Trending Now

തിരുവാഭരണഘോഷയാത്ര; ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം – ജില്ലാ കളക്ടര്‍

Spread the love

 

 

konnivartha.com: തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ദേവസ്വം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഘോഷയാത്ര കടന്നുപോകുന്ന കാനന പാതകള്‍ തെളിയിക്കുന്ന ജോലികള്‍ ജനുവരി 10 നകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഘോഷയാത്രാ പാതയിലും സന്നിധാനത്തും പൊലീസ് ടീമിനെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. ഘോഷയാത്ര ദിവസം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള പ്രത്യേക പോലീസ് ടീമിനെ നിയോഗിക്കും. ഘോഷയാത്രയ്ക്ക് അകമ്പടിയായി എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉള്‍പ്പടെയുള്ള ടീമിനെ സജ്ജമാക്കും.

പന്തളം ഭാഗത്ത് ആവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഘോഷയാത്ര കടന്നു പോകുന്ന പാതകളില്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്ന സ്ഥലങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു.

യോഗത്തില്‍ പോലീസ്, ആരോഗ്യം, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. ആംബുലന്‍സോടു കൂടിയ പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യ വകുപ്പ് സജ്ജമാക്കും. ഘോഷയാത്രയോടൊപ്പം എലിഫന്റ് സ്‌ക്വഡിനെ വനംവകുപ്പ് നിയോഗിക്കും.

ഇടത്താവളങ്ങളില്‍ ആവശ്യമായ കുടിവെള്ള വിതരണത്തിനുള്ള സൗകര്യവും താത്കാലിക ശൗചാലയങ്ങളും ഒരുക്കും. ളാഹ, വടശ്ശേരിക്കര എന്നിവിടങ്ങളിലെ സത്രങ്ങളില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു.

കുളിക്കടവുകളില്‍ ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചതായും പിഡബ്ല്യുഡി റോഡുകള്‍ വൃത്തിയാക്കിയതായും താത്കാലിക പാലം, തെരുവ് വിളക്കുകള്‍ എന്നിവയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായും വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 13നു പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്.

ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ടി. ജി. ഗോപകുമാര്‍, അടൂര്‍ ആര്‍ ഡി ഒ എ.തുളസീധരന്‍ പിള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിത കുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പന്തളം കൊട്ടാര പ്രതിനിധി ശശി കുമാര വര്‍മ, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!