കോന്നി മെഡിക്കൽസ്റ്റോർ ഉടമയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

Spread the love

 

konnivartha.com: കാണാതായ കോന്നി മെഡിക്കൽസ്റ്റോർ ഉടമയുടെ മൃതദേഹം അരുവാപ്പുലം കൃഷി ഭവന്‍റെ പുറകില്‍ ഉള്ള തോട്ടില്‍ നിന്നും അഗ്നി സുരക്ഷാ വകുപ്പിലെ സ്കൂബ ടീം കണ്ടെത്തി . കോന്നി പരാഗ് മെഡിക്കൽസ്റ്റോർ(മൂക്കന്നൂര്‍ മെഡിക്കല്‍ ഗ്രൂപ്പ് ) ഉടമ കോന്നി അതിരുങ്കൽ മൂക്കന്നൂർ പ്രവീൺ ശേഖറിന്‍റെ (48) മൃതദേഹമാണ് കണ്ടെത്തിയത് .

വെള്ളിയാഴ്ച രാത്രി പത്തരയോടെ കോന്നിയിലെ മെഡിക്കൽ സ്റ്റോർ അടച്ചശേഷം കോന്നിയിൽനിന്ന്‌ വീട്ടിലേക്കുപോയതാണ്.രാത്രി വൈകിയും വീട്ടില്‍ എത്തിയില്ല .തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കോന്നി പത്തനാപുരം റോഡില്‍ മ്ലാന്തടത്തിനും മുറിഞ്ഞകല്ലിനും ഇടയില്‍ ഉള്ള താന്നിമൂട് ജുമാ മസ്ജിതിന് എതിര്‍ വശത്തുള്ള തോടിന് കരയില്‍ ഇരുചക്ര വാഹനം കണ്ടെത്തി .അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ തോട്ടില്‍ തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്തിയില്ല .

ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോള്‍ അരുവാപ്പുലം വെമ്മേലി പടി എള്ളോങ്കാവ് റോഡില്‍ അരുവാപ്പുലം കൃഷി ഭവന് പിന്നില്‍ ഉള്ള തോട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി . വെള്ളിയാഴ്ച വൈകിട്ട് പ്രവീൺ സിനിമക്ക് പോകുമെന്ന് ഫോൺ വിളിച്ച് അറിയിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.എന്നാൽ ഇതിന് ശേഷം ഫോണിൽ വിളിച്ചിട്ട് ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങുകയും പ്രവീൺ സഞ്ചരിച്ച ബൈക്ക് തോടിന് കരയിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു.പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.മഴ ശക്തി പ്രാപിച്ചതോടെ തോട്ടിൽ ശക്തമായ ഒഴുക്കാണ് ഉണ്ടായിരുന്നത്. തോട്ടിലൂടെ മൃതദേഹം ഒഴുകി പോകുന്നത് തോടിന് സമീപത്തെ ഒരു വീട്ടമ്മ കണ്ടു എങ്കിലും പേടി കാരണം ഇവര്‍ ആരോടും പറഞ്ഞില്ല .

അരുവാപ്പുലം കൃഷി ഓഫീസിനു സമീപം ആണ് മൃതദേഹം കണ്ടെത്തിയത് . ഇവിടെ നിന്നും അച്ചന്‍ കോവില്‍ നദിയിലേക്ക് ഏതാനും വളവുകളെ ഉള്ളൂ . പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു .

error: Content is protected !!