
മാലിന്യത്തിൽ മുങ്ങി കാണാതായ ജീവനുവേണ്ടിയുള്ള തിരച്ചിൽ ഒരു പകലും രാവും പിന്നിട്ടു.തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഇന്നലെ രാവിലെ 11ന് ആണ് കരാർതൊഴിലാളി മാരായമുട്ടം സ്വദേശി എൻ.ജോയിയെ (47) പെട്ടെന്നുള്ള ഒഴുക്കിൽ കാണാതായത്.
റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവച്ചു.രാവിലെ ഏഴോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.1500 രൂപ കൂലിക്കായി മാലിന്യത്തിലിറങ്ങിയ ജോയി സുരക്ഷിതനായി മടങ്ങിയെത്താൻ പ്രാർഥനയുമായി മാരായമുട്ടം വടകര മലഞ്ചരിവ് വീട്ടിൽ രോഗിയായ അമ്മ മെൽഹി നെഞ്ചുരുകുമ്പോഴും അപകടത്തിന്റെ ഉത്തരവാദിത്തമൊഴിയാൻ പരസ്പരം ചെളിവാരിയെറിയുകയാണ് കോർപറേഷനും റെയിൽവേയും.