കാക്കയുടെ നിറം: ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

Spread the love

 

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്.

“മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വേറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല”- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.

‘എൻ്റെ കറുപ്പാണ് എൻ്റെ അഴക്, എൻ്റെ കുലത്തിൻ്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്’; RLV രാമകൃഷ്ണന്‍

പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സത്യഭാമയുടെ ജാതിഅധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആര്‍എല്‍വി രാമകൃഷ്ണന്‍. ‘എൻ്റെ കറുപ്പാണ് എൻ്റെ അഴക്. എൻ്റെ കുലത്തിൻ്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും എൻ്റെ ഏഴയലത്ത് വരില്ല..മോളെ’ എന്ന് രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.അതേസമയം, താൻ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണത്തില്‍ വസ്തുതയില്ലെന്നും കലാമണ്ഡലം സത്യഭാമ പ്രതികരിച്ചു.

‘പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ’; മന്ത്രി ആര്‍.ബിന്ദു

കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ‘പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ ആയ കലാകാരനാണ്’ എന്ന് മന്ത്രി പറഞ്ഞു. കലാമണ്ഡലം സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ കമന്‍റ് ചെയ്തുകൊണ്ട് ആര്‍.ബിന്ദു നര്‍ത്തകന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഫ്യൂഡൽ പ്രഭുക്കൾക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളിൽ നിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.