Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/03/2024 )

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഡ്രോണ്‍ തുടങ്ങിയവ പറത്തിയാല്‍ കര്‍ശന നിയമനടപടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ചു ജില്ലാ പോലീസ് മേധാവി വി അജിത് ഉത്തരവായി.

ഇരു സ്റ്റേഡിയങ്ങളുടെയും മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയില്‍ ഡ്രോണുകള്‍, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഏറോമോഡലുകള്‍, പാരാഗ്ലൈഡറുകള്‍, പാരാ മോട്ടറുകള്‍, ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട് എയര്‍ ബലൂണുകള്‍, പട്ടങ്ങള്‍ തുടങ്ങിയവ പറത്തുന്നതിനാണ് നിരോധനം.  (വെള്ളി) രാത്രി 10 വരെയാണ് നിരോധനം. ലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
പ്രധാനമന്ത്രിയുടെ ജില്ലാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അടൂര്‍ ഭാഗത്തുനിന്നും ഓമല്ലൂര്‍ വഴി പത്തനംതിട്ടയ്ക്കു വരുന്ന വാഹനങ്ങള്‍ സന്തോഷ് ജംഗ്ഷനില്‍ ഇടത്തു തിരിഞ്ഞ് എജിടി ആഡിറ്റോറിയം ജംഗ്ഷനിലെത്തി വലത്തേക്ക് പുന്നലത്തുപടി സെന്റ് പീറ്റേഴ്സ് വഴി ടൗണില്‍ പ്രവേശിക്കണം.

പത്തനംതിട്ട നിന്നും അടൂര്‍ക്ക് പോകുന്ന ബസ് ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും താഴെ വെട്ടിപ്രം, മേലേ വെട്ടിപ്രം ജംഗ്ഷനുകള്‍ കടന്ന് സെന്റ് പീറ്റേഴ്സ് എത്തി സ്റ്റേഡിയം ജംഗ്ഷനിലൂടെ പോകേണ്ടതാണ്. പൂങ്കാവ് ഭാഗത്തേക്കുള്ള ബസ് ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും കുമ്പഴ മല്ലശ്ശേരി ജംഗ്ഷനിലൂടെ പോകണം. ഏഴംകുളം ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് എത്തുന്നവ വാഴമുട്ടം ജംഗ്ഷനില്‍ ഇടത്തേക്ക് തിരിഞ്ഞ് ഓമല്ലൂര്‍ വഴി സന്തോഷ് ജംഗ്ഷനിലെത്തി വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് എജിടി ഓഡിറ്റേറിയം ജംഗ്ഷനില്‍ വലത്തേക്ക് കടന്ന് പുന്നലത്തുപടി സെന്റ് പീറ്റേഴ്സ് വഴി ടൗണിലേക്ക് കടക്കണം.

പാര്‍ക്കിംഗ് സൗകര്യം
പ്രധാനമന്ത്രിയുടെ ജില്ലാ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് ഓഫീസിനു സമീപത്തുള്ള ശബരിമല ഇടത്താവളം, സെന്റ് പീറ്റേഴ്സ് ജംഗ്ഷന് അടുത്തുള്ള ജിയോ ഗ്രൗണ്ട്, മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനപാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

മനുഷ്യ-വന്യജീവി സംഘര്‍ഷം:കണ്‍ട്രോള്‍ റൂം ആരംഭിച്ചു
മനുഷ്യ-വന്യജീവി സംഘര്‍ഷം മൂലമുള്ള അടിയന്തിര സാഹചര്യം ലഘൂകരിക്കുന്നതിനും പ്രായോഗിക പ്രശ്നപരിഹാരത്തിനും വേണ്ടി ഡിവിഷണല്‍ കണ്‍ട്രോള്‍ റൂം റാന്നി വനം ഡിവിഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഡിവിഷണല്‍ ഓഫീസിന് സമീപം റാന്നി റാപ്പിഡ് റെസ്പോണ്‍സ് ടീം ഓഫീസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. വന്യജീവി സംഘര്‍ഷം മൂലമുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി പൊതുജനങ്ങള്‍ക്ക് ഈ ഓഫീസുമായി ഏതു സമയത്തും ബന്ധപ്പെടാം.

ബന്ധപ്പെടാവുന്ന നമ്പറുകള്‍
ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കണ്‍ട്രോള്‍ റൂം റാന്നി 8547600927
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, കണ്‍ട്രോള്‍ റൂം റാന്നി 8547600929, 8547600938
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, കണ്‍ട്രോള്‍ റൂം റാന്നി  8547600937, 8547600932, 8547600933, 8547600931

പത്തനംതിട്ട ജില്ലാ ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാന്‍ പ്രകാശനം ചെയ്തു

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ ജില്ലാ ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാന്‍ (ഡെമ്പ്) മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പ്രകാശനം ചെയ്തു.

പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പരസ്പര ഏകോപനത്തോടെ മികച്ച രീതിയില്‍ നടത്തണമെന്നും പൊതുജനങ്ങള്‍ക്ക് സൗകര്യപ്രമായ രീതിയിലാകണം ക്രമീകരണങ്ങളെന്നും അദേഹം പറഞ്ഞു. ജില്ലാ കളക്ടറും വരണാധികാരിയുമായ പ്രേം കൃഷ്ണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ട്റല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

പെരിങ്ങരയില്‍ വിളയും ചെറുധാന്യം

പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ചെറുധാന്യകൃഷിയുടെ ഉദ്ഘാടനം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായാണ് ചെറുധാന്യ കൃഷി നടപ്പാക്കുന്നത്.

പദ്ധതി നിര്‍വഹണത്തിനാവശ്യമായ വിത്ത് സൗജന്യമായി ബ്ലോക്ക് പഞ്ചായത്ത് നല്‍കുകയും നടത്തിപ്പിനാവശ്യമായ ചെലവ് കൃഷി വകുപ്പ് വഹിക്കുകയും ചെയ്യും. കടപ്ര കൃഷിഭവന്റെ കീഴില്‍ കൃഷിക്കൂട്ടമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഗ്രോ സര്‍വീസ് സെന്ററാണ് കൃഷി ചെയ്യുന്നത്. വര്‍ഷങ്ങളോളം തരിശായി കിടന്ന സ്ഥലം എന്‍ആര്‍ഇജിഎസ് പദ്ധതിയിലൂടെ അനുയോജ്യമാക്കി എടുത്താണ് കൃഷി ചെയ്യുന്നത്.

പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മറിയാമ്മ എബ്രഹാം, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുഭദ്ര രാജന്‍, ബ്ലോക്ക് അംഗങ്ങളായ അരുന്ധതി അശോകന്‍, സോമന്‍ താമരച്ചാലില്‍, ചന്ദ്രലേഖ, തിരുവല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജാനറ്റ് ഡാനിയേല്‍, പെരിങ്ങര കൃഷി ഓഫീസര്‍ അഞ്ചു മറിയം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

നല്ല ഭക്ഷണസംസ്‌കാരം ശീലമാക്കണം : ഡപ്യൂട്ടി സ്പീക്കര്‍
നല്ല ഭക്ഷണസംസ്‌കാരം ശീലമാക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിറപൊലിവ് വിഷന്‍ 26 പദ്ധതിയുടെ ഭാഗമായി പന്തളം കൃഷിഫാമില്‍ സംഘടിപ്പിച്ച 2023-24 പ്രകൃതികൃഷിപദ്ധതിയുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്ററും കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായാണ് മണ്ഡലത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 50 കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കുന്നത്.നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ഡോ.വിനോദ് മാത്യു,സി ആര്‍ രശ്മി, ജിജിമോള്‍ പി കുര്യന്‍, സെന്‍സി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

വനിതാദിനാഘോഷവും രംഗശ്രീ കലാജാഥ ഉദ്ഘാടനവും സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട എസ.്എന്‍.ഡി.പി ഹാളില്‍ നടന്ന വനിതാദിനാഘോഷ പരിപാടിയും രംഗശ്രീ കലാജാഥ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ നിര്‍വഹിച്ചു. ജില്ലയിലെ കുടുംബശ്രീ ധീരം കരാട്ടെ ഗ്രൂപ്പിന്റെ പ്രകടനവും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കലും അനുഭവങ്ങള്‍ പങ്കുവയ്ക്കലും നടന്നു.

75-ാം മത്തെ വയസിലും കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന രാജു എ നായര്‍, 75-ാം വയസിലും കിണര്‍ കുഴിക്കുന്ന തൊഴില്‍ തുടര്‍ന്ന് വരുന്ന കുഞ്ഞുപെണ്ണ്, അഫ്ര റീഗല്‍ ഫുഡ്സ് സംരഭക അഫ്ര ജബ്ബാര്‍, സ്നേഹപച്ച എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കണ്‍വീനര്‍ രേഖ സ്നേഹപച്ച, ഏഴംകുളം പൗര്‍ണമി അയക്കൂട്ട അംഗം രാധിക സന്തോഷ്, കല്ലൂപ്പാറ ജ്യോതിസ് കുടുംബശ്രീ അംഗം ശാന്തമ്മ സുകുമാരന്‍, ഓമല്ലൂര്‍ ഉപാസന അയല്‍ക്കൂട്ട അംഗം ഉഷ, ഷാരോണ്‍ ഫുഡ്സ് സംരംഭക അന്നമ്മ ജോര്‍ജ്, കാനനം വനവിഭവ യൂണിറ്റ് നടത്തുന്ന എഴുമറ്റൂര്‍ ശ്രീഭദ്ര കുടുംബശ്രീ അംഗം സുജാത ചന്ദ്രന്‍, റെഡ്ചില്ലിസ് പ്രൊഡ്യൂസര്‍ ഗ്രൂപ്പ് വഴി വിഷ രഹിത മുളകുപൊടി വിപണിയില്‍ എത്തിച്ച പന്തളം തെക്കേക്കര  സ്വദേശിനി അന്നമ്മ ചാക്കോ, എന്നിവരെ ആദരിച്ചു.

 

ഭാരതീയ ചികിത്സവകുപ്പ് മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷ പുതുമന വനിതാദിന സന്ദേശം നല്‍കി. രംഗശ്രീ കലാജാഥയുടെ നാടകാവതരണവും ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നുള്ള വനിതകളുടെയും കുട്ടികളുടെയും കലാപരിപാടികളും അവതരിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില അധ്യക്ഷത വഹിച്ചു.കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ കെ. ബിന്ദുരേഖ, കുടുംബശ്രീ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ചിറ്റാര്‍  സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് സാമ്പത്തിക അനുമതി
ചിറ്റാര്‍  സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് സാമ്പത്തിക അനുമതി ലഭിച്ചതായി  അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ 25 കോടി രൂപ ചെലവില്‍  അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്‌പെഷ്യല്‍ ആശുപത്രിയാണ് ചിറ്റാറില്‍ നിര്‍മിക്കുന്നത്.

 

അഞ്ചു നിലകളിലായി  ക്രമീകരിച്ചിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം മൂന്ന് ഘട്ടങ്ങളിലായാണ്   നടപ്പിലാക്കുന്നത്. ആശുപത്രിയുടെ ആദ്യഘട്ട നിര്‍മാണത്തിനായി ഏഴ് കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചത്.ആദ്യഘട്ടത്തില്‍ ഒരു ഫ്‌ളോറില്‍  ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള രണ്ടു നിലകളാണ് നിര്‍മിക്കുക.

ഗ്രൗണ്ട് ഫ്‌ലോറില്‍ കാഷ്വാലിറ്റി, ഹെല്‍പ്പ് ഡെസ്‌ക്, ഗൈനക്ക് ഓ പി റൂമുകള്‍, പീഡിയാട്രിക് ഒ. പി റൂമുകള്‍,  ഡോക്ടേഴ്‌സ് റൂമുകള്‍, നഴ്‌സസ് റെസ്റ്റിംഗ് റൂമുകള്‍, ഫീഡിങ് റൂം, അനസ്‌തേഷ്യ മുറി, ഫാര്‍മസി, ബൈസ്റ്റാന്‍ഡേഴ്‌സ് വെയ്റ്റിംഗ് ഏരിയ, പോര്‍ച് സ്റ്റെയര്‍റൂമുകള്‍, ശുചിമുറികള്‍ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം നിലയില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍, അനസ്‌തേഷ്യ മുറി, സെപ്റ്റിക്ക്  ലേബര്‍റൂം, ഡോക്ടേഴ്‌സ് റൂമുകള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, പോസ്റ്റ് ഓപ്പറേറ്റ് വാര്‍ഡ്, ജനറല്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റ്  ഐ സി യു, ഗൈനക്ക് ഐസിയു , സെപ്റ്റിക്ക് ഐസിയു, മോഡുലാര്‍ തിയേറ്റര്‍,ഫാര്‍മസി,  നഴ്‌സിംഗ് സ്റ്റേഷന്‍,പോസ്റ്റിനേറ്റല്‍ വാര്‍ഡ് വെയിറ്റിംഗ് ഏരിയ, ശുചി മുറികള്‍, ബൈസ്റ്റാന്‍ഡേഴ്‌സ് വെയ്റ്റിംഗ് ഏരിയ,സ്റ്റയര്‍ റൂമുകള്‍, തുടങ്ങിയവയാണ് ആദ്യഘട്ട നിര്‍മാണത്തില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്നുള്ള രണ്ട്, മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവര്‍ത്തികള്‍ കിഫ്ബിയില്‍ നിന്നും തുക ലക്ഷ്യമാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ച് നടപടികള്‍ പുരോഗമിക്കുകയാണെന്നും എംഎല്‍എ അറിയിച്ചു.

2021ലാണ്  ജില്ലയ്ക്ക്  ചിറ്റാറില്‍ അമ്മയും കുഞ്ഞും സ്‌പെഷ്യല്‍ ജില്ലാ ആശുപത്രി സര്‍ക്കാര്‍ അനുവദിക്കുന്നത്. പ്രവാസി വ്യവസായി ഡോ. വര്‍ഗീസ് കുര്യന്റെ  ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ ഭൂമി  സൗജന്യമായി ആശുപത്രി നിര്‍മിക്കുന്നതിനായി ലഭിച്ചിരുന്നു.  എന്നാല്‍ സ്വകാര്യ ഭൂമി  നടപടിക്രമങ്ങള്‍ പാലിച്ച്  റവന്യൂ ഭൂമിയാക്കി ആരോഗ്യവകുപ്പിന് കൈമാറുന്നതില്‍  നിയമപരമായ  കാലതാമസം ഉണ്ടായി.  തുടര്‍ന്ന് മന്ത്രിസഭാ യോഗം  ചേര്‍ന്ന് ഭൂമി ആരോഗ്യവകുപ്പിന്  നല്‍കുകയായിരുന്നു.

ഏഴു കോടി രൂപയ്ക്ക് ആദ്യഘട്ട നിര്‍മാണത്തിന് സാമ്പത്തിക അനുമതി ലഭിച്ച പ്രവര്‍ത്തിയുടെ ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്ട്രക്ച്ചറല്‍ ഡിസൈന്‍ പൂര്‍ത്തീകരിച്ച്  പ്രവര്‍ത്തി ടെന്‍ഡര്‍ ചെയ്ത് കരാര്‍ നല്‍കി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുവാന്‍ ആവശ്യമായ  നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

 

ഐ.എച്ച്.ആര്‍.ഡി ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍  എട്ടാം ക്ലാസ് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2024-25 അധ്യയനവര്‍ഷത്തില്‍ എട്ടാംക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2024 ജൂണ്‍ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടും, ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായും സമര്‍പ്പിക്കാം. അപേക്ഷയുടെ രജിസ്ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാം. 2024-25  വര്‍ഷത്തെ പ്രോസ്പെക്ടസ് വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി 25 ന് വൈകുന്നേരം നാലുവരെയും സ്‌കൂളില്‍ നേരിട്ട്  27 വൈകുന്നേരം നാലു വരെയും സമര്‍പ്പിക്കാം. ഫോണ്‍:  മല്ലപ്പള്ളി 0469 2680574, 8547005010

ക്വട്ടേഷന്‍

2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്‌ക്വാഡുകള്‍ക്കും റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുടെ ഓഫീസുകള്‍ക്കും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി യൂണിറ്റ് ഒന്നിന് (ഒരു വീഡിയോ റിക്കോര്‍ഡിംഗ് കാമറ, വീഡിയോഗ്രാഫര്‍ സഹിതം) ദിവസവേതന നിരക്കിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 18 മൂന്നിന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍:  0468 2224256

കുടിശിക നിവാരണക്യാമ്പ്

കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി
ബോര്‍ഡ് മാര്‍ച്ച് 18ന് റാന്നി അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ നടത്തുന്ന കുടിശിക നിവാരണക്യാമ്പില്‍ പങ്കെടുത്ത് ക്ഷേമനിധി വിഹിതം അടയ്ക്കാവുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ആഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2223169

മെക്രോ ക്രെഡിറ്റ് വായ്പകള്‍ ഫലപ്രദമായി ഉപയോഗിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
മെക്രോ ക്രെഡിറ്റ് വായ്പകള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുടുംബശ്രീ സിഡിഎസുകള്‍ക്ക് നല്‍കുന്ന മൈക്രോക്രെഡിറ്റ് വായ്പാവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം.

വായ്പാവിതരണം മുന്‍ ധനകാര്യ മന്ത്രി ഡോ. റ്റി എം തോമസ് ഐസക് നിര്‍വഹിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലെ കുടുംബശ്രീ സി.ഡി.എസുകള്‍ക്കാണ് വായ്പ നല്‍കുന്നത്.

ഏഴംകുളം ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 162 ഗ്രൂപ്പുകളിലായി 711 കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള 2,68,09,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്യുന്നത്. നാലുമുതല്‍ അഞ്ച് ശതമാനം പലിശയ്ക്ക് സിഡിഎസുകള്‍ക്ക് നല്‍കുന്ന വായ്പയില്‍ ഒരു ശതമാനം സിഡിഎസുകള്‍ക്ക് പ്രവര്‍ത്തന വിഹിതം ലഭിക്കും.

മാങ്കൂട്ടം ബദാനിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെഎസ്ബിസിഡിസി ചെയര്‍മാന്‍ അഡ്വ കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. പിആര്‍പിസി രക്ഷാധികാരി കെ പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ പ്രസന്നകുമാര്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഎസ് ആശ,  കെഎസ്ബിസിഡിസി ഡയറക്ടര്‍ റ്റി ഡി ബൈജു, അടൂര്‍ ബ്രാഞ്ച് മാനേജര്‍ അനിലകുമാരി, സിഡിഎസ് ചെയര്‍പേഴ്സണ്‍ രേഖ ബാബു, കുടുംബശ്രീ അംഗം  എംഎസ് ചന്ദ്രബോസ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
ഓമല്ലൂര്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് റിസോഴ്‌സ് സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്രദമാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍  അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി. തോമസ്, വി.ജി. ശ്രീവിദ്യ, അഭിലാഷ് വിശ്വനാഥ്, ജിജി ചെറിയാന്‍ മാത്യു, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കെ എല്‍ അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കടുത്തു.

വാക്ക് ഇന്‍-ഇന്റര്‍വ്യൂ
ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആര്‍കെവിഐ പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. ബിവിഎസ്സി ആന്‍ഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതകളുണ്ടാകണം. ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണഓഫീസില്‍ മാര്‍ച്ച് 16 ന് 11 മുതല്‍ ഒന്ന് വരെ  ഇന്റര്‍വ്യൂ നടക്കും. ഫോണ്‍:  0468 2322762

തീയതി നീട്ടി
1977 ജനുവരി ഒന്നിന് മുന്‍പായി വനഭൂമിയില്‍ കുടിയേറിയവരില്‍ നാളിതുവരെയായി പട്ടയം ലഭിക്കാത്ത കൈവശക്കാരുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി മാര്‍ച്ച് 30 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അറിയിപ്പ്
പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്നും മണല്‍ഖനനം നടത്തുന്നത് സംബന്ധിച്ച കരട് സര്‍വെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. മണല്‍ ഖനനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒരു മാസത്തിനുള്ളില്‍ ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കാമെന്നും അവ പരിശോധനയ്ക്ക് വിധേയമാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!