
അടൂര്‍ മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍
konnivartha.com: അടൂര്‍ മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പട്ടയമിഷന്‍ പദ്ധതിയുടെ ഭാഗമായി പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചേര്‍ന്ന അടൂര്‍ മണ്ഡലതല പട്ടയ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പട്ടയ മിഷന്‍ എന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് അടൂരില്‍ പട്ടയ അസംബ്ലി ചേര്‍ന്നത്. ആര്‍ഡിഒ തുളസീധരന്‍ പിള്ള, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍, എല്‍ആര്‍ തഹസില്‍ദാര്‍ മുംതാസ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ ഹരീന്ദ്രനാഥ്, സജീവ്, മറ്റ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ അംഗങ്ങളും അതിന്റെ നോഡല്‍ ഓഫീസറായി ആര്‍ഡിഒയും അടങ്ങുന്നതാണ് പട്ടയ അസംബ്ലി. പട്ടയ സംബന്ധമായ പരമാവധി പ്രശ്‌നങ്ങള്‍ പട്ടയ അസംബ്ലിയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
തീരുമാനങ്ങള്‍
ഓഗസ്റ്റ് നാലിന് മുന്‍പായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേകമായി പട്ടയപ്രശ്‌നങ്ങള്‍ക്കായി യോഗം വിളിച്ചുചേര്‍ക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമ്മാരെ ചുമതലപ്പെടുത്തി
പട്ടയ അസംബ്ലിയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം മുപ്പതിന് മുന്‍പ് വില്ലേജ് ഓഫീസര്‍മാരുടെ യോഗം നോഡല്‍ ഓഫീസറായ ആര്‍ ഡി ഒ വിളിച്ചു ചേര്‍ത്ത് വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി തീരുമാനമെടുക്കുന്നതിനും നിര്‍ദേശം നല്‍കി.
ഓഗസ്റ്റ് നാലിന് വീണ്ടും പട്ടയ അസംബ്ലി ചേരുന്നതിനും അതിന് മുന്‍പായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വില്ലേജ് ഓഫീസര്‍മാരുടെയും യോഗത്തില്‍ എടുക്കുന്ന തീരുമാനം ചര്‍ച്ച ചെയ്ത് നാലാം തീയതി ചേരുന്ന പട്ടയ അസംബ്ലിയില്‍ തീരുമാനമെടുക്കാനും നിര്‍ദേശം നല്‍കി.
ഇങ്ങനെ ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവ താലൂക്ക് തലത്തില്‍ പരിഹരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
താലൂക്ക് തലത്തില്‍ പരിഹരിക്കാന്‍ സാധിക്കാത്ത പട്ടയ പ്രശ്‌നങ്ങള്‍ ജില്ലാതലത്തില്‍ പരിഹരിക്കും. ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തി പരിഹരിക്കുന്നതിനും പുരോഗതി ആറുമാസത്തിനുള്ളില്‍ അവലോകനം ചെയ്യുന്നതിനും തീരുമാനിച്ചു.