
konnivartha.com: കുരുന്നുകളുടെ പ്രിയ ഇടമാക്കാന്‍ സ്‌കൂള്‍ ചുമരുകളില്‍ വര്‍ണ വിസ്മയം തീര്‍ക്കുകയാണ് പ്രമാടം ഗ്രാമപഞ്ചായത്ത്. അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കുമൊപ്പം ഓരോ ക്ലാസ് മുറിയേയും മനോഹരമാക്കി കുട്ടികളുടെ ഇഷ്ട മൃഗങ്ങളും ഫലങ്ങളും ചുമരുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
പഞ്ചായത്ത് പരിധിയിലെ അഞ്ചു സ്‌കൂളുകളിലാണ് അറിഞ്ഞും രസിച്ചും പഠിക്കാന്‍ ശിശു സൗഹൃദ കോര്‍ണര്‍ ഒരുക്കുന്നത്. പ്രമാടം ജിഎല്‍പിഎസ്, മല്ലശ്ശേരി ജിഎല്‍പിഎസ്, തെങ്ങുംകാവ് ജിഎല്‍പിഎസ്, വി കോട്ടയം ജിഎല്‍പിഎസ്, ളാക്കൂര്‍ ജിഎല്‍പിഎസ് എന്നീ സ്‌കൂളുകളിലാണ് ശിശു സൗഹൃദ കോര്‍ണര്‍ തയാറാകുന്നത്.
ഓരോ സ്‌കൂളിനും 50,000 രൂപയാണ് പദ്ധതി ചെലവ്. പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രമാടം സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ശിശു സൗഹൃദ കോര്‍ണര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത് ഉദ്ഘാടനം ചെയ്തിരുന്നു. ചിത്രകാരന്‍ ഉന്മേഷ് പൂങ്കാവാണ് ചുവരുകള്‍ മനോഹരമാക്കിയത്.
കുട്ടികള്‍ക്ക് കലാപഠനവും പ്രഭാത ഭക്ഷണം ഒരുക്കി പഞ്ചായത്ത് മുമ്പും ശ്രദ്ധ നേടിയിരുന്നു. ശാസ്ത്രത്തെ അടുത്ത് അറിയാന്‍ സയന്‍സ് കോര്‍ണറുമുണ്ട്. കായിക ഉപകരണങ്ങളും നല്‍കിയിരുന്നു. ക്രിയേറ്റീവ് കോര്‍ണര്‍, ചികിത്സാ മുറി പദ്ധതികളും ആരംഭിക്കുമെന്ന് നവനിത്ത് പറഞ്ഞു.