ഓമല്ലൂരില്‍ ‘ചക്കഗ്രാമം’ പദ്ധതി

Spread the love

 

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ‘ചക്കഗ്രാമം’ പദ്ധതിയുടെ ഭാഗമായി പ്ലാവിന്‍ തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അധ്യക്ഷയായി.

ബഡ് ചെയ്ത 164 പ്ലാവിന്‍ തൈകള്‍ വീതം ഓരോ വാര്‍ഡിലും പരിസ്ഥിതി ദിനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വീടുകളില്‍ നടും. രണ്ട് വര്‍ഷം കൊണ്ട് ഫലം ഉണ്ടാകുന്ന വിയറ്റ്നാം ഇനത്തില്‍ പെട്ട പ്ലാവിന്‍ തൈകളാണ് വിതരണം ചെയ്തത്. 700 മാവിന്‍ തൈകളും 1400 സപ്പോര്‍ട്ട തൈകളും ഉള്‍പ്പടെ 4500 ഫലവൃക്ഷ തൈകളാണ് ആകെ നടുന്നത്. പഞ്ചായത്ത് അംഗങ്ങളായ മിനി വര്‍ഗീസ്, അന്നമ്മ, സിഡിഎസ് ചെയര്‍പേഴ്സണ്‍ അമ്പിളി എന്നിവര്‍ പങ്കെടുത്തു.