കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

Spread the love

 

konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അടൂര്‍ കടമ്പനാട് നിവാസിയായ നാല് വയസ്സുകാരൻ കോൺക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച സംഭവത്തിൽ 5 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് അടിയന്തിര നടപടി സ്വീകരിച്ചത്.

ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ചുമതലയുള്ള സെഷൻ ഫോറസ്റ്റ് ഓഫീസർ ആര്‍. അനില്‍കുമാര്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെ ആണ് സസ്‌പെൻഡ് ചെയ്തത്.

ഗുരുതര സുരക്ഷാ പിഴവുകള്‍ ഉണ്ടായിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത കോന്നി ഡി എഫ് ഒ , റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റണം എന്നുള്ള ആവശ്യവും ഉയര്‍ന്ന സാഹചര്യത്തില്‍ ഇരുവര്‍ക്കും എതിരെ നടപടി ഉണ്ടായേക്കും .

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ആസ്ഥാനമായ കോന്നി ആനത്താവളത്തിലെ വിവിധ സുരക്ഷാ കാര്യത്തിലും ഇപ്പോള്‍ ആശങ്ക നിലനില്‍ക്കുന്നു . ഉണങ്ങിയ മരക്കൊമ്പുകള്‍ അടക്കം മുറിച്ചു മാറ്റണം എന്നാണ് ആവശ്യം .അനാസ്ഥ മൂലം ഇനി ഒരു അപകടം ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം .

 

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ന്റെ നിര്‍ദേശം പ്രകാരം ആണ്‌ 5 പേര്‍ക്ക് എതിരെ വകുപ്പ് തല നടപടി.കോൺക്രീറ്റ് തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെന്ന ഗുരുതര വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി വനംവകുപ്പ് സ്വീകരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് അടൂർ കടമ്പനാട് നിന്നും കുടുംബത്തോടൊപ്പം കോന്നി ഇക്കോ ടൂറിസം കേന്ദ്രം  സന്ദർശിക്കാൻ എത്തിയ കുട്ടി കോൺക്രീറ്റ് തൂണ് വീണ് മരിച്ചത്. ഉപയോഗശൂന്യമായ കോൺക്രീറ്റ് തൂണുകൾ ബലക്ഷയം വന്നശേഷവും എടുത്തു മാറ്റാതെ നിലനിർത്തിയതായിരുന്നു അപകടകാരണം.കോന്നി ആനക്കൂട്ടില്‍ നാലുവയസുകാരന്‍ മരിച്ചത് വീഴ്ചയിലെ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവത്താല്‍ ആണെന്ന് പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ .

വനം വകുപ്പ് ഉന്നത അന്വേഷണ റിപ്പോര്‍ട്ടില്‍ വനം വകുപ്പ് ജീവനക്കാരുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട് . മറ്റു പല വിഷയത്തിലും കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിനു എതിരെ ചിലര്‍ നേരത്തെ നല്‍കിയ പരാതിയും അന്വേഷണ പരിധിയില്‍ ഉണ്ട് .

സുരക്ഷാ വീഴ്ചയില്‍ ശക്തമായ നടപടി വേണം എന്ന് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകള്‍ ആവശ്യം ഉന്നയിച്ചിരുന്നു . കോന്നി ആനത്താവളം താല്‍കാലികമായി ഇന്നലെ മുതല്‍ അടച്ചു . പൂര്‍ണ്ണ സുരക്ഷ ഒരുക്കിയിട്ടെ തുറക്കൂ എന്നാണ് ഇക്കോ ടൂറിസം കേന്ദ്രം ഇന്നലെ നല്‍കിയ അറിയിപ്പ് .ലക്ഷങ്ങള്‍ വരുമാനം ഉണ്ട് എങ്കിലും കൃത്യമായ അറ്റകുറ്റപണികള്‍ നടന്നിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട് . വരുമാനത്തിലെ ഒരു വിഹിതം ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടത്തണം എന്നാണ് സെന്‍റര്‍ തുടങ്ങിയപ്പോള്‍ ഉള്ള നിര്‍ദേശം .