പൗരത്വഭേദഗതി നിയമം നിലവിൽ വന്നു: വിജ്ഞാപനം പുറത്തിറങ്ങി

Spread the love

 

പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ഏഴ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. ഇതിനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായതായും ട്രയൽ റൺ നടക്കുന്നതായുമുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിം ലീഗ് ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.