Trending Now

വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടി: ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം വയനാട്ടിലേക്ക്

Spread the love

 

konnivartha.com: വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടിയതായി വിവരം. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുൾപൊട്ടിയത്.4.10-ഓടെ വീണ്ടും ഉരുൾപൊട്ടി.

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ.രണ്ടു പേര്‍ മരിച്ചതായി പ്രദേശത്ത് നിന്നും അറിയുന്നു ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.

ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം വയനാട്ടിലേക്ക് നീങ്ങുവാൻ ദുരന്ത നിവാരണ വകുപ്പ് നിര്‍ദേശം നല്‍കി . പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.നിലവിൽ ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്.

മുമ്പ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഒറ്റപ്പെട്ട മേഖലകളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെയും ചൂരല്‍മല ടൗണില്‍ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കിലോമീറ്ററോളം സ്ഥലത്ത് വൻനാശനഷ്ടമാണുണ്ടായിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലാണ് മുണ്ടക്കൈ,ചൂരൽമല , പുത്തുമല പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്.

ചൂരൽമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് വരെ വൻ മണ്ണിടിച്ചിലുണ്ടായതായി നാട്ടുകാര്‍ പറയുന്നു.ചൂരൽ മലയിലേക്ക് പോകുന്ന റോഡിൽ പലയിടത്തും ഗതാഗത തടസ്സം. മേഖലയിൽ പലയിടങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. ആളുകള്‍ മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നതായും സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് രണ്ടുമണിയോടെ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

error: Content is protected !!