Trending Now

ബിഷപ്പുമാരുടെ സ്ഥാനാഭിഷേക ചടങ്ങ്; ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

Spread the love

 

മലങ്കര മര്‍ത്തോമ സുറിയാനി സഭയിലെ മൂന്നു ബിഷപ്പുമാരുടെ സ്ഥാനാഭിഷേക ചടങ്ങ് ഡിസംബര്‍ രണ്ടിന് തിരുവല്ല എസ് സി എസ് ക്യാമ്പസില്‍ നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ക്കു തീരുമാനമായതായി കളക്ടര്‍ എ. ഷിബു അറിയിച്ചു. ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്താനായി തിരുവല്ല മാര്‍ത്തോമ സഭ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്തലിന്റെ പുറത്ത് മഫ്ത്തിയിലും പന്തലിലേക്കുള്ള പ്രവേശന കവാടത്തിലും പോലീസിന്റെ സേവനം ഉണ്ടായിരിക്കും. സുരക്ഷ ഉറപ്പാക്കാനായി സമ്മേളനസ്ഥലത്തെ പന്തലിന്റെ ഘടന പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രോണിക് വിഭാഗം എന്നിവര്‍ പരിശോധിച്ചു സര്‍ട്ടിഫൈ ചെയ്യും. തിരുവല്ല നഗരസഭ പാര്‍ക്കിംഗ് ക്രമീകരിക്കും. വാട്ടര്‍ അഥോറിറ്റി പൈപ്പ് ലൈനിലൂടെ മുടങ്ങാതെ ജലവിതരണം നടത്തും. കെഎസ്ഈബി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പുവരുത്തും. കോഴഞ്ചേരി, ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും സമ്മേളനഗരിയില്‍ രാവിലെ എഴിനു ആളുകള്‍ക്ക് എത്താന്‍ കഴിയുംവിധം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ക്രമീകരിക്കും. ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റ് സമ്മേളനസ്ഥലത്ത് സജ്ജമാക്കും.

യോഗത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ, തോമസ് കെ തോമസ് എംഎല്‍എ, ജില്ലാ പോലീസ് മേധാവി വി അജിത്, തിരുവല്ല ഡിവൈഎസ്പി എസ് അര്‍ഷാദ്, തിരുവല്ല തഹസില്‍ദാര്‍ പി എ സുനില്‍, ജില്ലാ ടിബി ഓഫീസര്‍ ഡോ.നിരണ്‍ ബാബു, ഫയര്‍ ഓഫീസര്‍ എം കെ ശംഭു നമ്പൂതിരി, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിഷ്ണു, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എ. അബ്ദുല്‍ നിഷാര്‍, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നൈനാന്‍ സി മാത്യൂസ്, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ആര്‍. രഞ്ജിത്ത് കൃഷ്ണന്‍, സഭ സെക്രട്ടറി റവ. എബി ടി മാമ്മന്‍, സഭ ഭാരവാഹികളായ റവ. സുബിന്‍ സാം മാമ്മന്‍, റവ. അനി അലക്‌സ് കുര്യന്‍, വര്‍ഗ്ഗീസ് ടി മങ്ങാട് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!