ജില്ലയിലെ 52 ക്യാമ്പുകളില്‍ 1616 പേര്‍;1.78 കോടി രൂപയുടെ കൃഷി നാശം

Spread the love

ജില്ലയിലെ 52 ക്യാമ്പുകളില്‍ 1616 പേര്‍;1.78 കോടി രൂപയുടെ കൃഷി നാശം

 

** ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കി
** ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരോഗ്യമന്ത്രി വിലയിരുത്തി
പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ 52 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 466 കുടുംബങ്ങളിലെ 1616 പേര്‍. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, കുടിവെളളം, വൈദ്യസഹായം, പാചകത്തിനാവശ്യമായ അവശ്യവസ്തുക്കള്‍, പാചകവാതകം, പോലീസ് സുരക്ഷ ഉള്‍പ്പെടെ എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പുകളുടെ പ്രവര്‍ത്തനം ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച സന്ദര്‍ശിച്ച് വിലയിരുത്തി.

 

കോഴഞ്ചേരി താലൂക്കില്‍ ഏഴും റാന്നിയില്‍ ഒന്നും മല്ലപ്പള്ളിയില്‍ 11 ഉം തിരുവല്ലയില്‍ 33 ഉം ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കോഴഞ്ചേരിയില്‍ 39 കുടുംബങ്ങളിലെ 142 പേരും റാന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരും മല്ലപ്പള്ളിയില്‍ 65 കുടുംബങ്ങളിലെ 227 പേരും തിരുവല്ലയില്‍ 361 കുടുംബങ്ങളിലെ 1244 പേരുമാണ് ക്യാമ്പില്‍ കഴിയുന്നത്. കോന്നി, അടൂര്‍ താലൂക്കുകളില്‍ നിലവില്‍ ക്യാമ്പുകള്‍ തുടങ്ങിയിട്ടില്ല.

 

കനത്തമഴയില്‍ ജില്ലയില്‍ 1.7842 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കൃഷി വകുപ്പ് പ്രാഥമികമായി കണക്കാക്കിയിട്ടുണ്ട്. വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രാഥമിക കണക്കു പ്രകാരം ജൂലൈ ഒന്നു മുതല്‍ ആറുവരെ ജില്ലയിലെ ഏഴ് ബ്ലോക്കുകളിലായി 179.01 ഹെക്ടറില്‍ കൃഷിനാശം ഉണ്ടായി. 909 കര്‍ഷകരെ ഇതു ബാധിച്ചിട്ടുണ്ട്.
ജൂലൈ മൂന്നു മുതല്‍ ആറു വരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ 31 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴഞ്ചേരിയില്‍ മൂന്നും അടൂരില്‍ 10ഉം കോന്നിയില്‍ ഏഴും റാന്നിയില്‍ അഞ്ചും മല്ലപ്പള്ളിയില്‍ രണ്ടും തിരുവല്ലയില്‍ നാലും വീടുകളാണ് ഭാഗികമായി തകര്‍ന്നത്.

error: Content is protected !!