Trending Now

റാന്നിയിലെ 3 പഞ്ചായത്തുകളുടെ സമ്പൂർണ്ണ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം 22ന്

Spread the love

 

konnivartha.com: റാന്നി നിയോജക മണ്ഡലത്തിലെ 3 പഞ്ചായത്തുകളുടെ സമ്പൂർണ്ണ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം 22ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. കൊറ്റനാട്, വടശ്ശേരിക്കര, നാറാണംമൂഴി എന്നിവിടങ്ങളിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത് . അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനാകും.

 

ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ നടപ്പാക്കുന്നതോടെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനാകും. ഈ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ഇതോടെ ശാശ്വത പരിഹാരമാകും. കേരള വാട്ടർ അതോറിറ്റിയും അടൂർ പ്രൊജക്റ്റ് ഡിവിഷനുമാണ് പ്രവൃത്തികൾ നടപ്പാക്കുന്നത്.

.നാറാണംമൂഴി പഞ്ചായത്തിൽ ജലവിതരണത്തിനായി ആകെ ചിലവഴിക്കുന്ന തുക 24.5 കോടി രൂപയാണ്.2898 കുടുംബങ്ങൾക്കാണ് ഇതു വഴി പുതിയ കണക്ഷൻ ലഭിക്കുക. പെരുനാട് – അത്തിക്കയം പദ്ധതി,അടിച്ചിപ്പുഴ പദ്ധതി, പെരുന്തേനരുവി പദ്ധതി എന്നിവ വഴിയാണ് ജലവിതരണം സാധ്യമാക്കുക.

വടശ്ശേരിക്കര പഞ്ചായത്തിൽ ആകെ 60.5 കോടി രൂപയാണ് ചിലവഴിക്കുക. 3925 കുടുംബങ്ങൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. മണിയാർ ഡാമിൽ നിന്നും വെള്ളമെടുത്തുള്ള പുതിയ പദ്ധതി, ചമ്പോൺ പദ്ധതി, റാന്നി മേജർ കുടിവെള്ള പദ്ധതി, അടിച്ചിപ്പുഴ പദ്ധതി എന്നിവിടങ്ങളിൽ നിന്നാണ് ജലലഭ്യത ഉറപ്പാക്കുക.

നിലവിൽ കുടിവെള്ള പദ്ധതികൾ ഒന്നുമില്ലാത്ത കൊറ്റനാട് പുതിയ പദ്ധതിയായ അങ്ങാടി – കൊറ്റനാട് കുടിവെള്ള പദ്ധതി വഴിയാണ് ജല ലഭ്യത ഉറപ്പാക്കുക. ഒന്നാംഘട്ടമായി 50.50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.4706 കുടുംബങ്ങൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും.

കൊറ്റനാട് പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10 ന് കൊറ്റനാട് ട്രിനിറ്റി മാർത്തോമ ഹാളിലും വടശ്ശേരിക്കരയിലേത് രാവിലെ 11ന് ചെറുകാവ് ദേവീക്ഷേത്രത്തിന് സമീപവും നാറാണംമുഴിയിലേത് പകൽ 12ന് അത്തിക്കയത്തും നടക്കും.

error: Content is protected !!