ചരിത്രബോധമില്ലാതെ വളരുന്ന തലമുറ ഇന്ത്യൻ ജനാധിപത്യത്തിനു വൻഭീഷണിയാവും : ഡോ. ജിതേഷ്ജി

Spread the love

 

konnivartha.com: ഡോക്ടറും എഞ്ചിനീയറുമാകാൻ ശ്രമിക്കലാണ് വിദ്യാഭ്യാസത്തിന്റെ പരമപ്രധാന ലക്ഷ്യമെന്ന് തെറ്റിദ്ധരിക്കുന്നവരുടെ ലോകത്ത്  ചരിത്രബോധമില്ലാതെ വളരുന്ന തലമുറ ഇന്ത്യൻ ജനാധിപത്യത്തിനു വരുംനാളുകളിൽ വൻഭീഷണിയാവുമെന്ന് പ്രമുഖ ചരിത്രവിചിന്തകൻ ഡോ. ജിതേഷ്ജി പറഞ്ഞു. രാജ്യത്തിന്റെ മഹനീയചരിത്രം മംഗൾ പാണ്ഡെയും ഭഗത് സിംഗും ഉദ്ദം സിംഗും ചന്ദ്രശേഖർ ആസാദും രാജ് ഗുരുവും സുഖ് ദേവും പോലെയുള്ള നാടിന് സ്വജീവിതം  ആത്മബലി നൽകിയ ധീരദേശാഭിമാനികളുടെ ചോരയിലെഴുതിയതാണ്. ചരിത്രബോധമെന്നാൽ ജനിച്ച മണ്ണിനോടുള്ള നന്ദിയും കൂറും തന്നെയാണ്. ജിതേഷ്ജി ചൂണ്ടിക്കാട്ടി.

അടിമാലി ‘പച്ച’ സാംസ്കാരിക കൂട്ടായ്മയും നളന്ദ ബുക്സും കോനാട്ട് പബ്ലിക്കേഷൻസും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്രസമരസന്ദേശ യാത്ര ‘ പ്രയാണം ‘ പത്തനാപുരം ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ്‌ 15 വരെ നീളുന്ന ‘പ്രയാണം’, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ആഗസ്റ്റ്‌ 15 ന് ഇടുക്കി ബൈസൻ വാലിയിൽ സമാപിക്കും.

ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടർ റിട്ടയർഡ് ആർ ഡി ഒ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.
ജാഥ ക്യാപ്ടനും ഗ്രന്ഥകാരനുമായ സി എസ് റജികുമാർ സ്വാതന്ത്ര്യസമര സ്‌മൃതി പ്രഭാഷണം നടത്തി. സാഹിത്യകാരൻ സത്യൻ കോനാട്ട്, ഗാന്ധിഭവൻ ജോയിന്റ് സെക്രട്ടറി ഭുവനചന്ദ്രൻ, ഗാന്ധിഭവൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ ബി.മോഹനൻ, കവി ജിജോ രാജകുമാരി, റിട്ടയർഡ് തഹസിൽദാർ സന്തോഷ്‌ കുമാർ, ഷെമീർ, റിട്ടയർഡ് ഡി വൈ എസ് പി രാജൻ, ഷെമീർ, അഭിമന്യു തുടങ്ങിയവർ പ്രസംഗിച്ചു

error: Content is protected !!