‘അസ്ലം മൊബൈല്‍’ ഷോപ്പ് കേന്ദ്രീകരിച്ച് വ്യാജ ആധാര്‍ കാര്‍ഡുകൾ:ഉടമ പിടിയില്‍

Spread the love

konnivartha.com: പെരുമ്പാവൂരില്‍ മൊബൈല്‍ ഷോപ്പ് കേന്ദ്രീകരിച്ച് വ്യാജ ആധാര്‍ കാര്‍ഡുകൾ നിര്‍മിച്ച് നല്‍കിയ ആളെ പോലീസ് പിടികൂടി. അസം സ്വദേശിയായ ഹരിജുള്‍ ഇസ്ലാമാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗവും ലഹരി വില്‍പനയും വ്യാപകമായി നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ക്ലീന്‍ പെരുമ്പാവൂര്‍ എന്ന പദ്ധതി പോലീസ് നടപ്പിലാക്കിവരികയായിരുന്നു..ഇതിന്റെ ഭാഗമായ പരിശോധനയിലാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചയാള്‍ പിടിയിലായത്.

പെരുമ്പാവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ‘അസ്ലം മൊബൈല്‍’ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഇയാള്‍. ഇവിടെനിന്ന് വ്യാജ ആധാറുകള്‍ നിര്‍മിക്കാനുപയോഗിച്ച ലാപ്‌ടോപും 55,000 രൂപയും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

മൊബൈല്‍ ഷോപ്പില്‍ സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ സ്‌കാന്‍ ചെയ്ത് മറ്റുള്ളവരുടെ ഫോട്ടോ പതിപ്പിച്ചാണ് ഇയാള്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിച്ചിരുന്നത്.വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ പിടികൂടിയത് ഈയിടെയാണ്. വ്യാജ ആധാര്‍ കാര്‍ഡുപയോഗിച്ച് കേരളത്തിലെത്തിയ 27 ബംഗ്ലാദേശികൾ പറവൂരില്‍ പിടിയിലായിരുന്നു.