
‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള പത്തനംതിട്ടയില്‍ മേയ് 16 മുതല്‍
ഒരുങ്ങുന്നത് 71,000 ചതുരശ്രയടി പ്രദര്‍ശന നഗരി
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയ്ക്കായി പത്തനംതിട്ട ഇടത്താവളത്തില്‍ ഒരുങ്ങുന്നത് 71,000 ചതുരശ്രയടി പവലിയന്‍. അത്യാധുനിക ജര്‍മന്‍ ഹാംഗറിലാണ് നിര്‍മാണം. മേയ് 16 മുതല്‍ 22 വരെയാണ് മേള. ഉദ്ഘാടനം മേയ് 16ന് വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും.
പവലിയനുള്ളില്‍ പ്ലൈവുഡ് ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം. 45000 ചതുരശ്രയടിയില്‍ പൂര്‍ണമായും ശീതികരിച്ച 186 സ്റ്റാളുകള്‍ ക്രമീകരിക്കും. സ്റ്റാളുകള്‍ക്കിടയില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കും. ഭിന്നശേഷിക്കാര്‍ക്കായി റാമ്പുകളുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. വേദി ഉള്‍പ്പെടെ 8073 ചതുരശ്രയടി കലാപരിപാടിക്കായി ഒരുക്കിയിരിക്കുന്നു. ഇതിനോട് ചേര്‍ന്ന് 5400 ചതുരശ്ര അടിയില്‍ ഭക്ഷ്യ സ്റ്റാളുകളുണ്ട്. 1615 ചതുരശ്രയടിയിലാണ് അടുക്കള. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷ്യവിതരണം. ഒരേ സമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകും. 1500 ചതുരശ്രയടിയിലുള്ള ശിതീകരിച്ച മിനി സിനിമാ തിയേറ്ററും ഒരുക്കിയിട്ടുണ്ട്.
പൊലിസ് ഡോഗ് ഷോ, കൃഷി- അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയ്ക്കായി 6189 ചതുരശ്ര അടിയില്‍ തുറസായ സ്ഥലവും മേളയിലുണ്ടാകും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമേ വാണിജ്യ സ്റ്റാളുകളുമുണ്ട്. വിവിധ സര്‍ക്കാര്‍ സേവനം, ക്ഷേമ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ബയോ ടോയ്‌ലറ്റുകളുണ്ട്. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം.
മേളയോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവസാന ഘട്ടം ഒരുക്കം വിലയിരുത്തി. മാലിന്യ നിര്‍മാര്‍ജനം ശുചിത്വ മിഷന്‍ നിര്‍വഹിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും മെഡിക്കല്‍ സംഘമുണ്ടാകും. അഗ്നിരക്ഷാ സേന, പൊലിസ് എന്നിവയുടെ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
എംഎല്‍എമാരായ മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എഡിഎം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
‘കരുതലാകാം കരുത്തോടെ’ സമഗ്ര കര്‍മപദ്ധതിക്ക് തുടക്കം
‘കരുതലാകാം കരുത്തോടെ’ രക്ഷാകര്‍തൃ ശാക്തീകരണത്തില്‍ അധിഷ്ഠിതമായ സമഗ്ര കര്‍മപദ്ധതിക്ക് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളര്‍ത്താന്‍ രക്ഷിതാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. ലഹരി വസ്തുക്കള്‍ കൈവശം കണ്ടെത്തിയാല്‍ ലഭിക്കുന്ന ശിക്ഷാനടപടി സംബന്ധിച്ച് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും അറിവുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മുഖ്യസന്ദേശത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ് വള്ളിക്കോട്, ആര്‍.കെ.എസ്.കെ ജില്ലാ നോഡല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിബിന്‍ സാജന്‍, പാഠപുസ്തക നിര്‍മാണ സമിതി അംഗം ഡോ. അജിത്ത് ആര്‍ പിള്ള, അധ്യാപകനായ പ്രീത് ജി. ജോര്‍ജ് എന്നിവര്‍ ക്ലാസ് നയിച്ചു. കൗമാരക്കാരിലെ ലഹരി വസ്തുക്കളുടെ ഉപയോഗവും അക്രമവാസനയും നേരിടുന്നതിനും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ജില്ലാ പഞ്ചായത്ത് ആരംഭിച്ചതാണ് ‘കരുതലാകാം കരുത്തോടെ’കര്‍മപദ്ധതി. ആദ്യഘട്ടത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ പ്രഥമ അധ്യാപകരുടെയും പിടിഎ പ്രതിനിധികളുടെയും പരിശീലനം സംഘടിപ്പിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആര്‍ അനില റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അവധിക്കാല അധ്യാപക സംഗമം (മെയ് 13)
സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി അവധിക്കാല അധ്യാപക സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം (മെയ് 13) രാവിലെ 10 ന് കോഴഞ്ചേരി സെന്റ് തോമസ് എച്ച് എസ് എസ് ല്‍ നടക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് അംഗം സാറാതോമസ് ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠ്യപദ്ധതിക്കായി അധ്യാപകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
അക്രെഡിറ്റഡ് എഞ്ചിനീയര്‍ പരിശീലനം
പട്ടികജാതി വികസന വകുപ്പില്‍ അക്രെഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സീയര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗില്‍ ബി-ടെക് /ഡിപ്ലോമ /ഐടിഐ വിദ്യാഭ്യാസ യോഗ്യതയുളള പട്ടിക വിഭാഗക്കാര്‍ക്കാണ് അവസരം. പ്രായപരിധി 21-35. മുന്‍ വര്‍ഷങ്ങളില്‍ പരിശീലനം നേടിയവരെ പരിഗണിക്കില്ല. പരിശീലന കാലാവധി ഒരുവര്‍ഷം. പ്രതിമാസ ഓണറേറിയം 18,000. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ മെയ് 20ന് വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷ ഫോം ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്ന് ലഭിക്കും. ഫോണ്‍ :0468 2322712.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ് എസ് എല്‍ സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/ റഗുലര്‍/ പാര്‍ട്ട് ടൈം ബാച്ചുകള്‍.
ഫോണ്‍: 7994449314
ഇംഗ്ലീഷ് ഭാഷാ പരിശീലനം
കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്‌സ് ഇന്‍ ഇംഗ്ലീഷിന് പ്രവേശനം ആരംഭിച്ചു.
സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഗ്രാമര്‍, ഇന്റര്‍വ്യൂ ട്രെയിനിംഗ്, റെസ്യൂമേ ബില്‍ഡിങ്, മോക്ക് ഇന്റര്‍വ്യൂ, പബ്ലിക്ക് സ്പീക്കിങ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കും. ഫോണ്‍ : 9495999688.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ പോലീസ് സര്‍വീസില്‍ (കെഎപി മൂന്ന്) ഹവില്‍ദാര്‍ (എപിബി)(പട്ടികവര്‍ഗക്കാര്‍ക്കു
ളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍ 481/2021) തസ്തികയിലേക്ക് 2024 മാര്‍ച്ച് 22 ന് നിലവില്‍വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 325/2024/ഡിഒഎച്ച്) യുടെ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ പൊതുമരാമത്ത് വകുപ്പിലെ (ഇലക്ട്രിക്കല്‍ വിഭാഗം) ലൈന്‍മാന്‍ (പട്ടികവര്‍ഗക്കാര്‍ക്കു
ളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍ 118/2020) തസ്തികയിലേക്ക് 2022 മാര്‍ച്ച് 23 ന് നിലവില്‍വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 141/2022/ഡിഒഎച്ച്) യുടെ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
പിഎസ്‌സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി)(കാറ്റഗറി നമ്പര്‍ 076/24) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 21, 22 തീയതികളില്‍ പിഎസ്‌സി പത്തനംതിട്ട ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. വണ്‍ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരകുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. ഈഴവ /ബില്ല /തീയ വിഭാഗത്തില്‍ നിന്നാണ് നിയമനം. ഇവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുളളവരെ പരിഗണിക്കും. വെല്‍ഡര്‍ ട്രേഡില്‍ എന്റ്റിസി യും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. മെയ് 16ന് രാവിലെ 11ന് ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍ : 0468 2258710.
ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലെ ബൊലേറോ ജീപ്പിന്റെ അറ്റകുറ്റപണിക്കായി സ്‌പെയര്‍ പാര്‍ട്‌സ് വിതരണം ചെയ്യുന്നതിന് അംഗീകൃത വര്‍ക്ഷോപ്പില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 16 പകല്‍ മൂന്നുവരെ. ഫോണ്‍: 04735227703.
ക്വട്ടേഷന്‍
ഇടവമാസ പൂജയോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കലില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി നിയമിക്കുന്ന വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായ തോര്‍ത്ത്, ഓവര്‍ക്കോട്ട് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 14 രാവിലെ 11 വരെ. ഫോണ്‍: 04734 224827.
)
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ രേഖ പരിശോധന മെയ് 19 മുതല്‍ 26 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും മാര്‍ക്ക് ഷീറ്റ്, ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
കാറ്റഗറി ഒന്ന്- മെയ് 19, 20ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ.
കാറ്റഗറി രണ്ട്- മെയ് 21, 22ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ.
കാറ്റഗറി മൂന്ന്- മെയ് 23, 24 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ.
കാറ്റഗറി നാല്- മെയ് 26 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ.
മസ്റ്ററിംഗ്
ജില്ലയിലെ കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗങ്ങള്‍ (സ്‌കാറ്റേര്‍ഡ് വിഭാഗം) മെയ് 20 ന് മുമ്പ് മസ്റ്ററിംഗ് നടത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0468 2325346.
വെബ് ഡവലപ്മെന്റ് കോഴ്സ്
സംസ്ഥാന നൈപുണ്യ വികസന മിഷനായ കെഎഎസ്ഇ നേതൃത്വത്തില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നൈപുണ്യവികസന കേന്ദ്രത്തില്‍ സൗജന്യമായി നടത്തുന്ന വെബ് ഡവലപ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9188910571. ഇ മെയില്‍: [email protected]