കോന്നി കല്ലേലി ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം

Spread the love

 

konnivartha.com: മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച കോന്നി കല്ലേലി ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിക്ക് എന്‍എബിഎച്ച് ( നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) അക്രഡിറ്റേഷന്‍ ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജില്‍ നിന്ന് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എന്‍ ബിന്ദു, മുന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗായത്രി, നിലവിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ ഡോ. സുധീന തുടങ്ങിയവര്‍ ചേര്‍ന്ന് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.

ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കുന്ന ദേശീയ ഏജന്‍സിയാണ് എന്‍ എ ബി എച്ച്. മാനദണ്ഡ അടിസ്ഥാനത്തില്‍ ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് കല്ലേലി ആയുര്‍വേദ ഡിസ്പെന്‍സറിക്ക് അംഗീകാരം ലഭിച്ചത്.

അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് എന്‍എബിഎച്ച് അംഗീകാരം നല്‍കിയത്.