
റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും ഇടിവി നെറ്റ്‌വർക്ക് തലവനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഈ മാസം അഞ്ചിന് റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിലെ ഒരു കാർഷിക കുടുംബത്തിൽ ജനിച്ച റാവു. റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും വിവിധ മാധ്യമസ്ഥാപനങ്ങളുടെ തലവനുമാണ്. ഈടിവി, ഈനാട് മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. 1983ൽ സ്ഥാപിതമായ ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാകിരൻ മൂവിസിൻ്റെ സ്ഥാപകനായ രാവുവിനെ തേടി ദേശീയ ചലച്ചിത്ര അവാർഡുകളും ഫിലിം ഫെയർ അവാർഡുകളുമെത്തിയിട്ടുണ്ട്. നാല് തവണ ഫിലിം ഫെയർ അവാർഡ് റാവുവിന് ലഭിച്ചു.
രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ച വ്യക്തതിയാണ് റാവു.ലോകത്തിലെ ഏറ്റവും വലിയ ഇൻ്റഗ്രേറ്റഡ് ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റി, ടിവി ചാനലുകളുടെ ഇറ്റിവി നെറ്റ്‌വർക്ക്, തെലുങ്ക് ഭാഷാ പത്രമായ ഈനാട് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ബിസിനസുകളുടെ ഉടമസ്ഥതയിലുള്ള റാമോജി ഗ്രൂപ്പിൻ്റെ തലവനായിരുന്നു രാമോജി റാവു.
പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നൽകിയ സംഭാവകൾ കണക്കിലെടുത്താണ് റാവുവിന് പത്മവിഭൂഷൺ നൽകിയത്. മാർഗദർശി ചിറ്റ് ഫണ്ട്, രാമദേവി പബ്ലിക് സ്കൂൾ, പ്രിയ ഫുഡ്സ് എന്നിവയുടെ സ്ഥാപകൻ കൂടിയാണ് റാവു. ആന്ധ്രാ പ്രദേശിലെ ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ ചെയർമാൻ കൂടിയാണ്. 1983ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസിന്റെ ബാനറില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകളും റാവു നിര്‍മിച്ചിട്ടുണ്ട്.
രാമോജി റാവുവിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
രാമോജി ഫിലിം സിറ്റി സ്ഥാപകൻ രാമോജി റാവുവിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഇന്ത്യൻ മാധ്യമങ്ങളിൽ വിപ്ലവം സൃഷ്ടിച്ച ദർശകനായിരുന്നു രാമോജി റാവുവെന്ന് ശ്രീ മോദി പറഞ്ഞു. പത്രപ്രവർത്തന മേഖലയിലും ചലച്ചിത്രലോകത്തും അദ്ദേഹത്തിൻ്റെ സംഭാവനകൾ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:
“രാമോജി റാവു ഗാരുവിൻ്റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണ്. ഇന്ത്യൻ മാധ്യമങ്ങളിൽ വിപ്ലവം സൃഷ്ടിച്ച ദീർഘദർശിയായിരുന്നു അദ്ദേഹം. പത്രപ്രവർത്തന മേഖലയിലും ചലച്ചിത്രലോകത്തും അദ്ദേഹത്തിൻ്റെ സംഭാവനകൾ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.
തൻ്റെ സവിശേഷ ശ്രമങ്ങളിലൂടെ, മാധ്യമങ്ങളിലും വിനോദ ലോകത്തും നൂതനാശയങ്ങൾക്കും മികവിനും പുതിയ മാനദണ്ഡങ്ങൾ അദ്ദേഹം സ്ഥാപിച്ചു. ”
രാമോജി റാവു ഗാരു, ഇന്ത്യയുടെ വികസനത്തിൽ അതീവ തത്പരനായിരുന്നു. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തിൻറെ ജ്ഞാനത്തിൽ നിന്ന് പ്രയോജനം നേടാനും നിരവധി അവസരങ്ങൾ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ഈ പ്രയാസകരമായ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും എണ്ണമറ്റ ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”