Trending Now

സാമൂഹിക ശുചിത്വം വ്യക്തിജീവിതത്തിന്റെ ഭാഗമാക്കണം: ജില്ലാ കളക്ടര്‍

Spread the love

 

സാമൂഹിക ശുചിത്വം വ്യക്തിജീവിതത്തിന്റെ ഭാഗമാക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ അഴകേറും കേരളം ശുചീകരണയജ്ഞം എനാത്ത് ടൗണില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുചിയാക്കിയ സ്ഥലങ്ങള്‍ ശുചിയായി തന്നെ സൂക്ഷിക്കുന്നതിന് നാം മുന്‍കൈയ്യെടുക്കണം. മുന്‍കാലങ്ങളില്‍ നിന്ന് വ്യതസ്തമായി സ്ഥലപരിമിതി ഏറെയുള്ളത് മാലിന്യസംസ്‌കരണത്തെ ബാധിച്ചിട്ടുണ്ട്. ഓരോ കുടുംബങ്ങളിലെയും മാലിന്യം സമൂഹത്തിനു ദോഷമുണ്ടാക്കാത്ത വിധത്തില്‍ സ്വയം നിര്‍മ്മാര്‍ജ്ജനം ചെയ്ത് മാതൃകയാവണം. ഹോട്ടലുകളും മറ്റ് വ്യവസായ സ്ഥാനങ്ങളും ഹരിത പ്രോട്ടോകോള്‍ പാലിച്ചുള്ള മാലിന്യസംസ്‌കരണം കൃത്യമായി നടപ്പാക്കണം. ജില്ലയെ ശുചിയായി സൂക്ഷിക്കാന്‍ എല്ലാ പൗരന്മാരുടെയും പൂര്‍ണസഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം മാലിന്യമുക്തമാക്കുന്നതിന്റെ പ്രാധ്യാന്യം കണക്കിലെടുത്താണ് സാമൂഹിക സന്നദ്ധസേനാ വോളന്റിയര്‍മാരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അഴകേറും കേരളം ശുചീകരണ യജ്ഞം നടത്തുന്നത്. ഇതിന്റെ ആരംഭഘട്ടമായാണ് എല്ലാ ജില്ലകളിലും ഒരു ദിവസം കൊണ്ട് വൃത്തിയാക്കാന്‍ സാധിക്കുന്ന ഒരു സ്ഥലം ശുചിത്വമിഷന്റെ സഹായത്തോടെ തെരഞ്ഞെടുത്ത് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് സാമൂഹിക സന്നദ്ധസേനാ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി പരിപാലിക്കുന്നത്.

ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, അടൂര്‍ മാര്‍ ക്രിസ്റ്റോസ്റ്റം കോളജ് പ്രിന്‍സിപ്പള്‍ പ്രൊഫ ഇട്ടി ഐപ്പ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് പ്രകാശ്, അടൂര്‍ മേഖലയിലെ വിവിധ കോളജുകളില്‍ നിന്നുള്ള സാമൂഹിക സന്നദ്ധസേനാ വോളന്റിയര്‍മാര്‍, എന്‍എസ്എസ് വോളന്റിയര്‍മാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ യജ്ഞത്തില്‍ പങ്കാളികളായി

error: Content is protected !!