Trending Now

ആരിഫ് മുഹമ്മദ് ഖാന്‍ യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി

Spread the love

പുതിയ ഗവർണർ ജനുവരി 2ന് ചുമതലയേൽക്കും:ആരിഫ് മുഹമ്മദ് ഖാന്‍ യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി

konnivartha.com: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മരണത്തെ തുടർന്നു രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായത് കൊണ്ടാണ് യാത്രയയപ്പ് മാറ്റിയത്.രാജ്ഭവൻ ജീവനക്കാർ ഇന്ന് വൈകിട്ടാണ് ഗവർണർക്ക് യാത്രയയപ്പ് നൽകാൻ തീരുമാനിച്ചത്. ഡിസംബർ 29ന് ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടും.പുതിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ജനുവരി 2നാണ് അദ്ദേഹം ചുമതലയേൽക്കുക. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി ചുമതലയേൽക്കും.

ബീഹാര്‍ ഗവര്‍ണറായി ചുമതല വഹിക്കാന്‍ പോകുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമിമാരുടെ അടുത്തെത്തി. ശാസ്തമംഗലം ആശ്രമത്തിലെത്തിയ ഗവര്‍ണര്‍, ശ്രീരാമൃഷ്ണ പരമഹംസരുടേയും സ്വാമി വിവേകാനന്ദന്റെയും ശാരദാ ദേവിയുടെയും ചിത്രങ്ങള്‍ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

94 വയസ്സായ ഗോലോകാനന്ദ സ്വാമിയുടെ അടുത്തെത്തി കരം പിടിച്ച് അനുഗ്രഹം തേടി. വിശ്രമ ജീവിതം നയിക്കുന്ന ഗോലോകാനന്ദ സ്വാമി ഗവര്‍ണറുമായി ഹൃദയസ്പര്‍ശിയായ സംഭാഷണം നടത്തി. ആശ്രമം അധ്യക്ഷന്‍ സ്വാമി മോക്ഷവ്രതാനന്ദയുമായി അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു.

ശ്രീരാമകൃഷ്ണാശ്രമങ്ങളുമായി തനിക്കുള്ള ബന്ധം വിശദീകരിച്ച ആരിഫ് മുഹമ്മദ് ഖാന്‍ സ്വാമി വിവേകാനന്ദനാണ് തന്റെ ഊര്‍ജമെന്നു പറഞ്ഞു. ലഭിച്ച അവസരങ്ങളില്‍ രംഗനാഥസ്വാമിയുടെ പ്രസംഗം ശ്രദ്ധയോടെ കേള്‍ക്കാറുണ്ടായിരുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ഗവര്‍ണറായിരുന്നുവെന്നും പുതിയ സ്ഥാനത്തും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും സ്വാമി മോക്ഷവ്രതാനന്ദ ആശംസിച്ചു.

error: Content is protected !!