konnivartha.com: കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം – പമ്പ നദിയിലെ മാടമൺ സ്റ്റേഷൻ, മണിമല നദിയിലെ കല്ലൂപ്പാറ, മീനച്ചിൽ നദിയിലെ കിടങ്ങൂർ സ്റ്റേഷൻ, കുറ്റിയാടി നദിയിലെ കുറ്റിയാടി സ്റ്റേഷൻ, മണിമല നദിയിലെ പുല്ലാക്കയർ സ്റ്റേഷനുകൾ, അച്ചൻകോവിൽ നദിയിലെ തുമ്പമൺ സ്റ്റേഷൻ, പമ്പ നദിയിലെ മലക്കര സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര ജല കമ്മീഷൻ (CWC) നൽകിയിട്ടുണ്ട്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
എന്നാൽ മണിമലയിലും പമ്പയിലും കഴിഞ്ഞ മണിക്കൂറുകളിൽ ജലനിരപ്പ് സ്ഥായിയായി തുടരുന്നത് ആശ്വാസകരമാണ്. സുരക്ഷിതരായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുടുംബാംഗങ്ങൾ മാറി താമസിക്കുകയാണ്. ഇന്ന് ജില്ലയിൽ മഞ്ഞ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കക്കി, പമ്പാ അണക്കെട്ടുകളിൽ സംഭരണശേഷി തൃപ്തികരമായ തോതിൽ ഉണ്ട് .
പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് പതിനെട്ടു ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണും, വനത്തിൽ നിന്നും കൂറ്റൻ തടികൾ ഒഴുകി എത്തിയും നദികൾ, പാലങ്ങൾ, റോഡുകൾ എന്നിവിടങ്ങളിൽ തടസ്സം സൃഷ്ടിക്കപ്പെടുന്ന സ്ഥിതി ഉണ്ടായി. ദുരന്തനിവാരണ പ്രവൃത്തികളുടെ ഭാഗമായി ഫയർ ഫോഴ്സ് സേനയുടെ ചടുലമായ പ്രവൃത്തികൾ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുവാൻ സഹായകരമായി
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
06-07-2023 :കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
06-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
06-07-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
07-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
08-07-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.