Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/06/2025 )

Spread the love

കോട്ട സര്‍ക്കാര്‍ ഡി.വി എല്‍പി സ്‌കൂള്‍ പഴയ കെട്ടിടം പൊളിക്കും

ആറന്മുള ഗ്രാമപഞ്ചായത്തിലെ കോട്ട സര്‍ക്കാര്‍ ഡി.വി എല്‍ പി സ്‌കൂളിലെ അപകടാവസ്ഥയിലുള്ള പഴയകെട്ടിടം പൊളിച്ച് മാറ്റാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ഉത്തരവ്. 100 വര്‍ഷത്തോളം പഴക്കമുള്ളതും നിലവില്‍ ഉപയോഗിക്കാത്തതുമായ കെട്ടിടം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തി ദുരന്തനിവാരണ നിയമം വകുപ്പ് 33, 34 (കെ) പ്രകാരമാണ് പൊളിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ആറന്മുള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ നേരിട്ട്  മേല്‍നോട്ട ചുമതല വഹിക്കും.


തെരുവ് വിളക്ക് സ്ഥാപിച്ചു

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മഠത്തുംമൂഴി വലിയ പാലത്തിലും പൂവത്തുംമൂട് പാലത്തിലും സ്ഥാപിച്ച തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. ഉദ്ഘാടനം അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, അംഗങ്ങളായ അരുണ്‍ അനിരുദ്ധന്‍, ശ്യാരി ടി എസ്, അജിത റാണി, രാജം ടീച്ചര്‍, സെക്രട്ടറി എന്‍ സുനില്‍കുമാര്‍, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം

വെണ്ണിക്കുളത്ത് ആരംഭിച്ച കണ്‍സ്യൂമര്‍ഫെഡ് നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷനായി. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ വര്‍ഗീസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യൂ ആദ്യവില്‍പ്പന നടത്തി. ഗ്രാമപഞ്ചായത്ത് അംഗം രശ്മി മോള്‍, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ റ്റി ഡി ജയശ്രീ, പുറമറ്റം എസ്സിഎസ് പ്രസിഡന്റ് ബോബന്‍ ജോണ്‍, നീതി മെഡിക്കല്‍ വെയര്‍ഹൗസ് മാനേജര്‍ ആര്‍ ഷീജ എന്നിവര്‍ പങ്കെടുത്തു.

ഹാച്ചറി ടെക്‌നീഷ്യന്‍

പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ ഹാച്ചറി ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 27 രാവിലെ 11 ന് ജില്ലാ ഫിഷറീസ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.  ഫിഷറീസ് സയന്‍സിലുളള ബിരുദം / ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യം ആണ് യോഗ്യത. ഗിഫ്റ്റ് ഹാച്ചറിയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0468 2214589, 952637378475.

സീറ്റ് ഒഴിവ്

കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒഴിവുളള ബിരുദ കോഴ്സ് സീറ്റിലേക്ക്  അപേക്ഷ ക്ഷണിച്ചു. ബിഎസ് സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്സ്, ബി കോം (ഓണ്‍സ്), ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആന്റ്  ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ കോഴ്സുകളിലേക്കാണ് പ്രവേശനം. എസ് സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല.
വെബ് സൈറ്റ് :  www.ihrd.ac.in. ഫോണ്‍ : 9446755765, 9645127298, 0468 2382280.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി കമ്യൂണിറ്റി കൊളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2570471, 9846033001. വെബ്സൈറ്റ്: www.src.kerala.gov.in


അധ്യാപകര്‍ക്ക് പരിശീലനം

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കോന്നി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജലഗുണ നിലവാര പ്രാഥമിക പരിശോധന ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം സംഘടിപ്പിച്ചു.

കോന്നി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി വിഭാഗം അധ്യാപിക  ശ്രീലത പരിശീലനത്തിന് നേതൃത്വം നല്‍കി. ഹരിത കേരളം മിഷന്‍ ആര്‍.പി മാരും ഇന്റേണ്‍ഷിപ്പ് ട്രെയിനിമാരും ക്ലാസുകള്‍ നയിച്ചു. ലാബുകള്‍ സ്ഥാപിച്ചിട്ടുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ കെമിസ്ട്രി അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. കിണര്‍, കുളം തുടങ്ങിയ കുടിവെള്ള സ്രോതസുകളിലെ ജലം സൗജന്യമായി പരിശോധിക്കും.


ഐ ടി ഐ പ്രവേശനം നീട്ടി

സര്‍ക്കാര്‍ ഐ ടി ഐ കളില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. itiadmission.kerala.gov.in.വഴി അപേക്ഷിക്കാം. നൂറ് രൂപയാണ് അപേക്ഷ ഫീസ്.  അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതോടൊപ്പം സമീപത്തെ ഐ ടി ഐ കളിലെത്തി സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ മൂന്നിനകം പൂര്‍ത്തിയാക്കണം. ഫോണ്‍ : 0468-2258710

വായ്പ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പിന്നോക്ക വിഭാഗ വികസന  കോര്‍പറേഷന്‍ വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ  ക്ഷണിച്ചു. സ്വയം തൊഴില്‍, സ്വയം തൊഴില്‍ (വിധവകള്‍ക്ക്), വിദ്യാഭ്യാസം, ഭവനവായ്പ, വ്യക്തിഗതവായ്പ (സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്), മറ്റുവിവിധ പദ്ധതികള്‍ എന്നിവയിലേക്ക് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒ.ബി.സി, മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം. പലിശ നിരക്ക് 6-11 ശതമാനം.   ജാമ്യ വ്യവസ്ഥ ബാധകം. ഫോണ്‍ :0468 2226111, 2272111.
അടൂര്‍ താലൂക്കിലുളളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 04734 293677.

സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍

കേരളാ കെയര്‍ പാലിയേറ്റീവ് സേവന പദ്ധതിയില്‍ സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ നടപടി ആരംഭിച്ചു. sannadhasena.kerala.gov.in/volunteerregistration വെബ്‌സൈറ്റില്‍ വിവരം നല്‍കി  രജിസ്റ്റര്‍ ചെയ്യാം. സാന്ത്വന പരിചരണം ആവശ്യമുള്ള രോഗിക്കായി ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും ചിലവഴിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.  ജില്ലാ തലത്തില്‍  30 വോളണ്ടിയര്‍മാരാകുമ്പോള്‍ പരിശീലനം ആരംഭിക്കും.   മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കും. ജൂണ്‍ 15 വരെയാണ് രജിസ്‌ട്രേഷന്‍. സാന്ത്വനചികിത്സ ആവശ്യമായ രോഗികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും പുരോഗമിക്കുന്നു. പാലിയേറ്റീവ് കെയര്‍ ഗ്രിഡില്‍ പങ്കാളികളാകുന്ന എന്‍ജിഓകളുടെയും കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനേസേഷനുകളുടെയും രജിസ്‌ട്രേഷന്‍  പൂര്‍ത്തിയായി.  കാമ്പയിന്റെ ഭാഗമായി  1,34,939 പേരാണ്  സാന്ത്വന ചികിത്സ ആവശ്യമുള്ള കിടപ്പിലായ രോഗികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തതില്‍ 59.48 ശതമാനം പേരും വനിതകളാണ്. ഏറ്റവുമധികം ആളുകള്‍ 70നും 80നും ഇടയില്‍ പ്രായമുള്ളവരാണ്. .

അഭിമുഖം

കോന്നി മെഡിക്കല്‍ കോളജ് ഐസിറ്റിസി വിഭാഗത്തില്‍ ലാബ് ടെക്നീഷ്യന്‍ കരാര്‍ നിയമനം. യോഗ്യത- ബിഎംഎല്‍ടി/ ബിഎംഎല്‍എസ്, ഡിഎംഎല്‍ടി/ഡിഎംഎല്‍എസ്. പ്രായപരിധി 45. അസല്‍ രേഖകളും പകര്‍പ്പും സഹിതം ജൂണ്‍ 27 രാവിലെ 10.30 ന് അഭിമുഖത്തിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9.30 മുതല്‍ 10 വരെ. ഫോണ്‍ – 0468 2344823, 2344803

error: Content is protected !!