
konnivartha.com: സിവിൽ സർവീസ് റാങ്ക് ജേതാവ് കോന്നി സ്വദേശിനി എസ്. സ്വാതിയെ വീട്ടിലെത്തി അഭിനന്ദിച്ച് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ. സിവിൽ സർവീസ് പരീക്ഷയിൽ പരീക്ഷയിൽ 377-)0 റാങ്ക് ആണ് എസ്. സ്വാതി നേടിയത്.
കോന്നി ചേരിമുക്ക് തറയിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ പി ആർ ശശിയുടെയും സിന്ധുവിന്റെയും മകളാണ്. സഹോദരൻ അനന്തകൃഷ്ണൻ.
വീട്ടിലെത്തി ആശംസകൾ അറിയിച്ച എംഎൽഎ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ, സിപിഐഎം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
മൂന്നാം ഊഴത്തിൽ ആഗ്രഹസാഫല്യത്തിന്റെ സന്തോഷത്തിലാണ് സിവിൽ സർവീസ് റാങ്ക് ജേതാവ് എസ് സ്വാതിയും കുടുംബവും.ഐഎഎസ് എന്ന സ്വപ്‌നസാക്ഷാൽക്കരത്തിനു വേണ്ടിയാണ് ജന്മനാടായ തണ്ണിത്തോട് മേടപ്പാറ ഉപേക്ഷിച്ച് പഠനസൗകര്യത്തിന് സ്വാതിയും കുടുംബവും കോന്നിയിൽ വീടുവച്ച് താമസമാക്കിയത്.
എട്ടാംക്ലാസ് വരെ തണ്ണിത്തോട് സ്‌കൂളിൽ പഠിച്ച സ്വാതി പിന്നീട് കോന്നി എസ്എൻ പബ്ലിക് സ്‌കൂളിലാണ് പ്ലസ്ടു വരെ പഠനം നടത്തിയത്. തിരുവനന്തപുരത്തെ അക്കാദമിയിൽ പഠിക്കാൻ ചേർന്നു. 2022ലെ ആദ്യശ്രമത്തിൽ റാങ്ക് ലിസ്റ്റിൽപ്പെട്ടില്ല. 2023ലെ പരീക്ഷയിൽ 827-ാം റാങ്ക് നേടി.ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും അവധിയെടുത്താണ് മൂന്നാമൂഴത്തിന് തയ്യാറെടുത്തത്
ഇത്തവണ 377–-ാം റാങ്ക് നേടിയാണ് സ്വാതി ആഗ്രഹസാഫല്യത്തിലേക്ക് കടക്കുന്നത്. ഐഎഎസ് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്വാതി.