
‘ബാലസുരക്ഷിതകേരളം’ കര്‍മപദ്ധതി ഉദ്ഘാടനം
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ബാലസുരക്ഷിതകേരളം’ ഉദ്ഘാടനം പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിംഗ് സെന്ററില്‍ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി.ആര്‍ ലതാകുമാരി അധ്യക്ഷയായി. കുട്ടികള്‍ കൂടുതല്‍ സമയം സ്‌കൂളിലാണെന്നും അവരിലെ സ്വഭാവ വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിന് കൗണ്‍സലേഴ്‌സിന് സാധിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, പന്തളം ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ, മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ടി. സാഗര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു.
മാധ്യപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല (ജൂണ്‍ 12)
‘വനത്തിനുള്ളിലെ മാധ്യമപ്രവര്‍ത്തനം’ സംബന്ധിച്ച ഏകദിനശില്‍പശാല (ജൂണ്‍ 12) രാവിലെ 10 ന് കോന്നി ഇക്കോ ടൂറിസം സെന്ററിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ കമലാഹര്‍ ഉദ്ഘാടനം ചെയ്യും. റാന്നി ഡിഎഫ്ഒ പി കെ ജയകുമാര്‍ ശര്‍മ്മ അധ്യക്ഷനാകും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മുന്‍ പ്രൊഫസര്‍ ഇ കുഞ്ഞിക്കൃഷ്ണന്‍ വിഷയം അവതരിപ്പിക്കും.
ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എന്‍ ശ്യാം മോഹന്‍ലാല്‍ ചര്‍ച്ച നയിക്കും. കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി, പത്തനംതിട്ട, ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റുമാര്‍, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍മാരായ പി കെ രാജേഷ്, ജെ. മുഹമ്മദ് സാബിര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ബി. രാഹുല്‍, സുമി ജോസഫ്, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അപേക്ഷ ക്ഷണിച്ചു
അരുന്ധതിയാര്‍, ചക്കിലിയന്‍, വേടന്‍, നായാടി, കളളാടി വിഭാഗക്കാര്‍ക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങല്‍, ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം, സ്വയംതൊഴില്‍, കൃഷി ഭൂമി, പഠനമുറി, ടോയ്‌ലറ്റ് നിര്‍മാണം, സ്വയംതൊഴില്‍ പരിശീലനം എന്നിവയ്ക്ക് അപേക്ഷിക്കാം. ഭൂമി വാങ്ങല്‍, ഭവന നിര്‍മാണം പദ്ധതികള്‍ക്ക് ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പഠനമുറി പദ്ധതിക്ക് അഞ്ചു മുതല്‍ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും അപേക്ഷിക്കാം. പഠനമുറിക്ക് മൂന്ന് ലക്ഷം രൂപ, ഭവന പുനരുദ്ധാരണം 2.5 ലക്ഷം രൂപ, സ്വയംതൊഴില്‍ പദ്ധതി മൂന്ന് ലക്ഷം രൂപ എന്നിങ്ങനെ അനുവദിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ ഭവന നിര്‍മാണം / ഭവന പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചവര്‍ അര്‍ഹരല്ല. പ്രായപരിധി 60. വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്. അപേക്ഷാ ഫോം ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. അവസാന തീയതി ജൂണ്‍ 30. ഫോണ്‍ : 0468 2322712.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
റാന്നി താലൂക്ക് ആശുപത്രി ഡി-അഡിക്ഷന്‍ സെന്ററില്‍ മെഡിക്കല്‍ ഓഫീസറെ താല്‍കാലികമായി നിയമിക്കുന്നതിനുളള കൂടികാഴ്ച ജൂണ്‍ 20ന് രാവിലെ 11 ന് നടക്കും. യോഗ്യത എംബിബിഎസ്/ റ്റിസിഎംസി രജിസ്‌ട്രേഷന്‍ (സൈക്യാട്രി ബിരുദാനന്തര ബിരുദം അഭിലഷണീയം). പ്രായപരിധി 45. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9188522990.
ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ചലചിത്ര അക്കാദമി 2024 ലെ ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് പരിഗണിക്കുക. ഹാര്‍ഡ് ഡിസ്‌ക് /പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 30 വൈകിട്ട് അഞ്ചുവരെ. വെബ്‌സൈറ്റ് : www.keralafilm.com ഫോണ്‍ : 0471 2754422.
ഹാന്റെക്‌സില്‍ ഡിസ്‌കൗണ്ട്
കോഴഞ്ചേരി കോളജ് റോഡ് തൊളളായിരംകുഴി ബില്‍ഡിംഗിലെ ഹാന്റെക്‌സില്‍ ജൂണ്‍ 30 വരെ കൈത്തറി വസ്ത്രങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ട്. ഫോണ്‍ : 8590365957.
സൗജന്യ പരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറു ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്‍ഡ് സ്റ്റിച്ചിങ് വിത്ത് എംബ്രോയിഡറി ഡിസൈന്‍ പരിശീലനം തുടങ്ങുന്നു . 18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 04682992293, 8330010232.
ദുരന്തനിവാരണ പരിശീലനം : അപേക്ഷ ക്ഷണിച്ചു
ജില്ലാ മേരാ യുവ ഭാരത് (നേഹ്‌റു യുവകേന്ദ്ര) ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിന് സിവില്‍ ഡിഫന്‍സ് ടീമിനെ തയ്യാറാക്കുന്നതിന് യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ചത്തെ സൗജന്യ പരിശീലനം ലഭിക്കും. പ്രായപരിധി 40. ആര്‍ട്‌സ് ആന്റ് സ്പോര്‍ട്സ് ക്ലബ് അംഗങ്ങള്‍, മേരാ യുവ ഭാരത്, എന്‍വൈകെഎസ്, എന്‍എസ്എസ്, എന്‍സിസി, റെഡ്‌ക്രോസ്, സന്നദ്ധസേന, ട്രോമ കെയര്‍ വിഭാഗങ്ങളിലുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍ വോളണ്ടിയര്‍ , സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് മുന്‍ഗണന. എമര്‍ജന്‍സി കിറ്റ് , യൂണിഫോം , ഐ ഡി കാര്‍ഡ് , സര്‍ട്ടിഫിക്കറ്റ് , മൂന്ന് വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ലഭിക്കും. ഫോണ്‍ :7558892580, 04682962580.
സൗജന്യ കോഴ്‌സ്
കോന്നി ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ഫുള്‍ സ്റ്റാക്ക് വെബ് ഡവലപ്‌മെന്റ് കോഴ്‌സ് സൗജന്യമായി പഠിക്കാം. യോഗ്യത : ബിഎസ്‌സി /എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ/എംസിഎ, ബി-ടെക്/എംടെക് കമ്പ്യൂട്ടര്‍ സയന്‍സ്. കോഴ്‌സ് ദൈര്‍ഘ്യം : 150 മണിക്കൂര്‍. ഫോണ്‍ : 9188910571
മണ്ണടി ചെട്ടിയാരഴികത്ത് പാലം അപ്രോച്ച് റോഡ് നവീകരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍
മണ്ണടിയെ കുളക്കടയുമായി ബന്ധിപ്പിക്കുന്ന ചെട്ടിയാരഴികത്ത് പാലത്തിന്റെ അടൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന റോഡ് പുനരുദ്ധാരണത്തിന് എംഎല്‍എ ആസ്തി വികസന ഫണ്ട് അനുവദിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
അടൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അധ്യക്ഷനായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. അടൂര്‍ ബൈപ്പാസ് റോഡില്‍ വട്ടത്തറപടി ഭാഗത്ത് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള പ്രദേശത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിലെ ഉദ്യോഗസ്ഥരുടെ വിമുഖത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കണ്ടെത്താന്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. അടൂര്‍ റവന്യൂ ടവറില്‍ നിന്ന് ഡിക്‌സന്‍ ടൂറിസ്റ്റ് ഹോം വഴി കെപി റോഡിലേക്ക് പോകുന്ന ഭാഗങ്ങളില്‍ വാഹന പാര്‍ക്കിങ് ക്രമീകരിക്കാന്‍ ട്രാഫിക് എസ്‌ഐയെ ചുമതലപ്പെടുത്തി.
കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും തേപ്പുപാറ – അടൂര്‍, അടൂര്‍ -മാങ്കൂട്ടം – കൈതപ്പറമ്പ് -തട്ടാരപടി – ഏനാത്ത് – കൊട്ടാരക്കര, അടൂര്‍ തുവയൂര്‍ ചെട്ടിയാരിഴികത്ത് പാലം വഴി കൊല്ലം ,അടൂര്‍ – പഴകുളം – പള്ളിക്കല്‍ – ആനയടി – കരുനാഗപ്പള്ളി സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടും.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംപി മണിയമ്മ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, തഹസീല്‍ദാര്‍ സാം ജോണ്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അടൂര്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് (ജൂണ്‍ 12) ഉച്ചയ്ക്ക് 2.30 ന് നിര്‍വഹിക്കും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി ആര്‍ ലതാകുമാരി ബോധവല്‍ക്കരണ ക്ലാസ് നയിക്കും. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, അംഗം ശരത് കുമാര്‍ ,ലേബര്‍ ഓഫീസര്‍ എസ് സുരാജ്, ഇന്‍സ്പെക്ടര്‍ പ്ലാന്റേഷന്‍ വി അനില്‍കുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ ആര്‍ സനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.