Trending Now

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) അന്തരിച്ചു:ഇന്ന് പൊതു അവധി

Spread the love

 

konnivartha.com: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു.ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പൊതു അവധിയാണ്.

ഇന്ന് സംസ്ഥാനത്തെ റേഷൻകടകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ബാങ്കുകൾക്കും അവധിയാണ്. കെഎസ്ഇബിയുടെ ഓഫിസുകൾക്കും ഇന്ന് അവധിയായിരിക്കും.

സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.. ഇന്ന് നടത്താനിരുന്ന ഡിഗ്രി അഡ്മിഷൻ നാളത്തേക്ക് മാറ്റി. കാലിക്കറ്റ് സർവ്വകലാശാല ഇന്ന് നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും 22.07.2023 ലേക്ക് മാറ്റി. പരീക്ഷ സമയത്തിൽ മാറ്റമില്ല. ഇന്നത്തെ (ജൂലൈ 18 ) മൂല്യനിർണയ ക്യാമ്പുകൾക്ക് അവധി പ്രഖ്യാപിച്ചു. എം ജി സർവ്വകലാശാലയും സാങ്കേതിക സർവകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. എന്നാൽ ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.

അഭിമുഖം മാറ്റി
ആറന്മുള എഞ്ചിനീയറിംഗ് കോളജിൽ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്ന് ( 18 ) നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 20 ലേക്ക് മാറ്റി. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 20 ന് രാവിലെ 10 ന് അഭിമുഖത്തിന് കോളജിൽ എത്തണം. ഫോൺ: 9446382096, 9846399026.

ഇൻ്റർവ്യൂ മാറ്റി വച്ചു

സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഇന്ന് (ജൂലൈ 18, ചൊവ്വ ) എസ്എസ്കെ പത്തനംതിട്ട ജില്ലാ കാര്യാലയത്തിൽ വച്ച് നടത്താനിരുന്ന അക്കൗണ്ടൻ്റിൻ്റെ വാക്ക് ഇൻ ഇൻ്റർവ്യൂ നാളത്തേക്ക് മാറ്റിവച്ചു.

യോഗം മാറ്റിവച്ചു
ആറന്മുള വളളസദ്യ വഴിപാടുകള്‍, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വളളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്ന് (ജൂലൈ 18 ) പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന യോഗം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമാണ് ഉമ്മൻ ചാണ്ടി (ജനനം:31 ഒക്ടോബർ,1943). 2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.മികച്ച സംഘാടകനും നേതാവുമാണ് ഉമ്മൻ ചാണ്ടി. പ്രശ്നങ്ങളിൽ അതിവേഗം തീർപ്പുണ്ടാക്കുക എന്നത് അദ്ദേഹത്തിൻ്റെ രീതിയാണ്.

സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി.

1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി

1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി.

1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി.കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ കേരളത്തിൻ്റെ വികസനത്തിൽ ഉമ്മൻ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1991-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചിലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനതാവളങ്ങളിൽ നിന്നും ആരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. വല്ലാർപാടം കണ്ടയ്നർ ടെർമിനലിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും അദ്ദേഹത്തിൻ്റെ പ്രയത്നഫലം കൊണ്ടാണ്. കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിൻ്റെ സംഭാവനകളാണ്.

2006 ജനുവരിയിൽ സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന 35-മത് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഒരു റെക്കോർഡിനും അർഹനായി ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇതിൽ സംബന്ധിക്കുന്നത്.

1970-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആയിരുന്ന ഇ.എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ പുതുപ്പള്ളിയിൽ നിന്നു തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977-ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.

എൺപതുകളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിൽ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബല നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടു വർഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന മുന്നണി വിട്ട് പ്രവർത്തിച്ചു. 1982-ൽ ഇടതു മുന്നണി വിട്ട് എ.കെ. ആൻ്റണിക്കൊപ്പം കോൺഗ്രസിൽ മടങ്ങി എത്തിയ ഇദ്ദേഹം നിയമസഭാ കക്ഷി ഉപനേതാവായി. തുടർന്ന് കുറെ വർഷങ്ങൾ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ ഇദ്ദേഹം യു.ഡി.എഫ്. കൺവീനറായും (1982-86) പ്രവർത്തിച്ചിട്ടുണ്ട്. 1991-ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പാർട്ടിക്കുള്ളിൽ കരുണാകരൻ-ആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരി തിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994-ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജി വെച്ചു

2004-ൽ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ജനസമ്പർക്കം എന്ന ഒരു പരാതി പരിഹരണ മാർഗ്ഗം ഉമ്മൻ ചാണ്ടി നടപ്പിൽ വരുത്തി. ഓരോ സ്ഥലങ്ങളിൽ വിളിച്ചു ചേർക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ ഭേദമെന്യെ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗ്ഗം ഉണ്ടാക്കുവാൻ ഇദ്ദേഹം അക്ഷീണം പരിശ്രമിച്ചു. മുഖ്യമന്ത്രിയായിരുന്ന 2004-2006, 2011-2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി. പ്രതിപക്ഷം ഇതിനെ രൂക്ഷമായി എതിർത്തു എങ്കിലും ജനസമ്പർക്ക പരിപാടിയിലൂടെ അദ്ദേഹം ജനകീയനായ മുഖ്യമന്ത്രിയായി സാധാരണക്കാരായ ജനങ്ങളുടെ മനസിൽ ഇടം നേടി

ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ്

പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളെ കോർത്തിണക്കിയെഴുതിയ പുസ്തകമാണ് “കുഞ്ഞൂഞ്ഞ് കഥകൾ – അല്പം കാര്യങ്ങളും”. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

 

മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

 

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖവും രേഖപ്പെടുത്തി.

അദ്ദേഹവുമായുള്ള വിവിധ ആശയവിനിമയങ്ങളും ശ്രീ മോദി അനുസ്മരിച്ചു, പ്രത്യേകിച്ചും ഇരുവരും അവരവരുടെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോൾ.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

ശ്രീ ഉമ്മൻചാണ്ടി ജിയുടെ നിര്യാണത്തിൽ, പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച എളിമയും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹവുമായുള്ള എന്റെ വിവിധ ഇടപഴകലുകൾ ഞാൻ ഓർക്കുന്നു, പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴും. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമാണ് . അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.

താരതമ്യമില്ലാത്ത ജനകീയ നേതാവെന്ന് ഗവർണർ

താരതമ്യമില്ലാത്ത ജനങ്ങളുടെ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പുതുപ്പള്ളി എന്ന ഒരേ നിയോജക മണ്ഡലത്തിൽ നിന്ന് 53 വർഷം നിയമസഭാ സാമാജികനാകുക എന്ന റെക്കാർഡിന് ഉടമായായിരുന്നു അദ്ദേഹം. ഇത് ഉമ്മൻചാണ്ടിയിൽ ജനങ്ങൾ അർപ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിനുമുള്ള തെളിവാണ്.

രണ്ട് തവണ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹം നയിച്ച സർക്കാർ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങളോട് കാരുണ്യപൂർവം പ്രതികരിച്ചു. ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയെ വന്ന് കാണാമായിരുന്നു. കാരുണ്യവും അലിവും ഒത്തുചേർന്ന നേതൃത്വമായിരുന്നു ഉമ്മൻചാണ്ടിക്ക്. കേരളത്തിൽ നിന്നുണ്ടായ പ്രഗൽഭരായ പൊതുജന സേവകരിൽ ഒരാളാണ് ഉമ്മൻചാണ്ടി. എല്ലാവർക്കും, പ്രത്യേകിച്ച് സാമൂഹ്യ വിഷയങ്ങളിൽ തൽപ്പരരായ യുവജനങ്ങൾക്ക് മാതൃകയാക്കാവുന്ന മികച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

ഉമ്മൻചാണ്ടിയുടെ വേർപാടിന്റെ മുഹൂർത്തത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഗവർണർ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്.

1970 ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും – കെ കരുണാകരനും എ കെ ആന്റണിയുമടക്കം – പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.

എഴുപതുകളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റാർക്കും ലഭ്യമാവാത്ത ചുമതലകൾ തുടർച്ചയായി ഉമ്മൻ ചാണ്ടിയെ തേടിയെത്തി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു.

ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതൽക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടി ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിർണ്ണയ കാര്യങ്ങളിലടക്കം നിർണായകമാം വിധം ഇടപെട്ടിട്ടുണ്ട് ഉമ്മൻചാണ്ടി.

കെ.എസ്.യു. വിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മൻചാണ്ടി സംസ്ഥാനതല കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻചാണ്ടിയുടെ ഈ ആത്മാർത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിടവാങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ സന്തപ്ത കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും യു.ഡി. എഫിന്റെയും പ്രിയപ്പെട്ട എല്ലാവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു, മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

error: Content is protected !!