
konnivartha.com: സ്വന്തം കർമ്മമണ്ഡലത്തിലെ ത്യാഗപൂർണമായ സേവനത്തിന് ഒരു നാട് നൽകിയ അംഗീകാരമാണ് പത്തനംതിട്ട കോന്നിയിലെ രാധപ്പടി എന്ന സ്ഥലനാമം.45 വർഷങ്ങൾക്ക് മുൻപ് ഹരിപ്പാട് സ്വദേശി രാധ പത്രപരസ്യം കണ്ടാണ് നേഴ്സയായി ജോലിയ്ക്ക് 21-ാം വയസിൽ കോന്നിയിലെ ഡിസ്പൻസറിയിൽ എത്തിയത്.
വനപ്രദേശമായ കോന്നിയുടെ ഉൾഗ്രാമങ്ങളിൽ ഈ ഡിസ്പെൻസറിയുടെ സേവനമാണ് ആകെ ആശ്രയം.ഡോക്ടറുടെ സേവനമോ, യാത്രാ സൗകര്യമോ ഇല്ലാത്ത പ്രദേശത്തെ ജനങ്ങൾക്ക് ആ കാലത്ത് ആകെയുള്ള ആശ്രയമായിരുന്നു രാധ എന്ന നേഴ്സ്.സ്വന്തം ജീവിതത്തിന്‍റെ ഏറിയ പങ്കും അവർ ഈ നാട്ടിലെ ജനങ്ങൾക്കായി മാറ്റി വച്ചു. വനമേഖലയിൽ ഉൾക്കാട്ടിലുൾപ്പെടെ പോയി ചികിത്സ നടത്തി നൂറ് കണക്കിന് പ്രസവം അടക്കം എടുത്തു.ഈ സേവനത്തിന് നാട് നൽകിയ അംഗീകാരമാണ് കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ സ്ഥലത്തിന് രാധപ്പടി എന്ന നാമം നൽകി രാധമ്മയെ അംഗീകാരം നൽകിയത്.
പെരിങ്ങാല 16-ാം വാർഡിൽ ഉഷസ്സ് വീട്ടിൽ മകൾ ശ്രീകലയ്ക്കും മരുമകൻ പ്രകാശിനുമൊപ്പമാണ് രാധമ്മ വിശ്രമജീവിതം ധന്യമാക്കുന്നത്. സ്വന്തം പേര് നാടിനൊപ്പം ചേര്‍ത്ത രാധമ്മയ്ക്ക് ബിജെപി ആദരവ് നൽകി . മുളക്കുഴയിലെ പെരിങ്ങാലയിൽ വാർഡ് മെമ്പർ സ്മിത വട്ടയത്തിന്‍റെ നേതൃത്വത്തിൽ പ്രമോദ് കാരയ്ക്കാട്, പി ജി പ്രിജിലിയ, സജി മനു, ഉഷ വി എം, അജയൻ വട്ടയത്തിൽ എന്നിവർ ആണ് ആദരവ് നൽകിയത് .