Trending Now

പക്ഷിപ്പനി :എല്ലാ കോഴി/താറാവ് ഫാമുകളിലും ബയോസെക്യൂരിറ്റി നടപടികൾ

Spread the love

 

പത്തനംതിട്ട നിരണം സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പോൾട്രി ഫാമിൽ സമാന രീതിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോൾ വകുപ്പിന്റെ സമയോചിതമായി നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിച്ചതിനാൽ പക്ഷിപ്പനി നിയന്ത്രിക്കാൻ സാധിച്ചു. അതേ മാതൃകയിൽ നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലും നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ മന്ത്രി നിർദേശിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഫാമിലെ തൊഴിലാളികൾക്ക് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി പക്ഷിപ്പനി പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾ ലഭ്യമാക്കാൻ ജില്ലാ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. അതോടൊപ്പം വകുപ്പിന് കീഴിലുള്ള എല്ലാ കോഴി/താറാവ് ഫാമുകളിലും ബയോസെക്യൂരിറ്റി നടപടികൾ കർശനമായി പാലിക്കുന്നതിനും നിർദേശം നൽകി.

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ബാധിത മേഖലയിൽ നിരീക്ഷണത്തിന്റെ ഭാഗമായി മറ്റ് മൃഗങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ എല്ലാം നെഗറ്റീവ് ആണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പക്ഷിപ്പനി ബാധിച്ച് നിരണം ഫാമിലെ 560 താറാവുകൾ ആണ് മരണപ്പെട്ടത്. ഫാമിൽ ബാക്കിയുള്ള 4081 താറാവുകളെയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള ഏകദേശം 5000 ഓളം വളർത്തു പക്ഷികളെയും നിയന്ത്രണത്തിന്റെ ഭാഗമായി കൾ ചെയ്യേണ്ടി വരുമെന്നും ആയതിനായി 15 ടീമുകളെ ഇതിനകം സജ്ജമാക്കിയതായും ഡയറക്ടർ അറിയിച്ചു.

ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായസഹകരണത്തോടെ കള്ളിങ്ങ് നടപടികൾ 14ന് ആരംഭിക്കുവാൻ പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി. പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന് ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ട നടപടികൾ ഊർജ്ജിതമാക്കുവാൻ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാർക്ക് മന്ത്രി നിർദേശം നൽകി. അടുത്തകാലത്ത് അമേരിക്കയിൽ പശുക്കളിൽ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും അസാധാരണമാം വിധം പക്ഷികളുടെ/ ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ഓഫീസിൽ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു .

error: Content is protected !!