലൂടെ നിർവഹിക്കുന്നത്.

പൊതുജനങ്ങൾക്ക് ആരോഗ്യ സംബന്ധമായ എല്ലാ സംശയങ്ങളും ഡോക്ടർമാരുടെ പാനലുള്ള ദിശ കോൾ സെന്റർ വഴി ചോദിക്കാം. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ ദിശയുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്. ഇതുകൂടാതെ ഇ-സഞ്ജീവനി ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. മുൻകരുതലുകൾ, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകർച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാം. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടർമാർക്ക് ഫോൺ കൈമാറുന്നതാണ്. ദിശയിലെ കൗൺസിലർമാർ, ഡോക്ടർമാർ, ഇ-സഞ്ജീവനി ഡോക്ടർമാർ എന്നിവരെ കൂടാതെ ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

error: Content is protected !!