Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/05/2025 )

Spread the love

എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 16 മുതല്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിക്കും. വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. മേളയ്ക്കായി രൂപീകരിച്ച ഉപസമിതികള്‍ സമയബന്ധിതമായി ക്രമീകരണം പൂര്‍ത്തിയാക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു.

വിവിധ വകുപ്പുകളുടെ 188 സ്റ്റാളുകള്‍ ക്രമീകരിക്കും. ശുചിത്വമിഷനും നഗരസഭയും മാലിന്യസംസ്‌കരണം നിര്‍വഹിക്കും. ശുദ്ധജല ലഭ്യതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കും. സാംസ്‌കാരിക പരിപാടി, സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ തീംസ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. മേളയില്‍ സര്‍ക്കാര്‍ സേവനവും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ്കുമാര്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, വിവര പൊതുജന സമ്പര്‍ക്കവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ പ്രമോദ് കുമാര്‍, എഡിഎം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തണ്ണിമത്തന്‍ വിളവെടുത്തു

കോട്ടാങ്ങല്‍ സിഡിഎസ് ജില്ലാ മിഷന്‍ പദ്ധതി പ്രകാരം നടപ്പാക്കിയ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ്  ഉദ്ഘാടനം തുമ്പൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് നിര്‍വഹിച്ചു. പഞ്ചായത്തംഗം അമ്മിണി രാജപ്പന്‍ അധ്യക്ഷയായി. സമൃദ്ധി ജെഎല്‍ജി അംഗമായ രമാഭായ്, രാഖി കൃഷ്ണന്‍,ബീന, ലതാകുമാരി എന്നിവരാണ് തണ്ണിമത്തന്‍ കൃഷി നടപ്പാക്കിയത്. കിരണ്‍, മൂക്കാസ ഇനങ്ങളാണ് വിളവെടുത്തത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സാംകുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു, ജെഎല്‍ജി, അയല്‍കൂട്ടം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുടുംബശ്രീ കഫേ ഉദ്ഘാടനം ചെയ്തു

മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ തുണ്ടഴം കുടുംബശ്രീ കഫെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വത്സല വാസു, സ്ഥിരം സമിതി അധ്യക്ഷരായ അശ്വതി പി നായര്‍, ടി പ്രദീപ് കുമാര്‍, അംഗങ്ങളായ ശ്രീലേഖ എസ്, റോസമ്മ മത്തായി, ഉത്തമന്‍ പുരുഷോത്തമന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ വിജയമ്മ, പഞ്ചായത്ത് സെക്രട്ടറി സുമാഭായി അമ്മ, കുടുംബശ്രീ, ഹരിതകര്‍മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലഹരിക്കെതിരെ അവധിക്കാലക്യാമ്പ്

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഒ.ആര്‍.സി പദ്ധതിയുടെ ഭാഗമായി മാങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാലക്യാമ്പ് സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് കെ.പി രാജുവിന്റെ അധ്യക്ഷതയില്‍ പ്രധാന അധ്യാപിക ഷാനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ റ്റി ആര്‍ ലതാകുമാരി ലഹരിക്കെതിരായ സന്ദേശം നല്‍കി. ലഹരിക്കെതിരെയുള്ള സ്‌കിറ്റ്, ക്രാഫ്റ്റ്, ബാലാവകാശങ്ങള്‍, പോക്‌സോ ആക്ട്, സാമ്പത്തിക മാനേജ്‌മെന്റ്, സട്രെസ് മാനേജ്‌മെന്റ് വിഷയത്തില്‍ ഷീലു എം ലൂക്ക്, ഷിബി എബി, രേഷ്മ രാജ്, പി.എം ശ്രീലക്ഷ്മി എന്നിവര്‍ ക്ലാസ് എടുത്തു.

പേവിഷ ബാധ: പ്രത്യേകം ശ്രദ്ധിക്കണം

പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ജില്ലാ മെഡിക്കല്‍ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. തെരുവ് മൃഗങ്ങളോ, വീടുകളില്‍ വളര്‍ത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ, മാന്തുകയോ ചെയ്താല്‍ മുറിവ് പറ്റിയഭാഗം 15 മിനിറ്റ് ടാപ്പ് തുറന്ന വെള്ളത്തിലോ, കോരി ഒഴിച്ചോ സോപ്പുപയോഗിച്ച് നന്നായി കഴുകണം. ഇതിലൂടെ 99 ശതമാനം അണുക്കളും ഇല്ലാതാകും.

 

മുറിവ് കെട്ടിവയ്ക്കരുത്. എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തി പേവിഷബാധയ്ക്ക് എതിരായ കുത്തിവയ്പ്പ് ആരംഭിക്കണം. ഗുരുതരമായവയ്ക്ക് വാക്‌സിനു പുറമേ ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവയ്പ്പും എടുക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കണം. പ്രതിരോധകുത്തിവയ്പ്പ് എടുത്ത വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് കടിയേറ്റാലും വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണം.

 

സ്ഥിരമായി മൃഗങ്ങളില്‍ നിന്ന് കടിയേല്‍ക്കാന്‍ സാധ്യതയുള്ള തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുന്‍കൂട്ടി പ്രതിരോധകുത്തിവയ്പ്പ് എടുക്കണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കളിക്കിടയില്‍ മൃഗങ്ങളുടെ മാന്തലോ കടിയോ ഏറ്റാല്‍ ആ വിവരം മാതാപിതാക്കളെ അറിയിക്കണം. ഇവ ബോധ്യപ്പെടുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
എല്ലാ ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പേവിഷബാധയ്ക്ക് എതിരായ പ്രതിരോധവാക്‌സിന്‍ ലഭ്യമാണ്. കോന്നി മെഡിക്കല്‍ കോളേജ്, കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവയ്പ്പ് ലഭ്യമാണ്.
കടിയേറ്റ ദിവസം, തുടര്‍ന്ന് മൂന്ന്, ഏഴ്, 28 ദിവസങ്ങളില്‍ നാല് ഡോസ് ഐ ഡി ആര്‍വിയാണ് എടുക്കേണ്ടത്. ഒന്നോ രണ്ടോ വാക്‌സിന്‍ എടുത്ത് അവസാനിപ്പിക്കരുത്. മുഴുവന്‍ ഡോസും കൃത്യമായി പൂര്‍ത്തിയാക്കണം. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടെന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നതിനാല്‍ പെട്ടെന്നു പരമാവധി സമയം സോപ്പുപയോഗിച്ച് കഴുകണമെന്നും ആശുപത്രിയിലെത്തി ചികിത്സതേടണമെന്നും ജില്ലാമെഡിക്കല്‍ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു

അഭിമുഖം

ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി, എംഎസ്ഡിപി പദ്ധതിയുമായി ബന്ധപ്പെട്ട് ഡയറി പ്രമോട്ടര്‍, വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ (ഡബ്ലുസിസി വര്‍ക്കര്‍) എന്നിവര്‍ക്കായി മെയ് 19, 20 തീയതികളില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖം നടക്കും. താല്‍കാലിക അടിസ്ഥാനത്തില്‍ 8,000 രൂപ  വേതനത്തില്‍ 10 മാസത്തേക്കാണ് തെരഞ്ഞെടുക്കുന്നത്. ബന്ധപ്പെട്ട ബ്ലോക്കുകളിലെ താമസക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന് അതാത് ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2223711

കരാര്‍ നിയമനം

സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് നഴ്‌സിന്റെ തസ്തികയില്‍ കരാര്‍ നിയമനം.
മെയ് എട്ടിന് രാവിലെ 11 ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററില്‍ അഭിമുഖം. യോഗ്യത മൂന്ന് വര്‍ഷ ജി.എന്‍.എമ്മില്‍ സെക്കന്റ് ക്ലാസ്സ്. ബി.എസ്.സി നഴ്സിംഗ്/ പബ്ലിക്ക് ഹെല്‍ത്ത് റിസര്‍ച്ച് എന്നിവയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 വയസ്. www.shsrc.kerala.gov.in

ജില്ലാതല ഉദ്ഘാടനം ആറിന്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ അധിവര്‍ഷാനുകൂല്യ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മെയ് ആറിന് രാവിലെ 10ന് പത്തനംതിട്ട നഗരസഭ ഹാളില്‍ നടക്കും. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് സിയാദ് അധ്യക്ഷനാകുന്ന യോഗത്തില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ രണ്ടാം ഗഡു വിതരണ ഉദ്ഘാടനം നിര്‍വഹിക്കും.

പ്രൊഫൈല്‍ തിരുത്താം

ഐ.ടി.ഐ 2022 സെഷനില്‍ അഡ്മിഷന്‍ നേടിയ ദ്വിവത്സരട്രെയിനികള്‍ക്ക് പ്രൊഫൈലിലെ/സര്‍ട്ടിഫിക്കറ്റിലെ അപാകത (പേര്, മാതാപിതാക്കളുടെ പേര്, ജനനതീയതി) തിരുത്താം. ട്രെയിനികള്‍ https://dgt.skillindiadigital.gov.in ലിങ്ക് ഉപയോഗിച്ച് പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് പരാതി നല്‍കാം. പ്രൊഫൈലില്‍ തിരുത്തലുമായി ബന്ധപ്പെട്ട രേഖ സഹിതം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2258710.

പരിശീലനം

എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് പരിശീലനത്തിന് 18 മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0468 2992293, 0468 2270243

error: Content is protected !!