
മഴക്കെടുതി: ജില്ലയില്‍ 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു
ശക്തമായ മഴയില്‍ ജില്ലയിലെ ആറ് താലൂക്കുകളിലായി 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 72, തിരുവല്ല 56, റാന്നി 38, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തിരുവല്ല താലൂക്കില്‍ 12, കോഴഞ്ചേരി, കോന്നി, അടൂര്‍ താലൂക്കുകളില്‍ 10, റാന്നി താലൂക്കില്‍ ഒമ്പത്, മല്ലപ്പള്ളി താലൂക്കില്‍ ഏഴ് എന്നിങ്ങനെയാണ് മഴക്കെടുതി ബാധിച്ച വില്ലേജുകള്‍.
ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി കെഎസ്ഇബിയ്ക്ക് 80.89 ലക്ഷം രൂപയുടെ നഷ്ടം. 149 ഹൈടെന്‍ഷന്‍ പോസ്റ്റും 816 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 1069 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി.
കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 3.27 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടര്‍ സ്ഥലത്ത് വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. 2018 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്. നെല്ല്, വാഴ, റബര്‍ എന്നിവയെആണ് കൂടുതല്‍ ബാധിച്ചത്.
സ്‌കൂള്‍ പ്രവേശനോല്‍സവ ഗാനം – ഭദ്രാ ഹരിയെ ഡെപ്യൂട്ടി സ്പീക്കര്‍ ആദരിച്ചു
ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോല്‍സവത്തിനായി തയാറാക്കിയ ഗാനത്തിന് വരികള്‍ രചിച്ച ഭദ്ര ഹരിയെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അനുമോദിച്ചു. ‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ’ എന്ന ഗാനം ജൂണ്‍ രണ്ടിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും മുഴങ്ങുമ്പോള്‍ അടൂരിന്റെ അഭിമാനമായി ഭദ്ര നിറയും.
ഭദ്രയുടെ കവിതകളില്‍ പ്രകൃതിയുടെ മനോഹര ബിംബങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഭദ്രയുടെ കവിതകള്‍ ആദ്യ വായനയില്‍ നമ്മെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ 15 കവിതകള്‍ ഉള്‍പ്പെടുത്തി മഴത്തുള്ളി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ധനുമാസ പൗര്‍ണമി എന്ന കവിതാ സമാഹാരം ഡെപ്യൂട്ടി സ്പീക്കറിന് ഭദ്ര സമ്മാനിച്ചു. ഭദ്രയുടെ അച്ഛന്‍ ഹരീന്ദ്രനാഥ്, അമ്മ സുമ, എറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, അനില്‍ പൂതക്കുഴി, കെ സുനില്‍ ബാബു എന്നിവരും സന്നിഹിതരായിരുന്നു.
പന്തളം ബ്ലോക്ക് പഞ്ചായത്ത് വിഭജനം : കരട് നിര്‍ദ്ദേശം പ്രസിദ്ധപ്പെടുത്തി
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ട സ്ഥാനങ്ങളുടെ എണ്ണം 14 ആയി തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍ (റൂറല്‍) നിശ്ചയിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിനെ 14 നിയോജകമണ്ഡലങ്ങളായി വിഭജിക്കുന്നതിനും അതിര്‍ത്തി നിര്‍ണയിക്കുന്നതിനുമുള്ള കരട് നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് രാജ് ആക്ടിലെ 10-ാം വകുപ്പ് അനുശാസിക്കും പ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ delimitation.lsgkerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് പേജ് ഒന്നിന് മൂന്ന് രൂപ 50 പൈസ നിരക്കില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്ന് കരട് നിര്‍ദേശങ്ങള്‍ ലഭിക്കും. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂണ്‍ ഏഴിനകം ഡിലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നേരിട്ട് /രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഇതോടൊപ്പം രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നല്‍കാം. യുക്തമെന്ന് കാണുന്ന പക്ഷം ആക്ഷേപങ്ങളും അഭിപ്രായങ്ങളും നല്‍കിയ വ്യക്തികളെ കമ്മിഷന്‍ നേരിട്ട് കേള്‍ക്കും.
ധനസഹായം
വിമുക്ത ഭടന്മാരായ കിടപ്പ് രോഗികള്‍ക്ക് സ്റ്റേറ്റ് മിലിട്ടറി ബെനവലെന്റ് ഫണ്ടില്‍ നിന്ന് പ്രതിമാസ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പുതിയ പദ്ധതിക്കായി വിവരം ശേഖരിക്കുന്നു. കിടപ്പുരോഗികളായ വിമുക്തഭടന്മാര്‍/ഭാര്യമാര്‍/വി
മസ്റ്ററിംഗ്
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്ന് 2024 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍
ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ വാര്‍ഷിക മസ്റ്ററിംഗ് നടത്തണം. ഇ – മസ്റ്ററിംഗ് പരാജയപ്പെടുന്ന ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0468 2222340, 9496042677.
വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം: യോഗം ജൂണ്‍ നാലിന്
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍, യാത്രാസൗകര്യം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂണ്‍ നാലിന് രാവിലെ 11 ന് പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, കെഎസ്ആര്‍ടിസി/ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ഇ-കെവൈസി അപ്‌ഡേഷന്‍
മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ചെയ്യാനുളള സമയപരിധി ജൂണ്‍ 10 ന് അവസാനിക്കും. കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറുന്നത് ഒഴിവാക്കാന്‍ മസ്റ്ററിംഗ് ചെയ്യാത്ത അംഗങ്ങള്‍ റേഷന്‍ കടയിലോ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിലോ മസ്റ്ററിംഗ് നടത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222212.
അധ്യാപക നിയമനം
വെച്ചൂചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
തസ്തിക, യോഗ്യത ക്രമത്തില്‍ ചുവടെ.
ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് – ബന്ധപ്പെട്ട വിഷയത്തില്‍ ബി-ടെക് ഫസ്റ്റ്ക്ലാസ്.
ട്രേഡ്‌സ്മാന്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് – ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമ.
ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് – ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമ.
ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം /തതുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ അഞ്ചിന് രാവിലെ 10ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.
മരങ്ങള്‍ മുറിച്ചുമാറ്റണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷകെടുതിയില്‍ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങള്‍ മുറിച്ചുമാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന സകല നഷ്ടങ്ങള്‍ക്കും ഉടമസ്ഥര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ അഞ്ചിന്
ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ അഞ്ചിന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അബാന്‍ മേല്‍പാലം: നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അബാന്‍ മേല്‍പാലനിര്‍മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. മേല്‍പാലത്തിന്റെ 10 സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി ഉടന്‍ തുടങ്ങും. സര്‍വീസ് റോഡ് നിര്‍മാണം ആരംഭിച്ചു. വാട്ടര്‍ അതോറിറ്റിയുടെയും കെഎസ്ഇബിയുടെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തി പൂര്‍ത്തികരിച്ചു. കോഴഞ്ചേരി പുതിയ പാലത്തിന്റെ അവസാന സ്പാനിന്റെ നിര്‍മാണം തുടങ്ങി. മഞ്ഞനിക്കര ഇലവുംതിട്ട മുളക്കുഴ റോഡിലെ ഓമല്ലൂര്‍ ഭാഗത്തെ കലുങ്ക് നിര്‍മാണം പുരോഗമിക്കുന്നു. വയറപ്പുഴ പാലത്തിന്റെ പൈലിംഗ് പൂര്‍ത്തിയായി. കരയിലെ സ്ലാബ് ഷട്ടറിംഗ് ഡിസംബറില്‍ തീര്‍ക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. അമ്പലക്കടവ് – മണ്ണാക്കടവ് എസ് സി നഗറിലേക്കുള്ള റോഡ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി പുതിയ കെട്ടിടം വൈകാതെ പൂര്‍ത്തിയാകും. ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. സ്‌കൂള്‍, അങ്കണവാടികള്‍ക്ക് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പുറമറ്റം ആയൂര്‍വേദാശുപത്രി കെട്ടിട നിര്‍മാണം അവസാനഘട്ടത്തിലെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. വഞ്ചിപ്പോട്ടില്‍ കടവ് പാലം, പുനര്‍നിര്‍മാണം നടക്കുന്ന തിരുവാറ്റ പാലം തുടങ്ങിയവയുടെ പുരോഗതി എംഎല്‍എ വിലയിരുത്തി.
നവകേരള സദസ് നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍ എ പറഞ്ഞു. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പഞ്ചായത്തുതല എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ തെരുവുനായ നിയന്ത്രണ നടപടി ഊര്‍ജിതമാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാടിന്റെ വികസനത്തിനു വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച അനിവാര്യം: പ്രമോദ് നാരായണ്‍ എംഎല്‍എ
നാടിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്നും മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് മുന്‍ഗണന നല്‍കി നടത്തുന്നതെന്നും റാന്നി എം എല്‍ എ അഡ്വ. പ്രമോദ് നാരായണ്‍. മാടമണ്‍ സര്‍ക്കാര്‍ യു. പി. സ്‌കൂളിന്റെ പുതിയ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം . റാന്നി മണ്ഡലത്തില്‍ സര്‍വതല സ്പര്‍ശിയായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി എസ് സി പരിശീലനം ഓഗസ്റ്റില്‍ ആരംഭിക്കും. കുടുംബശ്രീ മുഖേന സ്ത്രീകളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള ‘സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രൊജക്റ്റ് നടപ്പാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായതായും എംഎല്‍ എ പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആകസ്മിക ഫണ്ടില്‍ നിന്ന് 54.90 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചത്. ചടങ്ങില്‍ പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്‍ അധ്യക്ഷനായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കോമളം അനിരുദ്ധന്‍, പെരുനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എം. എസ് ശ്യാം, വാര്‍ഡ് അംഗം അജിതാ റാണി, സ്‌കൂള്‍ പ്രഥമാധ്യാപിക ലിനി ജോണ്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എസിക്യൂട്ടീവ് എഞ്ചിനീയര്‍ വി. കെ. ജാസ്മിന്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, പി ടി എ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ 38 ദുരിതാശ്വാസ ക്യാമ്പുകള്‍
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ 38 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കില്‍ 27, കോഴഞ്ചേരി താലൂക്കില്‍ ആറ്, മല്ലപ്പള്ളി താലൂക്കില്‍ മൂന്ന്, കോന്നി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുമാണുള്ളത്. 257 കുടുംബങ്ങളിലായി 377 പുരുഷന്മാരും 387 സ്ത്രീകളും 129 കുട്ടികളുമുള്‍പ്പെടെ 893 പേരാണ് ക്യാമ്പിലുള്ളത്.
കോഴഞ്ചേരി താലൂക്കില്‍ ആറന്മുള എന്‍എംയുപി സ്‌കൂള്‍, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, നാല്‍കാലിക്കല്‍ എംടിഎല്‍പിഎസ്, വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്തര്‍ സാംസ്‌കാരിക നിലയം, ഓന്തേക്കാട് എംടിഎല്‍പിഎസ് ക്യാമ്പുകളിലായി 19 കുടുംബങ്ങളിലെ 55 പേരാണുള്ളത്.
മല്ലപ്പള്ളി താലൂക്കില്‍ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് യുപിഎസ്, ആനിക്കാട് പിആര്‍ഡിഎസ് സ്‌കൂള്‍, കീഴ്വായ്പൂര്‍ സര്‍ക്കാര്‍ വിഎച്ച്എച്ച്എസ് എന്നിവിടങ്ങളിലായി അഞ്ച് കുടുംബങ്ങളിലെ 22 പേര്‍ ക്യാമ്പിലുണ്ട്.
കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് ഒരു കുടുംബത്തിലെ നാല് പേരും അടൂര്‍ താലൂക്കില്‍ പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ടു പേരുമാണുള്ളത്.
തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, കുറ്റപ്പുഴ സെന്റ് തോമസ് സ്‌കൂള്‍, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, കോയിപ്രം കുമ്പനാട് ഗേള്‍സ് സ്‌കൂള്‍, ഇരവിപേരൂര്‍ നന്നൂര്‍ കമ്യൂണിറ്റി ഹാള്‍, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍പി സ്‌കൂള്‍, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, നിരണം മുകളടി സര്‍ക്കാര്‍ യുപിഎസ്, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്,കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, ഇരവിപേരൂര്‍ വാടിക്കുളം എന്‍എസ്എസ് സ്‌കൂള്‍, കടപ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, കടപ്ര സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍, കവിയൂര്‍ തോട്ടഭാഗം സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍, തിരുവല്ല സിഎംഎസ് എച്ച്എസ്എസ്, കാവുംഭാഗം ഡിബിഎച്ച്എസ്, തിരുവല്ല ഡയറ്റ്, കുറ്റപ്പുഴ തിരുമൂലവിലാസം യുപി സ്‌കൂള്‍, ഇരവിപേരൂര്‍ മുരിങ്ങശേരി എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, തോട്ടപ്പുഴശേരി എഎംഎംടിടിഐ, ഇരവിപേരൂര്‍ ദേവിവിലാസം എന്‍എസ്എസ് സ്‌കൂള്‍, കാവുംഭാഗം ആലംതുരുത്തി സര്‍ക്കാര്‍ എല്‍പി എസ്, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, കുറ്റൂര്‍ ബാലികമഠം, പെരിങ്ങര പിഎംവി എല്‍പിഎസ് എന്നിവിടങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു. 231 കുടുംബത്തിലെ 810 പേരാണ് തിരുവല്ല താലൂക്കിലെ ക്യാമ്പുകളിലുള്ളത്.
മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസ് സ്‌കൂളിലെ ക്യാമ്പ് താല്‍ക്കാലികമായി അടച്ചു.