Trending Now

കേരഗ്രാമം പദ്ധതി ആരംഭിച്ചു

Spread the love

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെയും കേരരക്ഷാ വാരത്തിന്റെയും ഉദ്ഘാടനം കാവുങ്കല്‍ ജംഗ്ഷനില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല നിര്‍വഹിച്ചു.

നാളികേര ഉത്പാദനം ശാസ്ത്രീയമായി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കായ്ഫലമുള്ള കുറഞ്ഞത് 10 തെങ്ങുള്ള കേരകര്‍ഷകര്‍ക്കു  തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്ന ഗ്രൂപ്പിന്റെ സഹായത്തോടെ  പദ്ധതി ആനുകൂല്യം ലഭ്യമാകും. തെങ്ങിന്റെമണ്ട വൃത്തിയാക്കി തേങ്ങയിട്ടു നല്‍കല്‍, തെങ്ങുകള്‍ക്കു രോഗ, കീട നിയന്ത്രണത്തിനായുള്ള മരുന്നു തളിയ്ക്കല്‍, തെങ്ങിന്‍തടം വൃത്തിയാക്കല്‍,തെങ്ങിന്‍തടത്തില്‍ പയര്‍ വിത്തുവിതയ്ക്കല്‍, കേടു വന്ന തെങ്ങ് വെട്ടിമാറ്റി നല്‍കല്‍, തെങ്ങിന്‍ തൈ വിതരണം/തൈ നട്ടു നല്‍കല്‍, തെങ്ങിനു സുക്ഷ്മ മൂലക വളപ്രയോഗം, തുടങ്ങിയ സേവനങ്ങള്‍ ചങ്ങാതിക്കൂട്ടം വഴി ലഭിക്കുന്നു.

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവനും  കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ തെങ്ങിന്‍തടത്തില്‍ പയര്‍വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം  വൈസ് പ്രസിഡന്റ് സാലി ജേക്കബും തെങ്ങിന്‍ തൈ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യുവും നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ എല്‍സ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്. രാജീവ്, ജിജി ജോണ്‍ മാത്യു,  ഇരവിപേരൂര്‍ കൃഷി ഓഫീസര്‍ എന്‍ എസ് മഞ്ജുഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കേരകര്‍ഷകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!