Trending Now

ലൈംഗിക പീഡനശ്രമം:പിടിയിലായത് കോന്നി സ്‌റ്റേഷനിലെ സിപിഓ ഷെമീറും ഐജി ഓഫീസിലെ സതീഷും

Spread the love

 

konnivartha.com: ബസില്‍ ലൈംഗിക പീഡനശ്രമം: പൊലീസുകാരനും ഐജി ഓഫീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനും അറസ്റ്റില്‍: രണ്ടു സംഭവവും അടൂര്‍ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍: പിടിയിലായത് കോന്നി സ്‌റ്റേഷനിലെ സിപിഓ ഷെമീറും ഐജി ഓഫീസിലെ സതീഷും

konnivartha.com/അടൂര്‍: ബസിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ ഒന്നിന് പിറകെ ഒന്നായി പൊലീസുകാരനും ഐജി ഓഫീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനും അറസ്റ്റില്‍. കോന്നി പൊലീസ് സ്‌റ്റേഷനിലെ സിപിഓ പിറവന്തൂര്‍ ചെമ്പനരുവി നെടുമുരുപ്പേല്‍ ഷെമീര്‍ (39), ഇടുക്കി കാഞ്ചിയാര്‍ നേര്യംപാറ അറയ്ക്കല്‍ വീട്ടില്‍ എ.എസ്. സതീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. സതീഷ് എക്കണോമിക്‌സ് ഒഫന്‍സ് വിങ് ഐജിയുടെ കാര്യാലയത്തില്‍ നിന്നും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി (ട്രെയിനിങ്) ഓഫീസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റായി അറ്റാച്ച് ഡ്യൂട്ടി ചെയ്തു വരികയാണ്.

സതീഷ് ആണ് ആദ്യം അറസ്റ്റിലായത്. രാവിലെ 11 മണിയോടെ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ മിത്രപുരത്ത് വച്ചാണ് പീഡനശ്രമം നടന്നത്. യാത്രക്കാരി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ബസില്‍ തന്നെ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

ഉച്ചയ്ക്ക് ഒന്നിനാണ് രണ്ടാമത്തെ സംഭവം. പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ മുന്നിലെ സീറ്റിലിരുന്ന യുവതിയെ ഷെമീര്‍ കടന്നു പിടിച്ചുവെന്നാണ് കേസ്. താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അറിയാതെ യുവതിയുടെ ശരീരത്ത് സ്പര്‍ശിച്ചുവെന്നാണ് ഷെമീറിന്റെ വാദം. ഇതേ ബസില്‍ ഉണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ഷെമീറിനെ കൈയേറ്റം ചെയ്തതായും പറയുന്നു. യുവതിയുടെ മൊഴിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഷെമീറിനെ അറസ്റ്റ് ചെയ്തു. ഇതിന് ശേഷം പരാതി ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. രണ്ടു പേര്‍ക്കുമെതിരേ നടപടിക്ക് സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന കോട്ടയം എസ് പി കാര്‍ത്തിക് ഇതു സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ട്.

error: Content is protected !!