Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 23/05/2025 )

Spread the love

വെച്ചൂച്ചിറ, കൊറ്റനാട്  സാമൂഹിക ആരോഗ്യകേന്ദ്രം നിര്‍മാണോദ്ഘാടനം
മന്ത്രി വീണാ ജോര്‍ജ്  ( മേയ് 24) നിര്‍വഹിക്കും

വെച്ചൂച്ചിറ, കൊറ്റനാട്  സാമൂഹിക ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണോദ്ഘാടനം ആരോഗ്യ  വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ( മേയ് 24) നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് വെച്ചൂച്ചിറയിലെ ചടങ്ങില്‍ റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ അധ്യക്ഷനാകും.

 

എംഎല്‍എ യുടെ മണ്ഡല ആസ്തി വികസന ഫണ്ട് 95 ലക്ഷം രൂപ ചെലവഴിച്ചാണ്  ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം.   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട്  അവതരിപ്പിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യാതിഥി ആകും.

ഉച്ചയ്ക്ക് 2.45ന് കൊറ്റനാടിലെ ചടങ്ങില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. എംഎല്‍എ യുടെ മണ്ഡല ആസ്തി വികസന ഫണ്ട് 90 ലക്ഷം രൂപ ചെലവഴിച്ചാണ്  ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം.   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട്  അവതരിപ്പിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു (ബാബു കൂടത്തില്‍)  മുഖ്യാതിഥികളാകും.


സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണം:  ഡെപ്യൂട്ടി സ്പീക്കര്‍

അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എംഎല്‍എ ആസ്തി വികസന പദ്ധതികളുടെ പുരോഗതി ഡെപ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

സ്പെഷ്യല്‍ ഡെവലപ്മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്മെന്റ് സ്‌കീം (എഡിഎസ്) എന്നിവയിലുള്‍പ്പെടുത്തി അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി.

കടമ്പനാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കണം.
ഹാബിറ്റാറ്റ്, കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍ നിര്‍വഹണ ഏജന്‍സികള്‍ ഏറ്റെടുത്ത പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ തദ്ദേശ സ്വയംഭരണ എക്സിക്യൂട്ടിവ് എഞ്ചീനിയറുമായും യോഗം ചേരും.

പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ അടൂര്‍ ചിറപ്പടി-വല്യവിളപ്പടി റോഡ്, വട്ടവിളപടി – മേലേതില്‍പടി റോഡ്, കൂനംകാവില്‍പടി- കൊടുമണ്‍ചിറ് റോഡ്, പള്ളിക്കല്‍ റീത്തപ്പള്ളിപ്പടി- കാഴ്ചപ്പടി റോഡ് തുടങ്ങിയവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, എ ഡി സി ജനറല്‍ ജി രാജ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വോട്ടര്‍പട്ടിക ശുദ്ധീകരണം :  സി.ഇ.ഒ ടീം സന്ദര്‍ശനം നടത്തി

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രവര്‍ത്തനം വിലയിരുത്താന്‍ ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍.എസ് റസിയുടെ നേതൃത്വത്തില്‍  ജില്ലയില്‍ സന്ദര്‍ശനം നടത്തി. സ്ഥലം മാറിപ്പോയവരേയും മരണപ്പെട്ടവരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് കുറ്റമറ്റ രീതിയിലുള്ള പട്ടിക നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ്  പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നിലധികം തവണയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പാടില്ല. ഒരു സ്ഥലത്ത് വോട്ടുള്ള കാര്യം ബോധപൂര്‍വം മറച്ച് മറ്റൊരു സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് 1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 31 പ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഒന്നിലധികം ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളവര്‍ ഇ.ആര്‍.ഒമാരെയോ ബി.എല്‍.ഒമാരെയോ തിരികെ ഏല്‍പ്പിക്കണം.  ബോധപൂര്‍വം  ഒന്നിലധികം തവണ പേര് ചേര്‍ത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് എല്ലാ ഇ.ആര്‍.ഒമാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കണമെന്ന് സി.ഇ.ഒ ടീം ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.

റാന്നി, ആറന്മുള, കോന്നി മണ്ഡലങ്ങളിലെ ഇ.ആര്‍.ഒമാരായ  ഡപ്യുട്ടി കലക്ടര്‍മാര്‍,  തിരുവല്ല, അടൂര്‍ മണ്ഡലത്തിലെ ഇ.ആര്‍.ഒമാരായ സബ് കലക്ടറുടെയും ആര്‍ഡിഒയുടെയും ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലും സി.ഇ.ഒ ടീം സന്ദര്‍ശിച്ചു.  പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട ബി.എല്‍.ഒമാരുമായി ആശയ വിനിമയം നടത്തി.

യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഫ്‌ളാഷ് മോബ്

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ തിരഞ്ഞെടുപ്പ്  വിഭാഗത്തിന്റെയും  ആറന്മുള  ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെയും  നേതൃത്വത്തില്‍ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ ഫാളാഷ് മോബ് സംഘടിപ്പിച്ചു. കാതോലിക്കറ്റ് കോളജ് ഇലക്ടറല്‍ ലിറ്റററി ക്ലബ് നേതൃത്വം നല്‍കി.  ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍ എസ് റസി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, സ്വീപ്പ് നോഡല്‍ ഓഫീസര്‍ റ്റി. ബിനുരാജ് , ആറന്മുള ഇആര്‍ഒ മിനി തോമസ്, സെക്ഷന്‍ ഓഫീസര്‍ ശിവലാല്‍, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റുമാരായ സിജിത്ത്, മിതിരാജ്  എന്നിവര്‍  പങ്കെടുത്തു.

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം : ശില്‍പശാല സംഘടിപ്പിച്ചു

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെയും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും  ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ”ഒരുമിക്കാം ഒഴിവാക്കാം; ജൈവ അധിനിവേശവും നിയന്ത്രണവും” വിഷയത്തില്‍  ഏകദിന ശില്‍പശാല നടന്നു. കാതോലിക്കേറ്റ് കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷനുമായ ജോര്‍ജ് എബ്രഹാം ശില്‍പശാല ഉദ്ഘാടനം ചെയ്തു.

അധിനിവേശ ജീവജാലങ്ങള്‍ നാടിനു വിപത്തായി മാറിക്കഴിഞ്ഞെന്നും പ്രകൃതിയുടെ തനതായ സമതുലിതാവസ്ഥയെ ബാധിച്ചിരിക്കുകയാണെന്നും ജോര്‍ജ് എബ്രഹാം പറഞ്ഞു.
ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍  ജി ഉല്ലാസ് അധ്യക്ഷനായി. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍. അനില്‍കുമാര്‍, ജില്ലാ സോഷ്യല്‍ ഫോറസ്ടി എ.സി.എഫ് ബി രാഹുല്‍,  ജൈവവൈവിധ്യ ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ്, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ബിനോയി റ്റി. തോമസ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്  സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. അജ്ഞു വി ജലജ് , അധ്യാപകരായ ഡോ. വി.പി. തോമസ്,   ഡോ. ആര്‍. അഭിലാഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.


ഹെപ്പറ്റൈറ്റിസ് എ  ആരംഭത്തില്‍ ചികിത്സിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു.

മലിനമായ ജലസ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പനി, ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ ഛര്‍ദി, കണ്ണിന് മഞ്ഞനിറo തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിലെത്തണം.

ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഉറപ്പു വരുത്തുക.
നന്നായി പാചകം ചെയ്ത ഭക്ഷണം കഴിക്കുക. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം
ഒഴിവാക്കുക. സെപ്ടിക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടാകണം.
ശുദ്ധത ഉറപ്പില്ലാത്ത ഐസ്‌ക്രീം, സിപ്പ് അപ്പ്, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.
ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജനത്തിനുശേഷവും കൈ സോപ്പ് ഉപയോഗിച്ച്
കഴുകണം.

രോഗി ഭക്ഷണം പാചകം ചെയ്യുകയോ വിളമ്പുകയോ ചെയ്യരുത്. പൊതുകുളങ്ങളോ നീന്തല്‍കുളങ്ങളോ ഉപയോഗിക്കരുത്. കുഞ്ഞുങ്ങളെയും പ്രായമായവരെയും പരിചരിക്കുന്നതില്‍ നിന്നും രോഗി ഒഴിഞ്ഞു നില്‍ക്കണം. രോഗിയുടെ  പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്.
കൈ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം.


ക്വട്ടേഷന്‍

ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുളള വാഹനത്തിന്  ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏഴ് /അഞ്ച് സീറ്റ് ,  എ.സി, 2018ന്  മുകളിലുളള മോഡല്‍  ഇന്നോവ, മഹീന്ദ്ര ബൊലേറോ/സൈലോ, മാരുതി എര്‍ട്ടിഗ,  സ്വിഫ്റ്റ് ഡിസൈര്‍, തതുല്യ നിലവാരമുളള മറ്റ് വാഹനങ്ങള്‍ എന്നിവ പരിഗണിക്കും. മേയ് 26ന് വൈകിട്ട് നാലിന് മുമ്പ് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍ ) കലക്ടറേറ്റ്, പത്തനംതിട്ടയുടെ കാര്യാലയത്തില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ : 0468 2320940.


അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍  സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഡിസിഎ, വേഡ്  പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി , ടാലി എംഎസ് ഓഫീസ്, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ : 0469 2961525, 8281905525.

രാഷ്ട്രീയ ബാല പുരസ്‌കാരം

വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ  പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിനായി ധീരത, സാമൂഹ്യസേവനം, പരിസ്ഥിതി,  കലാ-കായിക-സാംസ്‌കാരികം, ശാസ്ത്ര- സാങ്കേതികം മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികള്‍ക്ക്  അപേക്ഷിക്കാം. അപേക്ഷ https://awards.gov.in വെബ് പോര്‍ട്ടല്‍ മുഖേന അയക്കണം. അവസാന തീയതി ജൂലൈ 31.  ഫോണ്‍ : 0468 2319998.


വനിത കമ്മീഷന്‍ സിറ്റിംഗ്  മേയ് 27 ന്

വനിത കമ്മീഷന്‍ സിറ്റിംഗ്  മേയ് 27 ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.


മസ്റ്ററിങ്ങ്

എഎവൈ മുന്‍ഗണന കാര്‍ഡ് അംഗങ്ങള്‍ മേയ് 31 ന് മുമ്പ് റാന്നി താലൂക്ക് സപ്ലൈ ഓഫീസിലോ റേഷന്‍ കടയിലോ ആധാര്‍, റേഷന്‍ കാര്‍ഡ് സഹിതം എത്തി മസ്റ്ററിങ്ങ് പൂര്‍ത്തീകരിക്കണമെന്ന് താലൂക്ക് സപ്ലൈ  . ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 227504.


സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഭവന പുനരുദ്ധാരണത്തിനോ പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപറ്റാത്ത 2.5 ലക്ഷം രൂപയില്‍ താഴെ വരുമാനമുളള  പട്ടികവര്‍ഗക്കാരില്‍ നിന്ന് സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പേരിലോ ഭാര്യ/ ഭര്‍ത്താവിന്റെ  പേരിലോ ആയിരിക്കണം വീട്. റാന്നി ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. അവസാന തീയതി മേയ് 31. ഫോണ്‍ : 04735 221044, 227703.


അധ്യാപക പരിശീലനം സമാപിച്ചു

സമഗ്ര ഗുണമേന്‍മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഇടങ്ങളില്‍ രണ്ട് ഘട്ടമായി നടന്ന അധ്യാപക പരിശീലനം അവസാനിച്ചു. ഭിന്നശേഷി കുട്ടികളെ ചേര്‍ത്ത് പിടിക്കുന്ന പഠന രീതികളും പരിശീലനത്തിനുണ്ടായി. ‘ബാല്യത്തിനും യൗവനത്തിനും ഒപ്പം’ എന്ന ലഹരി വിരുദ്ധ കാമ്പയിനും തുടക്കം കുറിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസറായ ഡോ. എസ്. സുജമോള്‍, ഡോ. കെ.എം ആരതി കൃഷ്ണ, ജി.സി സുനി എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!