Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/06/2025 )

Spread the love

സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിനൊപ്പം: മന്ത്രി സജി ചെറിയാന്‍

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ രതീഷ് ജി നായരും അമ്മാവന്‍ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലുണ്ട്. മൃതദേഹം തിരിച്ചറിയാന്‍ സഹോദരന്റെ ഡിഎന്‍എ സാമ്പിള്‍ നല്‍കിയിരുന്നു. പരിശോധനാ ഫലത്തിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക.  മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത.

വായന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം:ലോകത്തെ മാറ്റാന്‍ പുസ്തകത്തിനാകും: പ്രമോദ് നാരായണ്‍ എംഎല്‍എ:നവോത്ഥാന മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചത് ലൈബ്രറി കൗണ്‍സില്‍: ജോര്‍ജ് എബ്രഹാം

ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വായനയ്ക്കാകുമെന്നും ലോകത്തെ മാറ്റിമറിച്ച പുസ്തകങ്ങളുണ്ടെന്നും പ്രമോദ് നാരായണ്‍ എംഎല്‍എ. ജില്ലാ ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍ എന്ന മഹാപ്രകാശത്തിലേക്ക് കടക്കുന്നതിന് പുസ്തകം വായിക്കണം. മറ്റൊരാളെ മനസിലാക്കണമെങ്കില്‍ വായന വേണം. ഓരോ പുസ്തകവും വ്യത്യസ്തമാണ്. പല വികാരങ്ങളെയും ഭാവങ്ങളെയും അറിയാനുള്ള ഏക ഉപാധിയാണ് വായന. പുസ്തകങ്ങളിലൂടെ വ്യക്തിയെ മാത്രമല്ല നാടിന്റെ ചേതോവികാരവും മനസിലാക്കാനാകുമെന്ന് മഹാത്മ ഗാന്ധിയുടെ ആത്മകഥ ഉദ്ധരിച്ച് എംഎല്‍എ വ്യക്തമാക്കി. ഒരു വ്യക്തിയുടെ രൂപകല്‍പനയില്‍ പുസ്തകം വഹിക്കുന്ന പങ്ക് പ്രധാനമാണ്. വായനയുടെ മാസ്മരിക ലോകം പുതുതലമുറ മനസിലാക്കണം. എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം എംഎല്‍എ ചൂണ്ടികാട്ടി. എംഎല്‍എ ഫണ്ടില്‍ നിന്നും 12.5 ലക്ഷം രൂപ അനുവദിച്ചാണ് ഡിജിറ്റല്‍ ലൈബ്രറി തയ്യാറാക്കിയത്.

സംസ്ഥാനത്തിന്റെ സാംസ്‌കാരിക- നവോത്ഥാന മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചത് ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനമാണെന്ന് മുഖ്യപ്രഭാഷണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. സാഹിത്യത്തിന്റെ വിവിധ തലങ്ങളെ പരിപോഷിപ്പിക്കാന്‍ വായനയ്ക്കാകും. കേരളത്തിലെ ഗ്രാമ- നഗരങ്ങളില്‍ വായനശാലകള്‍ ഉണ്ടെങ്കിലും പുതുതലമുറ ഇവ എത്രമാത്രം ഉപയോഗിക്കുന്നുണ്ടെന്ന് പരിശോധിക്കണം. മൊബൈലിന്റെ അമിത ഉപയോഗം വായനയെ ബാധിച്ചു. വായനയില്ലെങ്കില്‍ ഒരു വ്യക്തി തന്നിലേക്ക് മാത്രം ഒതുങ്ങും. വായനയിലൂടെ സമൂഹത്തെ അറിയാം. വിദ്യാഭ്യാസം കൊണ്ട് മാത്രം പൂര്‍ണ പൗരനാകില്ല.

സാഹിത്യം, സാംസ്‌കാരികം, ആത്മീയത വളരണമെങ്കില്‍ വായന വേണം. വായിച്ച് വളര്‍ന്ന് ഉത്തമ പൗരനാകാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ സാഹിത്യകാരന്‍മാരെ അനുസ്മരിക്കുന്നതിനായി വിവിധ സെമിനാറുകള്‍ വായനാപക്ഷാചരണത്തോടനുബന്ധിച്ച സംഘടിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി വായന സന്ദേശം നല്‍കി. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ജി ആനന്ദന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എസ് ഹരിദാസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം കോമളം അനിരുദ്ധന്‍,  റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. വി ആര്‍ വിശ്വനാഥന്‍ നായര്‍, എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിജു ജേക്കബ്, പിആര്‍ഡി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വായനോത്സവം സംഘടിപ്പിച്ചു

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വായനോത്സവം സംഘടിപ്പിച്ചു. കിടങ്ങന്നൂര്‍ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എം പി വായനോത്സവത്തിന്റെയും വായനാമാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് വായനാലോകത്ത് വിപ്ലവം തീര്‍ത്ത വ്യക്തിയാണ് പി എന്‍ പണിക്കര്‍. മലയാളികള്‍ ഉള്ളകാലം വരെ അദ്ദേഹത്തിന്റെ ഓര്‍മ നിലനില്‍ക്കും. വായിക്കാനും പഠിക്കാനും കിട്ടുന്ന അവസരം പാഴാക്കാത്തവരാണ് ജീവിതത്തില്‍ വിജയിക്കുന്നതെന്നും എം പി പറഞ്ഞു. പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കാന്‍ഫെഡ് എന്നിവയുടെ  സഹരണത്തോടെയാണ് സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനായി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലി. എസ് സി ആര്‍ ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജി, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എസ്. മീരാ സാഹിബ്,  സെക്രട്ടറി സി. കെ. നസീര്‍,  ഗ്രാമപഞ്ചായത്ത് അംഗം ദീപ എസ് നായര്‍, കുളനട ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂലി ദിലീപ്, എഡിഎം ബി. ജ്യോതി, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍,  ആറന്മുള എ ഇ ഒ മല്ലിക, മഠാധിപ മാതാജി കൃഷ്ണാനന്ദ പൂര്‍ണിമാമയി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. ശ്രീജ, ഹെഡ്മാസ്റ്റര്‍ എ. വി. മാധവന്‍കുഞ്ഞ്, പി റ്റി എ പ്രസിഡന്റ് സി ജി പ്രദീപ് കുമാര്‍, സെക്രട്ടറി വി. ജ്യോതിഷ് ബാബു, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ വിദ്യാ വിജയന്‍, മലയാളം ക്ലബ് കണ്‍വീനര്‍ ഗംഗാ ജി പണിക്കര്‍, ക്വിസ് മാസ്റ്റര്‍ ബിനു വി കുറുപ്പ്, എസ്പിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, റെഡ്‌ക്രോസ് അംഗങ്ങള്‍  പങ്കെടുത്തു.

ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍. തിരുവല്ല താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍. ഒമ്പത് കുടുംബങ്ങളിലായി ഏഴ് പുരുഷന്‍മാരും 12 സ്ത്രീകളും 15 കുട്ടികളുമുള്‍പ്പെടെ 34 പേരാണ് ക്യാമ്പിലുള്ളത്.

പെരിങ്ങര വില്ലേജില്‍ മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പി സ്‌കൂള്‍, കവിയൂര്‍ വില്ലേജില്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.

വനിതാ കമ്മീഷന്‍ അദാലത്ത്: 18 പരാതികള്‍ക്ക് പരിഹാരം

തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 18 പരാതി തീര്‍പ്പാക്കി. ആകെ ലഭിച്ചത് 60 പരാതി. ഏഴെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും ഒരെണ്ണം ജാഗ്രതാസമിതിക്കും നല്‍കി. ജില്ലാ നിയമ സഹായ വേദിയിലേക്ക് മൂന്ന് പരാതി കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 31 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. അഡ്വ. സിനി, അഡ്വ. സീമ, കൗണ്‍സലര്‍മാരായ തെരേസ തോമസ്, രമ്യ കെ പിള്ള, പൊലിസ് ഉദ്യോഗസ്ഥരായ പാര്‍വതി, അനിത എന്നിവര്‍ പങ്കെടുത്തു.


ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് : ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ് നാളെ (ജനുവരി 21)

ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ്  നാളെ   (ജൂണ്‍ 21) രാവിലെ ഒമ്പതിന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ള്യൂ.ഡി റസ്റ്റ് ഹൗസില്‍  നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും പരാതി നല്‍കിയിട്ടുള്ളവരെയാണ് കമ്മിഷന്‍ നേരില്‍ കേള്‍ക്കുന്നത്. തിരുവനന്തപുരം 40, കൊല്ലം 37, പത്തനംതിട്ട 47  പരാതികളാണുള്ളത്. ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം  സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മിഷന്‍ നേരില്‍ കേള്‍ക്കുക.

സാക്ഷരതാ പരിശീലനം

ന്യൂ ഇന്ത്യലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ഏകദിന സാകഷരതാ പരിശീലനം നടന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. മികവുത്സവം വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിശീലനപരിപാടിയില്‍ ‘ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: അടിസ്ഥാന വിവരങ്ങള്‍, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ചരിത്രം,അനുഭവം, സാധ്യതകള്‍, മുതിര്‍ന്നവരുടെ ബോധന ശാസ്ത്രം, പഠനപ്രവര്‍ത്തനങ്ങളും പാഠപുസ്തക പരിചയവും  ‘പ്രദേശിക സംഘാടനം, ഏകോപനം, ധന വിനിയോഗം’എന്നീ വിഷയങ്ങളില്‍ ക്ലാസ് നടന്നു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആക്ഷന്‍ പ്ലാനും തയ്യാറാക്കി.

സ്‌പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ 2025-26 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ലാറ്ററല്‍ എന്‍ട്രി പ്രകാരം മൂന്നാം സെമസ്റ്ററില്‍ ഒഴിവുളള സീറ്റിലേക്ക് പ്രവേശനം ജൂണ്‍ 23ന് നടക്കും. അന്നേ ദിവസം  രാവിലെ ഒമ്പത് മുതല്‍ 10.30 വരെയാണ് രജിസ്‌ട്രേഷന്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും  ഫീസും സഹിതം  രക്ഷകര്‍ത്താക്കള്‍ക്കൊപ്പം പ്രവേശനത്തിന്  ഹാജരാകണം. ഫീസിന് എടിഎം കാര്‍ഡും പിടിഎ ഫണ്ടിനും യൂണിഫോമിനുമുളള തുക  പണമായും കരുതണം. ഫോണ്‍ : 04735 266671.
വെബ്‌സൈറ്റ് :www.polyadmission.org/lte

വിവരം പുതുക്കണം

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികളുടെ വിവരങ്ങള്‍ അക്ഷയകേന്ദ്രം മുഖേന എഐഐഎസ് സോഫ്റ്റ് വെയറില്‍ വിവരം പുതുക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ആധാറിന്റെ പകര്‍പ്പ്, ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,  പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ക്ഷേമനിധി രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ കരുതണം. ഫോണ്‍ : 0469 2603074.

ടെന്‍ഡര്‍

റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ ഇല്ലാത്ത മരുന്നുകള്‍ കാസ്പ്/ ജെഎസ്എസ്‌കെ/ആര്‍ബിഎസ്‌കെ/എകെ ട്രൈബല്‍ പദ്ധതികളില്‍പെട്ട രോഗികള്‍ക്ക്  ലഭ്യമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന്  ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി  ജൂലൈ രണ്ട് . ഫോണ്‍ : 04735 227274, 9188522990.

സ്‌കോളര്‍ഷിപ്പ്

ജില്ലയിലെ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡിലെ അംഗതൊഴിലാളികളുടെ  മക്കള്‍ക്കുളള എസ് എസ് എല്‍ സി സ്‌കോളര്‍ഷിപ്പ് പഠന സഹായത്തിനുളള അപേക്ഷ ജൂലൈ ഒന്നുമുതല്‍ 31 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. മറ്റു കോഴ്‌സുകള്‍ക്കുളള സ്‌കോളര്‍ഷിപ്പ് അപേക്ഷ  ക്ലാസ് തുടങ്ങിയതു മുതല്‍ 45 ദിവസം വരെ സ്വീകരിക്കും.

ശില്‍പശാല

ജര്‍മന്‍ ഭാഷ പഠനം, ജര്‍മനിയില്‍ ഉപരി പഠനവും  ജോലിയും ലഭിക്കുന്ന പദ്ധതികളെ കുറിച്ചുളള ശില്‍പശാല കോന്നി ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍  ജൂണ്‍  23 ന് നടത്തും. പ്രവേശനം സൗജന്യം. ഫോണ്‍ : 9188910571.

അധ്യാപക ഒഴിവ്

അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്)

യോഗ്യത :കമ്പ്യൂട്ടര്‍ സയന്‍സ്  ആന്റ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തരബിരുദവും(ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് നിര്‍ബന്ധം). യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 23 ന് രാവിലെ 10.30-ന് ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസര്‍ (ബിസിനസ് ഇക്കണോമിക്‌സ്)

യുജിസി ചട്ടപ്രകാരമുളള യോഗ്യത. അഭിമുഖം ജൂണ്‍ 24 ന് രാവിലെ 10.30ന്

അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്‌സ് ആന്റ്  കമ്മ്യൂണിക്കേഷന്‍എഞ്ചിനീയറിംഗ്)

ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് നിര്‍ബന്ധം) ആണ് യോഗ്യത. അഭിമുഖം ജൂണ്‍ 25 ന് രാവിലെ 10.30ന് .

അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്‌സ്)

യുജിസി ചട്ടപ്രകാരമുളള യോഗ്യത. അഭിമുഖം ജൂണ്‍ 26 ന് രാവിലെ 10.30ന്

അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്റ്  ഇലക്ട്രോണിക്‌സ്എഞ്ചിനീയറിംഗ്)

ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും(ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് നിര്‍ബന്ധം) ആണ് യോഗ്യത. അഭിമുഖം ജൂണ്‍ 26 ന് രാവിലെ 10.30 ന്.
വെബ് സൈറ്റ് : www.cea.ac.in  , ഫോണ്‍ – 8547005100.

ഉപഭോക്തൃ സംരക്ഷണസമിതി യോഗം ചേര്‍ന്നു

ജില്ലാ തല ഉപഭോക്തൃ സംരക്ഷണസമിതി യോഗം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ സപ്ലൈ ഓഫിസര്‍ കെ ആര്‍ ജയശ്രീ, സിഡിആര്‍സി അസിസ്റ്റന്റ് രജിസ്ട്രാര്‍ ദീപ എസ് അനിരുദ്ധന്‍, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ അംഗം ഗിരിജ മോഹന്‍, കര്‍ഷക പ്രതിനിധി അംഗം എബ്രഹാം പരുവാനിക്കല്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലഹരി ഉപയോഗം സര്‍ഗാത്മകതയ്ക്ക് ദോഷമെന്ന് ബെന്യാമിന്‍

പുതുതലമുറ ഭാഷയ്ക്ക് പ്രാധാന്യം നല്‍കി ഭാവന സൃഷ്ടിയുള്ളവരായി വളരണമെന്നും ലഹരി ഉപയോഗം സര്‍ഗാത്മകതയെ ബാധിക്കുമെന്നും സാഹിത്യകാരന്‍ ബെന്യാമിന്‍. എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന ‘ലഹരിക്കെതിരെ വായനാ ലഹരി’ ജില്ലാതല ഉദ്ഘാടനം തിരുവല്ല എം.ജി എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടങ്ങളെ ഓര്‍ത്തു ദുഃഖിക്കാതെ ജീവിതത്തെ പ്രത്യാശാപരവും ശുഭപ്രതീക്ഷയോടുകൂടി കാണുവാന്‍ കഴിയണം. പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടാതെ കള്ള പ്രചരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കഠിനാധ്വാനത്തോടെ പ്രവര്‍ത്തിച്ചാല്‍ ജീവിതവിജയം കൈവരിക്കാന്‍ സാധിക്കും. ലഹരി ഉപയോഗിക്കുന്നവരുടെ ജീവിതം സമൂഹത്തില്‍ ശപിക്കപ്പെട്ടവരുടേതാണ്. പുതുതലമുറ ജീവശ്വാസം പോലെ വായനയെ കാണണം.

എന്താകുവാനാണോ ആഗ്രഹിക്കുന്നത് അതിന്റെ പരമോന്നതിയില്‍ എത്തുവാന്‍ പ്രയത്‌നിക്കണം. ഭാവനാലോകം ബുദ്ധിയുടെ വികാസത്തിന് മുഖാന്തരമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ തോമസ് അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സനില്‍ എസ് മുഖ്യസന്ദേശം നല്‍കി. വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, തിരുവല്ല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മിഥുന്‍ മോഹന്‍ , ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ദീപാ മേരി ജേക്കബ്, ഫാ. സി വി ഉമ്മന്‍, അധ്യാപകരായ മത്തായി ടി വര്‍ഗീസ്, ലീന എബ്രഹാം,  ഷേര്‍ളി തോമസ്, ബിനു ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്‌കൂളുകള്‍ക്ക് ഇന്ന് (ജൂണ്‍ 20) അവധി

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല പെരിങ്ങര വില്ലേജിലെ മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പി സ്‌കൂളിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തി തിരുവല്ല താല്ലൂക്കിലെ അമിച്ചകരി എംടി എല്‍പിഎസ്, നെടുമ്പ്രം സിഎംഎസ് എല്‍പിഎസ്, മേപ്രാല്‍ സെന്റ് ജോണ്‍സ് യുപിഎസ്, കാരക്കല്‍ എല്‍പിഎസ്, നിരണം എംബിഎംഎംഡി എല്‍പിഎസ്, ആലംതുരുത്തി ഗവ. എല്‍പിഎസ് എന്നീ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

error: Content is protected !!