പത്തനംതിട്ട ജില്ല ( സര്‍ക്കാര്‍ അറിയിപ്പ് : 07/08/2024)

Spread the love

ലേലം 21 ന്

കുറ്റൂര്‍ പഞ്ചായത്തില്‍ മണിമലയാറിന് കുറുകെ കുറ്റൂര്‍- തോണ്ടറ പാലത്തിന് അടിവശം താഴോട്ട് അടിഞ്ഞുകൂടിയ 15000 ക്യു.മീറ്റര്‍ എക്കലും ചെളിയും കലര്‍ന്ന മണല്‍പുറ്റ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഓഗസ്റ്റ് 21 ന് രാവിലെ 11 ന് പുനര്‍ലേലം ചെയ്യും. ലേലം ആരംഭിക്കുന്നവരെ നിരതദ്രവ്യം പണമായോ ഡിമാന്റ് ഡ്രാഫ്റ്റ് (എക്‌സി. എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, പത്തനംതിട്ട യുടെ പേരില്‍) ആയോ സ്വീകരിക്കും.
കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന

202326 വര്‍ഷ കാലയളവിലേക്ക് ജില്ലയില്‍ വില്‍പ്പനയില്‍ പോകാത്ത, പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന് ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ പങ്കെടുക്കുവാന്‍ etoddy.keralaexcise.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓഗസ്റ്റ് 13 ന് മുന്‍പായി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്‌ടേഷന്‍ ഫീസ് 1000 രൂപ ഓണ്‍ലൈനായി ഒടുക്കണം. വിവരങ്ങള്‍ക്ക് പത്തനംതിട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസ് എന്നിവയുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2222873.
സ്‌പോട്ട് അഡ്മിഷന്‍ 12 ന്

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഓഗസ്റ്റ് 12 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 8.30 മുതല്‍ 10 വരെ കോളജിലെത്തി രജിസ്റ്റര്‍ ചെയ്യണം. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് അന്നേ ദിവസം രാവിലെ പുതിയ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍ : 0469 2650228.

വാര്‍ഷിക പൊതുയോഗം 9ന്

ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരും.

സ്വയം തൊഴില്‍ ബോധവല്‍കരണ ശില്പശാല സംഘടിപ്പിച്ചു

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കോന്നി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോന്നി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സ്വയം തൊഴില്‍ ബോധവല്‍കരണ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് സ്വയം തൊഴില്‍ വിഭാഗം ഓഫീസര്‍ ഖദീജ ബീവി വകുപ്പുതല പദ്ധതികളുടെ അവതരണം നടത്തി. സ്വയം തൊഴില്‍ പദ്ധതികളുടെ സാമ്പത്തിക വശങ്ങളും അക്കൗണ്ടിങ്ങും എന്ന വിഷയത്തില്‍ കോന്നി ബ്ലോക്ക് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ പി. ഗോപകുമാര്‍ ക്ലാസ് എടുത്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ജി. രാജീവ്, ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ഷിബി തോമസ്, തൊഴില്‍ അന്വേഷകര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു.

 

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 9 ന്

വനിതാ കമ്മിഷന്‍ ജില്ലാതല മെഗാ അദാലത്ത് ഓഗസ്റ്റ് ഒന്‍പതിന് രാവിലെ 10 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

ഇ-ഗ്രാന്റ്‌സ്; 15 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ 2023-24 അധ്യയനവര്‍ഷത്തെ  ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ ഓഗസ്റ്റ് 15 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുവാനുളള വിദ്യാര്‍ഥികള്‍ക്ക്  ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ കൃത്യമായി അറിയിപ്പ് നല്‍കണം. ഓഗസ്റ്റ് 15 ന് ശേഷം 2023-24 വര്‍ഷത്തെ അപേക്ഷകള്‍ പ്രോസ്സസ് ചെയ്യുന്നതിന് സൈറ്റില്‍ അനുമതി നല്‍കുന്നതല്ലെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735227703.

എഞ്ചിനീയര്‍/ ഓവര്‍സിയര്‍ പരിശീലന പദ്ധതി; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ പരിശീലന പദ്ധതിയില്‍ നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ യോഗ്യതയുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളെ മികവുറ്റ ജോലികള്‍ കരസ്ഥമാക്കുവാന്‍ പ്രാപ്തരാക്കുന്നതോടൊപ്പം പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ഇ-ഓഫീസ് സമയബന്ധിതമായി നടപ്പാക്കുന്നതിനും ഐ.ടി സെല്‍/ ഇ-ഗ്രാന്റ്‌സ് വഴിയുള്ള സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ആകെ ഒഴിവുകള്‍ – 20. വിദ്യാഭ്യാസ യോഗ്യത: ഐ.ടി/ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.സി.എ/ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ കോഴ്‌സ് വിജയിച്ചവരായിരിക്കണം. പ്രായപരിധി 21-35 വയസ്. പ്രതിമാസ ഓണറേറിയം 18000 രൂപ. ജില്ലാ തലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വര്‍ഷം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസില്‍ ഓഗസ്റ്റ് 19 ന്  വൈകുന്നേരം അഞ്ചിന് മുന്‍പായി സമര്‍പ്പിക്കണം. വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും റാന്നി പട്ടികവര്‍ഗ വികസന ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും www.stdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

ആസൂത്രണ സമിതി യോഗം 14 ന്

ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് 14 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.