Trending Now

ചന്ദ്രനില്‍ പ്രഗാൻ റോവർ 100 മീറ്ററിലധികം സഞ്ചരിച്ചു: പരീക്ഷണം തുടരുന്നു

Spread the love

 

konnivartha.com: ചാന്ദ്രയാന്‍ മിഷന്‍റെ ഭാഗമായുള്ള ഇന്ത്യയുടെ പ്രഗാൻ റോവർ ഇതിനോടകം 100 മീറ്ററിലധികം സഞ്ചരിച്ചു എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു . പരീക്ഷണങ്ങള്‍ തുടരുകയാണ് . വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ആണ് വിവിധ പരീക്ഷങ്ങള്‍ നടത്തുന്നത് .ഫലം ഉടനടി ഐ എസ് ആര്‍ ഒ യിലേക്ക് അയക്കുന്നു .

 

ലാൻഡറിൽനിന്ന് ഒരു കിലോമീറ്റർ വരെ ചുറ്റളവിലാണ് റോവർ സഞ്ചരിക്കുക.ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്നീ ശാസ്ത്രീയ ഉപകരണങ്ങൾ റോവറിലുണ്ട്.ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുക.മഗ്ന‍ീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ്സ് പഠിക്കും.

സ്വയം വിലയിരുത്തിയതും റോവറിൽ നിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളൂരു ബയലാലുവിലെ ഡീപ് സ്പേസ് നെറ്റ്‍വർക്ക് ആന്റിനകളിലേക്ക് ആണ് കൈമാറുന്നത് . ഈ വിവരങ്ങള്‍ ബെംഗളൂരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യുന്നു .നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്.

 

റോവറും ലാൻഡറും 2 ആഴ്ച ചന്ദ്രനിൽ പ്രവർത്തിക്കും. ഭൂമിയിലെ 14 ദിവസം നീണ്ടതാണ് ചന്ദ്രനിലെ ഒരു പകൽ. അതിനു ശേഷം 14 ദിവസം നീളുന്ന രാത്രി വരും. അപ്പോൾ സൗരോർജം ലഭിക്കാതാകുന്നതോടെ ലാൻഡറും റോവറും പ്രവർത്തനരഹിതമാകും. എന്നാൽ വീണ്ടും പകൽ തുടങ്ങുമ്പോൾ ഇവ ഒരിക്കൽകൂടി പ്രവർത്തിക്കാനുള്ള വിദൂര സാധ്യത ഐ എസ് ആര്‍ ഒ കാണുന്നുണ്ട് . അങ്ങനെ ലഭ്യമായാല്‍ വീണ്ടും പരീക്ഷണം നടക്കും . ദിവസങ്ങള്‍ക്ക് ഉള്ളില്‍ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ ആണ് പദ്ധതി . കിട്ടിയ വിവരങ്ങള്‍ എല്ലാം വെച്ചു നോക്കുമ്പോള്‍ വലിയ അളവില്‍ ചന്ദ്രനില്‍ ധാതു നിക്ഷേപം ഉണ്ടെന്ന് അനുമാനിക്കാം

error: Content is protected !!