
konnivartha.com/പത്തനംതിട്ട : ഓൺലൈൻ സാധനങ്ങൾ വിതരണം ചെയ്യുന്നതിന്റെ മറവിൽ ലഹരിവസ്തുക്കൾ വിൽക്കുന്ന സംഘത്തിലെ 3 യുവാക്കളെ പോലീസ് പിടികൂടി.
ഇവരിൽ നിന്നും 1.65 ഗ്രാം എംഡിഎംഎ – യും 4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 12 പാക്കറ്റുകളായിട്ടാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പാക്കറ്റ് ഒന്നിന് 3000 രൂപ നിരക്കിലാണ് പ്രതികൾ വിൽപന നടത്തി വന്നത്.
36000 രൂപയോളം വില വരും ഇതിന്. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡും ആറന്മുള പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ കാരംവേലി സ്കൂളിന് സമീപത്തുനിന്നും യുവാക്കൾ കുടുങ്ങിയത്. കോഴഞ്ചേരി തെക്കേമല തുണ്ടാഴം ജയേഷ് ഭവനിൽ ജയചന്ദ്രന്റെ മകൻ ജയേഷ് (23), പാലക്കാട് കൈരാടി വടക്കൻ ചിറ ഇടശ്ശേരി വീട്ടിൽ
സജുവിന്റെ മകൻ ജിജു സജു (26), കോഴഞ്ചേരി മേലുകര മാത്യു ജോണിന്റെ മകൻ നവീൻ ജോൺ മാത്യു (24) എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാ രന്റെ മേൽനോട്ടത്തിൽ സ്പെഷ്യൽ സ്‌ക്വാഡും, ആറന്മുള പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് അറസ്റ്റ്.
കോഴഞ്ചേരിയിലും പരിസരങ്ങളിലും മദ്യ മയക്കുമരുന്നുകളുടെ കൈമാറ്റവും വിൽപ്പനയും വ്യാപകമാകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇപ്പോൾ പിടിയിലായവരടങ്ങിയ യുവാക്കളുടെ സംഘമാണ് പിന്നിലെന്ന് സൂചനയും ലഭിച്ചിരുന്നു.
ഓൺലൈൻ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിന്റെ മറവിലായിരുന്നു ലഹരി വില്പന നടത്തിവന്നത്. ജിജുവും നവീനും ഒരു ഓൺലൈൻ കമ്പനിയിലെ ജീവനക്കാരാണ്. മൂന്നുപേരും ചേർന്നാണ് ലഹരിവിൽപ്പന നടത്തിവന്നത്. കൂടുതൽ ആളുകൾ ഇവരുടെ സംഘത്തിലുള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ ജില്ലാ പോലീസ് മേധാവി
നിർദേശം നൽകി.ആറന്മുള പോലീസ് ഇൻസ്‌പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ എസ് ഐ അലോഷ്യസ് അലക്സാണ്ടർ, എ എസ് ഐ അജി, സി പി ഓമാരായ ഉമേഷ് ടി നായർ, തിലകൻ, രാജഗോപാൽ, സുനിൽ എന്നിവരാണ് ഉണ്ടായിരുന്നത്.