
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന 22 സ്‌കൂളുകള്‍ക്ക് ( ജൂണ്‍ 3) ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അവധി പ്രഖാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തി തിരുവല്ല താലൂക്കിലെ 15 സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.
മഴക്കെടുതി: 256 വീടുകള്‍ ഭാഗികമായി തകര്‍ന്നു
ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ 256 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 77, തിരുവല്ല 56, റാന്നി 39, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി കെഎസ്ഇബിക്ക് 83.89 ലക്ഷം രൂപയുടെ നഷ്ടം. 153 ഹൈടെന്‍ഷന്‍ പോസ്റ്റും 852 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 1086 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി.
കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 90.75 ഹെക്ടര്‍ സ്ഥലത്ത് 4.55 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 2693 കര്‍ഷകര്‍ക്ക് നാശനഷ്ടമുണ്ടായി. നെല്ല്, വാഴ, റബര്‍ എന്നിവയെ ആണ് കൂടുതല്‍ ബാധിച്ചത്.
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 37
ജില്ലയില്‍ 37 ദുരിതാശ്വാസ ക്യാമ്പുകള്‍ . 371 കുടുംബങ്ങളിലായി 475 പുരുഷന്‍മാരും 501 സ്ത്രീകളും 231 കുട്ടികളും ഉള്‍പ്പെടെ 1207 പേരാണ് ക്യാമ്പിലുള്ളത്. തിരുവല്ല താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍. 30 ക്യാമ്പുകളിലായി 441 പുരുഷന്മാരും 461 സ്ത്രീകളും 209 കുട്ടികളുമായി 341 കുടുംബങ്ങള്‍ ഉണ്ട്.
തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, തിരുമൂലപുരം സെന്റ് തോമസ് സ്‌കൂള്‍, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, ഇരവിപേരൂര്‍ നന്നൂര്‍ കമ്യൂണിറ്റി ഹാള്‍, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍പി സ്‌കൂള്‍, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, നിരണം മുകളടി സര്‍ക്കാര്‍ യുപിഎസ്, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, കടപ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, കടപ്ര സര്‍ക്കാര്‍ യു പി സ്‌കൂള്‍, കവിയൂര്‍ തോട്ടഭാഗം സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍, തിരുവല്ല സിഎംഎസ് എച്ച്എസ്എസ്, കാവുംഭാഗം ഡിബിഎച്ച്എസ്, തിരുവല്ല ഡയറ്റ്, കുറ്റപ്പുഴ തിരുമൂലവിലാസം യുപി സ്‌കൂള്‍, ഇരവിപേരൂര്‍ മുരിങ്ങശേരി എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, തോട്ടപ്പുഴശേരി എഎംഎംടിടിഐ, കാവുംഭാഗം ആലംതുരുത്തി സര്‍ക്കാര്‍ എല്‍പിഎസ്, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, കുറ്റൂര്‍ ബാലികമഠം, പെരിങ്ങര പിഎംവി എല്‍പിഎസ്, നിരണം സെന്റ് മേരീസ് എച്ച് എസ്, കടപ്ര സര്‍ക്കാര്‍ യു പി സ്‌കൂള്‍, കൊമ്പങ്കേരി എംടിഎല്‍പിഎസ്, പെരിങ്ങര സര്‍ക്കാര്‍ എല്‍പിഎസ്, വേങ്ങല്‍ എംടിഎല്‍പിഎസ്, കണ്ണശ്ശ സ്മാരകം എല്‍പിഎസ് എന്നിവിടങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു.
കോഴഞ്ചേരി താലൂക്കില്‍ അഞ്ച്, കോന്നി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുണ്ട്.
കോഴഞ്ചേരി താലൂക്കില്‍ ആറന്മുള കോഴിപാലം എന്‍എംയുപി സ്‌കൂള്‍, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്തര്‍ സാംസ്‌കാരിക നിലയം, ഓന്തേക്കാട് എംടിഎല്‍പിഎസ് ക്യാമ്പുകളിലായി 28 കുടുംബങ്ങളിലെ 90 പേരാണുള്ളത്. കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് ഒരു കുടുംബത്തിലെ നാല് പേരും അടൂര്‍ താലൂക്കില്‍ പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ടു പേരുമാണുള്ളത്.
നിയമപരമായ രക്ഷാകര്‍തൃത്വം : 26 അപേക്ഷ തീര്‍പ്പാക്കി
ഭിന്നശേഷിക്കാരായവരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന ദേശീയ ട്രസ്റ്റ് ജില്ലാതല കമ്മിറ്റിയുടെ ഹിയറിംഗില്‍ 26 അപേക്ഷ തീര്‍പ്പാക്കി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹിയറിംഗിലാണ് അപേക്ഷ പരിഗണിച്ചത്. ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാധ്യമാക്കിയത്.
വസ്തുസംബന്ധമായ അഞ്ച് അപേക്ഷകളില്‍ രണ്ടെണ്ണം അടുത്ത ഹിയറിംഗിലേക്ക് മാറ്റി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജ് അരുണ്‍ ബെച്ചു, ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ ഷംലാ ബീഗം, ജില്ലാ സമിതി കണ്‍വീനര്‍ കെ പി രമേശ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലഹരിക്കെതിരെ ജില്ലാതല ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം
‘നഷാ മുക്ത് ഭാരത് അഭിയാന്‍’പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. ലഹരിക്കെതിരെ എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ജില്ലയില്‍ നടക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഇതിലൂടെ അവബോധം സൃഷ്ടിക്കുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിനാല്‍ കുട്ടികളുടെ സുരക്ഷയ്ക്കായുള്ള സാമൂഹിക ഇടപെടല്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ ഷംലാ ബീഗം അധ്യക്ഷയായി. ജില്ലാ നിയമ സഹായ വേദി സെക്രട്ടറി എന്‍ എന്‍ അരുണ്‍ ബെച്ചു മുഖ്യപ്രഭാഷണം നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍, അങ്കണവാടി , കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, പാരാ ലീഗല്‍ വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്കായി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിനു വി. വര്‍ഗീസ് ക്ലാസ് നയിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ രാജശ്രീ, സര്‍ക്കാര്‍ ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ഒ. എസ്. മീന എന്നിവര്‍ പങ്കെടുത്തു.
പ്രവേശനോത്സവം
റാന്നി പെരുന്നാട് പഞ്ചായത്ത്തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബഥനി ഹൈസ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ഒ ഐ സി ബഞ്ചമിന്‍ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുദ്രാവാക്യം ‘ഒന്നിച്ച് ഒന്നായി ഒന്നാവാം ‘ വിദ്യാര്‍ഥികള്‍ ഏറ്റു ചൊല്ലി. പോലിസ് ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണു, പ്രഥമാധ്യാപിക വി ഉഷാ കുമാരി എന്നിവര്‍ പങ്കെടുത്തു.
അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം (ജൂണ്‍ മൂന്ന്) മെഴുവേലിയില്‍
അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം (ജൂണ്‍ മൂന്ന്) രാവിലെ 9.30 ന് മെഴുവേലി ഗ്രാമപഞ്ചായത്ത് മുള്ളന്‍ വാതുക്കലില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 72-ാം നമ്പര്‍ അങ്കണവാടിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച ‘മാതൃക ഭക്ഷണ മെനു’ പ്രകാശനം, ‘കുഞ്ഞൂസ് കാര്‍ഡ്’, വെല്‍ക്കം കിറ്റ്, ബാഗ് വിതരണം എന്നിവ മന്ത്രി നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം അധ്യക്ഷനാകും. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ സ്വാഗതം പറയും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
ലൈസന്‍സിന് അപേക്ഷിക്കാം
വളളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് /രജിസ്‌ട്രേഷന്‍ അപേക്ഷ ജൂണ്‍ 30ന് മുമ്പ് കെ-സ്മാര്‍ട്ട് മുഖേന സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2350229
ധനസഹായത്തിന് അപേക്ഷിക്കാം
കളിമണ്‍പാത്ര നിര്‍മാണം കുലതൊഴിലായി സ്വീകരിച്ചിട്ടുളള ഒബിസി വിഭാഗത്തില്‍പെട്ടവര്‍ക്കുളള ധനസഹായം, മറ്റ് പിന്നാക്ക വിഭാഗത്തില്‍പെട്ട പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്ന പദ്ധതി എന്നിവയ്ക്ക് ജൂണ്‍ 15 വരെ www.bwin.kerala.gov.in പോര്‍ട്ടലിലൂടെഅപേക്ഷിക്കാം. ഫോണ്‍ : 0474 2914417.
മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ പരിശീലനം
ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ ജൂണില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി , പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുംദ /പ്ലസ് ടു /എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . ഫോണ്‍: 7994449314.
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന് രാവിലെ 11 ന് പത്തനംതിട്ട നഗരസഭ ഹാളില്‍ ചേരും.
റേഷന്‍ കാര്‍ഡ് തരംമാറ്റം : ജൂണ്‍ 15 വരെ അപേക്ഷിക്കാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത പൊതുവിഭാഗം റേഷന്‍ കാര്‍ഡ് (വെളള, നീല) മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുളള അപേക്ഷ ജൂണ്‍ 15 വരെ അക്ഷയകേന്ദ്രം വഴിയോ പൊതുവിതരണ വകുപ്പിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
സ്നേഹിത @ സ്‌കൂള്‍ പദ്ധതി
കുടുംബശ്രീ ജില്ലാ മിഷന്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ മുട്ടത്തുകോണം എസ് എന്‍ ഡി പി എച്ച് എസ് എസ് ല്‍ സ്നേഹിത @ സ്‌കൂള്‍ പദ്ധതി ആരംഭിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപിക സ്മിത ശ്രീധരന്‍ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ ജെന്‍ഡര്‍ ഡിപിഎം പി. ആര്‍ അനുപ പദ്ധതി വിശദീകരിച്ചു. ടൈം ടേബിള്‍ കാര്‍ഡ്, ഹെല്‍ത്ത് കലണ്ടര്‍ എന്നിവ വിതരണം ചെയ്തു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിനി അജിത്, സ്നേഹിത കൗണ്‍സലര്‍ ട്രീസ എസ് ജെയിംസ്, കമ്മ്യൂണിറ്റി കൗണ്‍സലര്‍ വി മനീഷ എന്നിവര്‍ പങ്കെടുത്തു.
ഓമല്ലൂരില്‍ ‘ചക്കഗ്രാമം’ പദ്ധതി
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ‘ചക്കഗ്രാമം’ പദ്ധതിയുടെ ഭാഗമായി പ്ലാവിന്‍ തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അധ്യക്ഷയായി. ബഡ് ചെയ്ത 164 പ്ലാവിന്‍ തൈകള്‍ വീതം ഓരോ വാര്‍ഡിലും പരിസ്ഥിതി ദിനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വീടുകളില്‍ നടും. രണ്ട് വര്‍ഷം കൊണ്ട് ഫലം ഉണ്ടാകുന്ന വിയറ്റ്നാം ഇനത്തില്‍ പെട്ട പ്ലാവിന്‍ തൈകളാണ് വിതരണം ചെയ്തത്. 700 മാവിന്‍ തൈകളും 1400 സപ്പോര്‍ട്ട തൈകളും ഉള്‍പ്പടെ 4500 ഫലവൃക്ഷ തൈകളാണ് ആകെ നടുന്നത്. പഞ്ചായത്ത് അംഗങ്ങളായ മിനി വര്‍ഗീസ്, അന്നമ്മ, സിഡിഎസ് ചെയര്‍പേഴ്സണ്‍ അമ്പിളി എന്നിവര്‍ പങ്കെടുത്തു.
പ്രവേശനോത്സവം
പന്തളം തെക്കേക്കര പഞ്ചായത്ത്തല സ്‌കൂള്‍ പ്രവേശനോത്സവം പൊങ്ങലടി എസ്വിഎച്ച്എസില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. നവാഗതരായ കുട്ടികളെ ജനപ്രതിനിധികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത്ത് അധ്യക്ഷനായി. കവി കോന്നിയൂര്‍ ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക പ്രിയാ റാണി, സ്‌കൂള്‍ മാനേജര്‍ സോയ, ബിആര്‍സി ട്രെയിനര്‍ ഗംഗ, ജെഎച്ച്ഐ വിനോദ് എന്നിവര്‍ പങ്കെടുത്തു.
പൊതുവിദ്യാലയങ്ങളില്‍ മികച്ച പഠനാന്തരീക്ഷം: മന്ത്രി വീണാ ജോര്‍ജ്
ഭാഷയും സാഹിത്യവാസനയും പരിപോഷിപ്പിക്കുന്ന മികച്ച പഠനാന്തരീക്ഷമാണ് പൊതുവിദ്യാലയങ്ങളിലേതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരംവേലി സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കണം. ബാലസുരക്ഷിത ഉറപ്പാക്കാന്‍ വനിതാ ശിശു വികസനവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രവേശനോത്സവത്തിനു എത്തിയ കുട്ടികളുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റും എല്‍എസ്എസ് വിജയികള്‍ക്കുള്ള മൊമെന്റോ വിതരണവും മന്ത്രി നിര്‍വഹിച്ചു. ‘ഉജ്ജ്വല ബാല്യം’ ജേതാക്കളായ നന്ദന നായര്‍, ഹനാന്‍ റേച്ചല്‍ പ്രമോദ് എന്നിവരെ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹാം അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ റെനി ആന്റണി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം: ഡെപ്യൂട്ടി സ്പീക്കര്‍
ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പള്ളിക്കല്‍ ബഡ്സ് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ഭിന്നശേഷികുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കണമെന്ന് അദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുശീലാ കുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. പി സന്തോഷ്, പി.ബി. ബാബു, അഡ്വ. ആര്യ വിജയന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ജീ ജഗദീശന്‍, സിന്ധു ജയിംസ്, ഷീന റെജി, അംഗങ്ങളായ സുപ്രഭ, പ്രമോദ്, യമുന മോഹന്‍, ശ്രീജ, രഞ്ജിനി കൃഷ്ണകുമാര്‍, ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ അജിത് എന്നിവര്‍ പങ്കെടുത്തു.
മാനസിക ഉല്ലാസത്തിന് ബഡ്സ് സ്‌കൂള്‍ സഹായകം: ഡെപ്യൂട്ടി സ്പീക്കര്‍
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ബഡ്സ് സ്‌കൂള്‍ സഹായകമാണെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മൂന്നാളത്ത് ആരംഭിച്ച ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. രക്ഷകര്‍ത്താക്കളും അധ്യാപകരും നല്‍കുന്ന സ്നേഹവും പരിചരണവും ഭിന്നശേഷി കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് അദേഹം പറഞ്ഞു. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ അജി പി വര്‍ഗീസ്, ബീന ബാബു, വരിക്കോലില്‍ രമേഷ് കുമാര്‍, ശോഭാ തോമസ്, കൗണ്‍സിലര്‍മാരായ അപ്സര സനല്‍, രജനി രമേശ്, ശ്രീജ ആര്‍ നായര്‍, ബിന്ദു കുമാരി, സിന്ധു തുളസീധരക്കുറുപ്പ്, അനിതദേവി, മഹേഷ്‌കുമാര്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ആദില, സിഡിഎസ് ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.