 
	
		
konnivartha.com/ കോന്നി: തകർന്നു കിടക്കുന്ന ആനകുത്തി- കുമ്മണ്ണൂർ റോഡ് ആധുനിക നിലവാരത്തിൽ അടിയന്തരമായി സമ്പൂർണ്ണ ടാറിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പിഐ ഭാരവാഹികൾ കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെ സന്ദർശിച്ച് നിവേദനം നൽകി.
മണ്ഡലം പ്രസിഡന്റ് നിസാം കോന്നി, ട്രഷറർ ശരീഫ് ജമാൽ, ജില്ലാ കമ്മിറ്റിയംഗം സുധീർ കോന്നി, മണ്ഡലം കമ്മിറ്റി അംഗം അജ്മൽ ഷാജഹാൻ എന്നിവർ സംബന്ധിച്ചു.
റോഡിന്റെ നിലവിലെ ദുരവസ്ഥ ഭാരവാഹികൾ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ റോഡ് സമ്പൂർണ്ണ ടാറിങ് നടത്തിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. ഏകദേശം രണ്ടായിരത്തിലധികം കുടുംബങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്ന റോഡാണിത്.
റോഡ് പൂർണമായി തകർന്നതിനാൽ തന്നെ കാൽനടയാത്ര പോലും ദുരിതപൂർണ്ണമാണെന്ന് എസ് ഡി പിഐ ഭാരവാഹികൾ എംഎൽഎയെ ബോധ്യപ്പെടുത്തി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സമീപിച്ചിട്ടുണ്ടെന്നും നിലവിൽ നേരിടുന്ന പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും എംഎൽഎ ഉറപ്പ് നൽകി.
 
					 
					 
					 
					 
					 
					 
					 
					 
					 
					