
ലഹരിക്കെതിരെ മൂകാഭിനയവുമായി ഇരവിപേരൂര്‍ ഗില്ഗാല് ആശ്വാസ് ഭവന്
ലഹരിയുടെ ഉപയോഗത്തിനെതിരെ ഭിന്നശേഷി കലാകാരന്മാര് അവതരിപ്പിച്ച മൈം ശ്രദ്ധേയമായി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലാമേളയില്‍ ഇരവിപേരൂര്‍ ഗില്ഗാല് ആശ്വാസ് ഭവനിലെ അംഗങ്ങളാണ് മൈം അവതരിപ്പിച്ചത്.
ലഹരിക്കെതിരെയുള്ള ബോധവല്കരണമാണ് മൂകാഭിനയത്തിലൂടെ വേദിയില്‍ അരങ്ങേറിയത്. ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തി ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളുടെ നേര്കാഴ്ചയായിരുന്നു മൈമിന്റെ ഉള്ളടക്കം. ലഹരിയുടെ ഉപയോഗം ആരോഗ്യത്തെയും കുടുംബത്തെയും സമൂഹത്തെയും തകര്‍ക്കുമെന്നും വ്യക്തികളില്‍ അസാധാരണവും സാമൂഹിക വിരുദ്ധവുമായ പെരുമാറ്റത്തിന് കാരണമാകുമെന്നും കാണികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഓരോ ഭാഗവും. ജില്ലയിലെ ബിആര്‍സി, ബഡ്സ് സ്കൂളുകളിലെ കുട്ടികളുടെ പാട്ടും നൃത്തവും വേദിയെ ആവേശം കൊള്ളിച്ചു.
അളവില്‍ കൃത്രിമം കാണിക്കല്ലേ:അറിവേകി ലീഗല്‍ മെട്രോളജി സ്റ്റാള്‍
വാഹനlത്തില്‍ ഇന്ധനം നിറയ്ക്കുന്ന ഫ്യൂവല്‍ ഡിസ്പെന്‍സറിന്റെ പ്രവര്‍ത്തനം അറിയണമെങ്കില്‍ ശബരിമല ഇടത്താവളത്തിലെ ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയിലേക്ക് പോന്നോളൂ… പെട്രോള്‍ പമ്പിലെ ഫ്യൂവല്‍ ഡിസ്പെന്‍സറിന്റെ ഉള്‍ഭാഗം അടക്കം മീറ്ററിംഗ് യൂണിറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനവും ലീഗല്‍ മെട്രോളജി വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലൂടെ അടുത്തറിയാം.
അളവുതൂക്കത്തെ സംബന്ധിച്ചു സംശയങ്ങള്‍ക്കു മറുപടിയും സ്റ്റാളില്‍ ലഭിക്കും. അളവുതൂക്കം നിര്‍ണയിക്കുന്നതിന് ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന പറ, നാഴി, തോല, പൗണ്ട് തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നൂതന ഉപകരണം ഇലക്ട്രോണിക് ബാലന്‍സും കാണാം.
ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേട്ടം, ലോകം മുഴുവന്‍ അളവുകളുടെ ഏകീകരണം സാധ്യമാകുന്നത് എങ്ങനെയെന്ന് മനസിലാകുന്ന വിധത്തിലുള്ള ചാര്‍ട്ട്, ഭാരം അളക്കുന്നതിനുള്ള ഉപകരണം എന്നിവയും സ്റ്റാളിലുണ്ട്.
കളിക്കളമൊരുക്കി കായികവകുപ്പ്
‘മൈതാനത്തേയ്ക്ക്്’ സന്ദര്‍ശകരെ പ്രവേശിപ്പിച്ച് കായികവകുപ്പിന്റെ സ്റ്റാള്‍. എന്റെ കേരളം മേളയില്‍ മൈതാനത്തിന്റെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത സ്റ്റാളില്‍ അമ്പെയ്ത്ത്, ഫുട്ബോള്‍, ബാസ്ക്കറ്റ്ബോള്‍ തുടങ്ങി നിരവധി ഗെയിമുകളുടെ ചെറുമാതൃക കായിക പ്രേമികള്‍ക്ക് ഒരുക്കിയിരിക്കുന്നു. ഫുട്ബോള്‍ ടര്‍ഫും സിന്തറ്റിക് ട്രാക്കും പ്രായഭേദമന്യേ ആകര്‍ഷണീയമാണ്. ഇലക്ട്രിക്ബസ് വയര്‍ ഗെയിം, ത്രോയിംഗ് ടാര്‍ഗറ്റ്, ബാസ്കറ്റ് ബോള്‍, സോഫ്റ്റ് ആര്‍ച്ചറി, സ്വിസ് ബോള്‍, ബാഡ്മിന്റണ്‍, സ്കിപ്പിംഗ് റോപ്, ബാലന്‍സിങ്, ഫുട്ബാള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. കുട്ടികള്‍ക്ക് കിഡ്സ് പ്ലേഗ്രൗണ്ടാണ് മറ്റൊന്ന്. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാനായി ഹെല്‍ത്തി കിഡ്സും സജ്ജീകരിച്ചിട്ടുണ്ട്. കായിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനവും വിവരവും സന്ദര്‍ശകര്‍ക്ക് ലഭിക്കും.
ആരോഗ്യ വിഷയത്തെ കുറിച്ചുള്ള വിവരത്തിനായി പ്രത്യേക വിഭാഗവുമുണ്ട്. ഉയരവും തൂക്കവും പരിശോധിച്ചു ബോഡി മാസ് അറിയാനും 18 വയസ് വരെയുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതി മനസിലാക്കുന്ന ചാര്‍ട്ടും അറിവേകും.
സ്വയം തൊഴില്‍ വായ്പ അറിയാന്‍ മേളയില്‍ അവസരം
സ്വയം തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതി മേളയിലൂടെ അറിയാം. സര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്റ്റാളില്‍ ശരണ്യ, കൈവല്യ, കെസ്റു, നവജീവന്‍ തുടങ്ങിയ സ്വയം തൊഴില്‍ വായ്പയ്ക്കുള്ള അപേക്ഷയും സംരംഭങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശവും വായ്പയും കരിയര്‍ ഗൈഡന്‍സും ലഭിക്കും.
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്, പുതുക്കല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെയ് 22 വരെയാണ് പ്രദര്‍ശന വിപണന മേള.