Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/03/2025 )

Spread the love

ആരാധനാലയങ്ങളില്‍  അനുമതിയില്ലാതെ   ഉച്ചഭാഷിണി ഉപയോഗിക്കരുത്

അനുമതി കൂടാതെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. സമയപരിധി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല മത സൗഹാര്‍ദ അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പൊലീസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ജില്ലാ അഡീഷണല്‍ എസ് പി ഡോ. ആര്‍ ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

വിദ്യാര്‍ഥിസൗഹൃദ പഞ്ചായത്ത്:പഠനം സുഗമമാക്കാന്‍ പദ്ധതികള്‍ പലവിധം

പ്രമാടം ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ക്ക് പരിമിതികളൊന്നുമില്ലാതെ പഠനത്തിലേര്‍പ്പെടാമെന്ന് ഉറപ്പിക്കുകയാണ് ഇവിടുത്തെ ഭരണസമിതി. ചിത്രകലയിലും പാട്ടിലും ഉള്‍പ്പടെ അഭിരുചികള്‍ കണ്ടറിഞ്ഞ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന വേറിട്ടമാതൃകയാണ് മേഖലയിലെ ജനപ്രതിധികള്‍. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കലാപഠനത്തിനായി അധ്യാപകരെ നിയമിച്ചുകഴിഞ്ഞു.

പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷമായി സംഗീതം, ചിത്രമെഴുത്ത് എന്നിവയ്ക്കായി രണ്ട് അധ്യാപകരെയാണ് നിയോഗിച്ചത്. 45 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന എ കെ ബാലന്‍ മാഷിന്റെ പരിശീലനമാണ് സംഗീതത്തില്‍. ശാസ്ത്രീയ സംഗീതം, ലളിതഗാനം, സംഘഗാനം എന്നിവയിലാണ് ക്ലാസുകള്‍.

കോന്നി ആനക്കൂട് മ്യുസിയത്തിനായി ചുമര്‍ചിത്രം വരച്ചുനല്‍കിയ പ്രേം ദാസ് പത്തനംതിട്ടയുടെ ശിക്ഷണത്തിലാണ് കുരുന്നുകള്‍ ചിത്രരചന അഭ്യസിക്കുന്നത്. പെന്‍സില്‍ ഡ്രോയിങ്,  വാട്ടര്‍ കളറിങ് എന്നിവയിലാണ് പരിശീലനം.  ജി എല്‍ പി എസ് ളാക്കൂറില്‍ കുട്ടികളാണ് ചുമര്‍ചിത്രം ഒരുക്കിയത്. മാസത്തില്‍ അഞ്ച്  ക്ലാസുകള്‍വീതമാണ് ഓരോസ്‌കൂളിലും നടത്തുന്നത്.  പ്രമാടം, മല്ലശ്ശേരി, തെങ്ങുംകാവ്, വികോട്ടയം, ളാക്കൂര്‍ എന്നിവിടങ്ങളിലെ സ്‌കുളുകളിലാണ് പഠനവേദികള്‍.

കുട്ടിയുടെ താല്പര്യങ്ങള്‍, ജന്മവാസനകള്‍, സ്വഭാവം എന്നിവക്ക് മുന്‍തൂക്കം നല്‍കിയാണ് ഓരോ മേഖലയിലേക്കുമുള്ള തിരഞ്ഞെടുപ്പ്. കലയും സര്‍ഗാത്മകതയും സമൃദ്ധമായ പഠനഅവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്.   സമഗ്ര വ്യക്തിത്വവളര്‍ച്ച പരിപോഷിപ്പിക്കുന്നതിനും വഴിയൊരുക്കുന്നു. എല്ലാ തലങ്ങളിലുമുള്ള സിലബസില്‍ കലയും കരകൗശലവും ഉള്‍പ്പെടുത്തിയതിന്റെ കാരണവും മറ്റൊന്നല്ല.

ഏകാഗ്രതയോടയുള്ള പഠനം പൂര്‍ണമാക്കുന്നതിനായി മുടങ്ങാതെ പ്രഭാതഭക്ഷണം നല്‍കിവരുന്നു. അഞ്ചു പ്രൈമറിസ്‌കൂളുകളിലുമുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ വ്യത്യസ്ത വിഭവങ്ങള്‍ ഉറപ്പാക്കുന്ന മെനുവാണുള്ളത്. പഞ്ചായത്ത് തന്നെയാണ് ഇക്കാര്യത്തിലും കണിശതപുലര്‍ത്തുന്നത്.

ശാസ്ത്രപഠനത്തിനായി ലാബിലേക്കാവശ്യമായ ഉപകരണങ്ങളും  എല്ലാ സ്‌കൂളുകള്‍ക്കുമായി ഗ്രാമപഞ്ചായത്ത് നല്‍കി. കായിക പരിശീലനത്തിനായുള്ളവ നല്‍കുന്നതിനുള്ള പദ്ധതിപ്രവര്‍ത്തനം  അവസാന ഘട്ടത്തിലുമാണ് എന്ന് പഞ്ചായത്ത്  പ്രസിഡന്റ് എന്‍. നവനിത്  പറഞ്ഞു.

കോഴഞ്ചേരിയില്‍ ജൈവവാതകസംവിധാനം

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന് പരിഹാരമായി ജൈവവാതകസംവിധാന നിര്‍മാണം അവസാനഘട്ടത്തില്‍.  ശുചിത്വ മിഷനും ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും സംയുക്തമായി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംവിധാനം ഒരുക്കുന്നത്. പ്രതിദിനം ഒരു ടണ്‍ മാലിന്യം ഇവിടെ സംസ്‌കരിക്കാനാകും.

കോഴിക്കടകളിലെ മാലിന്യം, ആട്മാടുകളുടെ വിസര്‍ജ്യം, ആഹാരവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ളവ നിക്ഷേപിക്കാം. ജൈവവാതക സംവിധാനത്തിലെ  അഴുകല്‍ പ്രക്രിയ വഴി ലഭിക്കുന്ന വാതകം  വാണിജ്യ മേഖലയിലും ഉപയോഗിക്കാം.പുകയും ദുര്‍ഗന്ധവുമില്ലാതെ പാചകവുമാകാം.
ജൈവവാതകത്തോടൊപ്പം ലഭ്യമാകുന്ന സ്ലറി  ജൈവ വളമായി ഉപയോഗിക്കാനാകും;  നേര്‍പ്പിച്ചോ കമ്പോസ്റ്റ് രൂപത്തിലോ ഉപയോഗിക്കാം.

റെയ്ഡ്‌കോ കമ്പനിക്കാണ് നിര്‍മാണ ചുമതല. ഹരിതകര്‍മസേനയുടെ സേവനമാണ് മാലിന്യ ശേഖരണത്തിന് വിനിയോഗിക്കുക. ജൈവ വാതക സംവിധാനത്തില്‍ നിന്നുമുള്ള ഊര്‍ജത്തെ സ്റ്റേഡിയത്തിലെ വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിക്കാനായി പ്രയോജനപ്പെടുത്താനുള്ള പദ്ധതിയും പരിഗണനയിലാണ് എന്ന്  പഞ്ചായത്ത്  പ്രസിഡന്റ് റോയ് ഫിലിപ് പറഞ്ഞു.


റാങ്ക് പട്ടിക റദ്ദായി    

ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് രണ്ട്് (എസ്സി/എസ്ടി വിഭാഗത്തിനുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നമ്പര്‍. 115/2020) തസ്തികയിലേക്ക്  ഫെബ്രുവരി 28ന് നിലവില്‍വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 112/2022/എസ് എസ് മൂന്ന്) മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


അഭിമുഖം 15ന്

ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ കുന്നന്താനം റീസൈക്ലിംഗ്  പ്ലാന്റിലേക്ക് പ്ലാന്റ് സൂപ്പര്‍വൈസറെ (35 വയസില്‍ താഴെയുള്ള)  കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത :  പ്ലാസ്റ്റിക്സ്/പോളിമെര്‍ ടെക്നോളജിയില്‍ ഡിപ്ലോമയും പ്ലാസ്റ്റിക് എക്സ്ട്രൂഷന്‍/റീസൈക്ലിംഗിലുളള രണ്ടുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഐറ്റിഐ/മെഷീന്‍ ഓപ്പറേറ്റര്‍ വിത്ത് പ്ലാസ്റ്റിക് പ്രോസസിംഗ്  സര്‍ട്ടിഫിക്കറ്റ് കോഴ്സും പ്ലാസ്റ്റിക് എക്സ്ട്രൂഷന്‍/റീസൈക്ലിംഗിലുളള മൂന്നുവര്‍ഷ പ്രവൃത്തി പരിചയവും  അല്ലെങ്കില്‍ ബിടെക്/എംഎസ്സി പോളിമെര്‍ സയന്‍സ് ഇന്‍ ടെക്നോളജിയും പ്ലാസ്റ്റിക് എക്സ്ട്രൂഷന്‍/റീസൈക്ലിംഗിലുളള ഒരുവര്‍ഷ പ്രവൃത്തിപരിചയവും.

യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍രേഖ എന്നിവ തെളിയിക്കുന്ന അസല്‍രേഖകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 15ന് രാവിലെ 11ന് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, രണ്ടാംനില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരത്ത് (വഴുതക്കാട്  ചിന്മയ സ്‌കൂളിന് എതിര്‍വശം) ഹാജരാകണം. പത്തനംതിട്ട ജില്ലക്കാര്‍ക്ക് മുന്‍ഗണന.  ഫോണ്‍ : 9447792058.


ബജറ്റ് അവതരിപ്പിച്ചു

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. കൃഷി ഗ്രാമവികസനം, യുവജന ക്ഷേമം, സാമൂഹ്യ നീതി  എന്നിവയില്‍ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ കെട്ടിപെടുക്കുക ലക്ഷ്യമാക്കി 284362161 രൂപ വരവും  280480590 രൂപ ചെലവും 3881571രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2025-26 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് രഞ്്ജിനി അജിത് അവതരിപ്പിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷനായി.


അപേക്ഷ ക്ഷണിച്ചു

അടൂര്‍ എല്‍ബിഎസ് സബ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സൗജന്യമായി മൂന്നുമാസത്തെ ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി  പാസായവര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍ : 9947123177.


അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അഭിമുഖം

കോയിപ്രം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള  അഭിമുഖം മാര്‍ച്ച് 14ന് രാവിലെ ഒമ്പത് മുതല്‍ കോയിപ്രം ഗ്രാമപഞ്ചായത്തുഹാളില്‍.  അപേക്ഷനല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍  അറിയിപ്പ്, അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ അസല്‍ എന്നിവ സഹിതം പങ്കെടുക്കണം.  അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ 13നു മുമ്പ് കോയിപ്രം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 04692997331.


മോണ്ടിസോറി, പ്രീ -പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ്  ഡിവിഷന്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം , ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി   ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ബിരുദം/പ്ലസ്ടു /എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314.

ടെന്‍ഡര്‍

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണംചെയ്യുന്നതിന്  വാഹന ഡീലര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി  മാര്‍ച്ച് 17. ഫോണ്‍ : 0468 2362129.

നിയമസേവന അതോറിറ്റി അദാലത്ത്: 6856 കേസുകള്‍ തീര്‍പ്പാക്കി

ജില്ലാ നിയമസേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാകോടതി സമുച്ചയത്തില്‍ നടത്തിയ ദേശീയ ലോക് അദാലത്തില്‍ 6856 കോടതി കേസുകള്‍ തീര്‍പ്പാക്കി. ഏഴുകോടി 61 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. 41,98,450 രൂപ ക്രിമിനല്‍കേസ് പിഴയും ഈടാക്കി; ആകെ 7,61,76,096.
ജില്ലാ ജഡ്ജി എന്‍. ഹരികുമാര്‍, അഡീഷണല്‍ ജില്ലാ ജഡ്ജി ജി.പി ജയകൃഷ്ണന്‍, നിയമസേവന അതോറിറ്റി സെക്രട്ടറി ബീന ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ഇ-ദര്‍ഘാസ്

ജില്ലാ പഞ്ചായത്ത് മണ്ണുസംരക്ഷണ ഓഫീസ്  മുഖേന നടപ്പാക്കുന്ന മണ്ണ്‌സംരക്ഷണപദ്ധതിക്ക് പുനര്‍ ഇ-ദര്‍ഘാസ് ക്ഷണിച്ചു. www.etenders.kerala.gov.in     ഫോണ്‍ : 0468 2224070.


സീറ്റ് ഒഴിവ്

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ആറു മാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സില്‍ സീറ്റ് ഒഴിവുണ്ട്. യോഗ്യത :പ്ലസ് ടു/ബിരുദം. ഫോണ്‍ : 7306119753.


ടെന്‍ഡര്‍

സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ്/കാര്‍ നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന്  ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 24. ഫോണ്‍ : 0468 2325242.

അന്താരാഷ്ട്ര വനിതാ ദിനാചാരണം

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചാരണം നടത്തി. ടൗണ്‍ സ്‌ക്വയറില്‍ വനിതകളുടെയും കുട്ടികളുടെയും കരാട്ടെ പ്രദര്‍ശനം, സൂംമ്പ ഡാന്‍സ്, കലാപരിപാടികള്‍, കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചു.

 

എംജിഎം മുത്തൂറ്റ് ഹോസ്പിറ്റല്‍ മുതല്‍ അബാന്‍ ടവര്‍ വരെ റാലി നടത്തി. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, അഡിഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്  ആര്‍ ബിനു, ജില്ലാ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ നീത ദാസ്, ശിശു സംരക്ഷണ ഓഫിസര്‍ റ്റി ആര്‍ ലതാകുമാരി, വനിതാ സംരക്ഷണ ഓഫിസര്‍ എ. നിസ, , ഡിഎല്‍എസ്എ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. സീന എസ് നായര്‍, സാഹിത്യകാരന്‍ വിനോദ് ഇളകൊള്ളൂര്‍, മുത്തൂറ്റ് ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് അനീഷ വര്‍ഗീസ്, റോട്ടറി ക്ലബ് പ്രതിനിധി റിച്ചന്‍ കെ. ജോണ്‍, സാമൂഹ്യ പ്രവര്‍ത്തക സൂസമ്മ മാത്യു എന്നിവര്‍ പങ്കെടുത്തു. എംജിഎം മുത്തൂറ്റ് ഹോസ്പിറ്റലും റോട്ടറി ക്ലബും പരിപാടിയുമായി സഹകരിച്ചു.

ലോക ശ്രവണ ദിനാചരണം

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ശ്രവണ ദിനാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം കടമ്പനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയായി.

 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.  അനിതകുമാരി കേള്‍വിദിന സന്ദേശം നല്‍കി. എഫ്എച്ച്സി കടമ്പനാട് അസി. സര്‍ജന്‍ ഡോ. ഒ അരുണ്‍   ബോധവല്‍കരണ ക്ലാസ് നയിച്ചു. അടൂര്‍ ജനറല്‍ ആശുപത്രി ഓഡിയോളജിസ്റ്റ് ക്രിസ്റ്റീനയുടെ നേതൃത്വത്തില്‍ കേള്‍വി പരിശോധന നടത്തി. കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മണിയമ്മ മോഹന്‍, അംഗങ്ങളായ കെ ജി ശിവദാസന്‍, പ്രസന്നകുമാരി, ഷീജ ഷാനവാസ്, സാറാമ്മ ചെറിയാന്‍, ഡെപ്യൂട്ടി ഡിഎംഒ  ഡോ. ഐപ്പ് ജോസഫ്,   ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്,  കടമ്പനാട് എഫ്എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. രജ്ന കെ,  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി. അനില്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ആര്‍ ഫൗസിയ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!