
konnivartha.com: ലഹരിക്കടിമപ്പെടാതെ യുവജനങ്ങളുടെ കഴിവുകളേയും അഭിരുചികളേയും ഉണർത്തുകയാണ് ലക്ഷ്യമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ജണ്ടായിക്കൽ നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.ജീവിതത്തിൻ്റെ യഥാർഥ ലഹരിയിലേക്ക് യുവജനതയെ കൊണ്ടുവരികയാണ് ലക്ഷ്യം.കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് ജണ്ടായിക്കൽ സ്റ്റേഡിയം നവീകരിച്ചത്.
ഗ്രാമീണ മേഖലയിൽ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും കളിക്കളത്തിൽ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന. ആധുനിക പരിശീലന സൗകര്യങ്ങൾ ഒരുക്കി ഉന്നത നിലവാരമുള്ള കായിക താരങ്ങളെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യം.റീട്ടെയിനിംഗ് വാൾ നിർമാണം, ടോയ് ലറ്റ്, ഡ്രൈനേജ് സംവിധാനം, മഡ് മൾട്ടിപർപ്പസ് കോർട്ട് നിർമാണം, ലൈറ്റിംഗ്, ചെയിൻ ലിങ്ക് ഫെൻസിംഗ്, റേറ്റ്, ഗ്രൗണ്ട് പ്രൊട്ടക്ഷൻ തുടങ്ങിയവയാണ് നവീകരണ പദ്ധതിയിൽ പൂർത്തിയാക്കിയതെന്നും എംഎൽഎ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിത അനിൽകുമാർ,അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ഷൈനി രാജീവ്, സാബു പാരുമല, അജിത്ത് ഏണസ്റ്റ്, ബ്രില്ലി ബോബി എബ്രഹാം, സി പി ഐ എം പ്രതിനിധി കെ.കെ.സുരേന്ദ്രൻ, കേരളാ കോൺഗ്രസ് എം പ്രതിനിധി ആലിച്ചൻ ആറൊന്നിൽ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.