Trending Now

വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തിൽ നഷ്ട പരിഹാരം നൽകും : കെഎസ്ഇബി

Spread the love

 

konnivartha.com: മൂവാറ്റുപുഴ പുതുപ്പാടിയിൽ വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് ഉചിതമായ നഷ്ട പരിഹാരം നൽകുമെന്ന് കെഎസ്ഇബി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് നഷ്ടപരിഹാരം തീരുമാനിക്കും. കെഎസ്ഇബി വിഭാഗം ഡയറക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകും. എന്നാൽ മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി കൃഷ്ണന്‍കുട്ടിയുടെ കുറിപ്പ്:

ഇടുക്കി – കോതമംഗലം 220 കെ വി ലൈനിനു കീഴിലുള്ള വാരപ്പെട്ടിയിലാണ് കെ എസ് ഇ ബി ജീവനക്കാര്‍ വാഴകള്‍ വെട്ടി മാറ്റിയതായി പരാതി വന്നിട്ടുള്ളത്. പ്രസ്തുത പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്ററോട് മേല്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രസ്തുത 220 കെ വി ലൈനിന് കീഴില്‍ പരാതിക്കാരന്‍ വാഴകള്‍ നട്ടിരുന്നു എന്നും, അവ ലൈനിന് സമീപം വരെ വളര്‍ന്നിരുന്നു എന്നും പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കുന്നു. ഈ മാസം നാലാം തീയതി 12.56 ന് മൂലമറ്റം നിലയത്തില്‍ നിന്നുള്ള പ്രസ്തുത ലൈന്‍ തകരാരിലാകുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിക്കാരന്റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്തു എന്നും മനസ്സിലാക്കുന്നു. കെ എസ് ഇ ബി എല്‍ ജീവനക്കാര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍, സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതി ഷോക്ക് ഏറ്റതായും മനസ്സിലാക്കി.

 

വൈകുന്നേരം ഇടുക്കി – കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്.

 

അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായത്. എന്നാല്‍, മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

error: Content is protected !!