Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/06/2025 )

Spread the love

യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാം: ജില്ലാ കലക്ടര്‍

യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും ശാരീരിക മാനസിക ഊര്‍ജം വീണ്ടെടുക്കാനും സാധിക്കുമെന്ന്  ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച 11 -ാം അന്താരാഷ്ട്ര യോഗദിനാചരണം ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദിനാചരണത്തില്‍ ഒതുങ്ങാതെ യോഗയെ ജീവിതത്തിന്റെ ഭാഗമാക്കണം. ആരോഗ്യ സംരക്ഷണത്തിനായി ദിവസവും സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിചേര്‍ത്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ. ബിജു കുമാര്‍  മുഖ്യപ്രഭാഷണം നടത്തി. യോഗ വെല്‍നസ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ തുളസി ക്ലാസ് നയിച്ചു. യോഗയിലെ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവ് രേവതി രാജേഷിനെ എഡിഎം ബി ജ്യോതി ആദരിച്ചു. ഡെപ്യൂട്ടി കലക്ടര്‍ മിനി തോമസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് അഖില, യോഗ ഇന്‍സ്ട്രക്ടര്‍ ശ്രീജേഷ് വി കൈമള്‍ എന്നിവര്‍ പങ്കെടുത്തു.

യോഗ ദിനാചരണം സംഘടിപ്പിച്ചു

പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എന്‍.സി.സി 14-ാം   ബറ്റാലിയന്‍ പത്തനംതിട്ട, കാതോലിക്കറ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം, സ്റ്റാസ് കോളജ്  പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൈഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍ അധ്യക്ഷനായി.  ജില്ലാ എന്‍.എസ്.എസ് ഓഫീസര്‍ ജി രാജശ്രീ, കോളജ് എന്‍എസ് എസ് ഓഫീസര്‍മാരായ ക്യാപ്റ്റന്‍ ജിജോ കെ ജോസഫ്, ആന്‍സി സാം,  ഡോ. തോമസ് എബ്രഹാം, സുബേദാര്‍ മേജര്‍ സി ഷിബു, അസിസ്റ്റന്റ് പ്രൊഫസര്‍ സൗമ്യ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.


ഉപഭോക്തൃ സംരക്ഷണ നിയമം: ബോധവല്‍കരണം ആവശ്യമെന്ന് ജില്ലാ കലക്ടര്‍

ഉപഭോക്തൃ സംരക്ഷണ നിയമത്തെപറ്റി പൊതുജനങ്ങള്‍ക്ക് അറിവുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല ഉപഭോക്തൃ സംരക്ഷണ സമിതിയുടെ മൂന്നാമത്തെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 2019 ഉപഭോക്തൃ സംരക്ഷണ നിയമം വകുപ്പ് 8(1) പ്രകാരവും 2021 ഉപഭോക്തൃ സംരക്ഷണചട്ടം 5 പ്രകാരവും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് യോഗം ചേര്‍ന്നത്.

ഉപഭോക്തൃ സംരക്ഷണ നടപടി വികസിപ്പിക്കുകയും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുകയാണ് സമിതിയുടെ ഉദ്ദേശം. സേവനദാതാക്കളില്‍ നിന്നുണ്ടാകുന്ന വീഴ്ച്ചകള്‍ക്ക് ഉപഭോക്താക്കളെ സഹായിക്കാന്‍ രൂപികരിച്ച കോടതി സ്വഭാവത്തോട് കൂടിയ സംവിധാനമാണ് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. ഓണ്‍ലൈന്‍ മുഖേനെ പരാതി സമര്‍പ്പിക്കാനുളള സംവിധാനം നിലവിലുണ്ട്. മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, ജില്ലാ സപ്ലൈ ആഫീസര്‍ കെ ആര്‍ ജയശ്രീ, സിഡിആര്‍സി അസിസ്റ്റന്റ് രജിസ്ട്രാര്‍ ദീപ എസ് അനിരുദ്ധന്‍, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ അംഗം ഗിരിജാമോഹന്‍, കര്‍ഷക പ്രതിനിധി അംഗം എബ്രഹാം പരുവാനിക്കല്‍, ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു

നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവജീവ കേന്ദ്രം മലയാലപ്പുഴ, നവാദര്‍ശന്‍ കിടങ്ങന്നൂര്‍ എന്നിവയുടെ സഹകരണത്തോടെ   തുമ്പമണ്‍ എംജിഎച്ച്എസ്,  ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് അപ്ലയിഡ്  സയന്‍സ് എന്നിവിടങ്ങളില്‍   ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് അപ്ലയിഡ് സയന്‍സില്‍ സംഘടിപ്പിച്ച പരിപാടി ഡിഎല്‍എസ്എ
സെക്രട്ടറിയും സിവില്‍ ജഡ്ജുമായ  എന്‍.എന്‍ അരുണ്‍ ബെച്ചു  ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ജി രാജശ്രീ  അധ്യക്ഷയായി.  ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം,
മലയാപ്പുഴ നവജീവകേന്ദ്രം ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ.റജി യോഹന്നാന്‍, കൗണ്‍സലര്‍ അഞ്ജന, അസി. പ്രൊഫസര്‍ അശ്വതി  എന്നിവര്‍ പങ്കെടുത്തു.
തുമ്പമണ്‍ എംജിഎച്ച്എസ് സ്‌കൂളില്‍  ഗ്രാമപഞ്ചായത്ത് അംഗം ശോശാമ്മ ബാബു ഉദ്ഘാടനം ചെയ്തു.  സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷിബു കെ എബ്രഹാം അധ്യക്ഷനായി. പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ സിജു ബെന്‍,  കിടങ്ങന്നൂര്‍ നവദര്‍ശന്‍ ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. അഭിഷേക് ഡാന്‍ ഉമ്മന്‍, സീനിയര്‍ അസിസ്റ്റന്റ് ജയ്സി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.


യോഗം ജൂണ്‍ 24 ന്

തദ്ദേശ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷന്‍ ക്രമീകരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജൂണ്‍ 24 രാവിലെ  11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍  ചേരുമെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


പ്രോത്സാഹന ധനസഹായം

പട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍ 2024-25 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയില്‍  മികച്ച വിജയം നേടിയവര്‍ക്ക് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് ഇവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,  ബാങ്ക് പാസ് ബുക്ക്, മൊബൈല്‍ നമ്പര്‍ സഹിതം  റാന്നി റ്റിഡിഒ/ റ്റിഇഒ ഓഫീസില്‍ ജൂലൈ നാലിന് വൈകുന്നേരം അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍ : 04735 227703.

തീയതി നീട്ടി

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐയിലെ എന്‍സിവിടി അംഗീക്യത കോഴ്സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ്  നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് ( ഇംഗ്ലീഷ് ) , ഡ്രസ് മേക്കിംഗ്  ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ തീയതി ജൂണ്‍ 30 വരെ നീട്ടി .  ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അടുത്തുള്ള സര്‍ക്കാര്‍ ഐടിഐയില്‍ വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കണം. വെബ്‌സൈറ്റ് : https://itiadmissions.kerala.gov.in ,  https:// det.kerala.gov.in ഫോണ്‍ : 04792457496, 9747454553.

ഗസ്റ്റ് ലക്ചറര്‍

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍  ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ രണ്ട് താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 25ന് രാവിലെ 11ന്  കോളജില്‍ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദമാണ് യോഗ്യത.  ഫോണ്‍ : 0469 2650228.


ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയ്ക്ക് അപേക്ഷിക്കാം

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പെടുന്ന വിധവകള്‍/ വിവാഹ ബന്ധം  വേര്‍പെടുത്തിയ /ഉപേക്ഷിക്കപെട്ട സ്ത്രീകള്‍ക്കുളള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. അപേക്ഷക കുടുംബത്തിലെ ഏകവരുമാന ദായകയായിരിക്കണം.  ബിപിഎല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയ്‌ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള/ മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍  (ജനറല്‍) , ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിലോ തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 31. വെബ്‌സൈറ്റ് :  www.minoritywelfare.kerala.gov.in ഫോണ്‍ : 0468 2222505, 2222515.


വിമുക്ത ഭടന്മാര്‍ക്ക് മുഖാമുഖ സമ്പര്‍ക്ക പരിപാടി

ഇന്ത്യന്‍ ആര്‍മി മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തില്‍ റെജിമെന്റില്‍ നിന്ന് വിരമിച്ച വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍ എന്നിവരുമായി  മുഖാമുഖ സമ്പര്‍ക്ക പരിപാടി ജൂണ്‍ 24 രാവിലെ 10  മുതല്‍ ഉച്ചക്ക് ഒന്നുവരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2961104.


കോഴ്‌സ്  പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് (ആറു മാസം ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് വെയര്‍ ഹൗസ് മാനേജ്മെന്റ് (ഒരു വര്‍ഷം )  കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. യോഗ്യത -പ്ലസ് ടു. ഫോണ്‍ : 7306119753

സ്‌പോട്ട്അഡ്മിഷന്‍

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റ് ഒഴിവ്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (ഡാറ്റസയന്‍സ്), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ്  ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ജൂണ്‍ 23 രാവിലെ 11 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍ : 8547005100, 9446527757, 9447484345, 8111894703, 9847260210.

ചന്ദനതടി ചില്ലറ വില്‍പന

കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ചന്ദനതടികളുടെ ചില്ലറ വില്‍പന ആരംഭിച്ചു.  എല്ലാ പ്രവൃത്തിദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കി ഒരുകിലോഗ്രാം ചന്ദനം വരെ ഒരു വ്യക്തിക്ക് വാങ്ങാം. ഫോണ്‍ : 8547600530, 0468 2247927, 0475 2222617.

എംബിഎ അഡ്മിഷന്‍

യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (യുഐഎം) ന്റെ അടൂര്‍ സെന്ററില്‍ എംബിഎ ദ്വിവത്സര കോഴ്‌സിലേക്ക് അപേക്ഷിക്കാം.  50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്ക് പ്രവേശനം നേടാം.  ഒബിസി വിഭാഗത്തിന് 48 ശതമാനവും എസ്. സി /എസ്. റ്റി വിഭാഗത്തിന് പാസ് മാര്‍ക്കും വേണം. പ്രവേശനം ജൂണ്‍ 25.  ഫോണ്‍ : 9746998700, 9946514088, 9400300217, 7560992525.


സ്‌പോട്ട് അഡ്മിഷന്‍

വെണ്ണിക്കുളം എംവിജിഎം പോളിടെക്നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍, ഓട്ടോമൊബൈല്‍, സിവില്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റിലേക്ക് പ്രവേശനം ജൂണ്‍ 23 ന് നടക്കും. രാവിലെ ഒമ്പത് മുതല്‍ 10.30 വരെയാണ് രജിസ്ട്രേഷന്‍. അസല്‍ രേഖകളും ഫീസും സഹിതം  രക്ഷകര്‍ത്താക്കള്‍ക്കൊപ്പം പ്രവേശനത്തിന് ഹാജരാകണം.
ഫീസ് അടക്കാന്‍  യുപിഐ/ഗൂഗിള്‍പേ/ ഫോണ്‍പേ എന്നിവ ഉപയോഗിക്കാം. ഫോണ്‍ : 04692650228
വെബ്സൈറ്റ് :  www.polyadmission.org

റോഡുകളുടെ ഉദ്ഘാടനം ജൂണ്‍ 23 ന്

റാന്നിയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം ജൂണ്‍ 23ന് വൈകിട്ട് 4.30 ന് ബംഗ്ലാംകടവ് സര്‍ക്കാര്‍ ന്യൂ യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ബംഗ്ലാംകടവ് – വലിയകുളം, ബംഗ്ലാംകടവ് സ്റ്റേഡിയം – വലിയകുളം, മടുക്കമൂട് – അയ്യപ്പ മെഡിക്കല്‍ കോളജ് എന്നീ റോഡുകളാണ് റീ ബില്‍ഡ് കേരളയിലുള്‍പെടുത്തി 4.54 കോടി രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, മുന്‍ എംഎല്‍എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി തുടങ്ങിയവര്‍ പങ്കെടുക്കും.


ആരോഗ്യം ആനന്ദം 2.0:
ജില്ലാതല മെഗാ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

‘ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം’ കാമ്പയിന്‍ ജില്ലാതല മെഗാ സ്‌ക്രീനിംഗ് പെരുനാട് അട്ടത്തോട് പടിഞ്ഞാറ് ട്രൈബല്‍ കമ്മ്യൂണിറ്റി ഹാളില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അധ്യക്ഷയായി. ഊരുമൂപ്പന്‍ വി കെ നാരായണന്‍ മുഖ്യാതിഥിയായി. നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അനീഷ് കെ. സോമന്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വെച്ചുച്ചിറ, റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം, പട്ടികവര്‍ഗ വികസന വകുപ്പ് പ്രതിനിധികള്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വദനാര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവയുടെ സ്‌ക്രീനിങ് നടത്തി. ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം സ്‌ക്രീനിങ് സൗകര്യം ഉണ്ടാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരമ്പരാഗത തൊഴിലിടങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് മെഗാ സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്തുമെന്ന് ഡി എം ഒ അറിയിച്ചു.  ഡെപ്യൂട്ടി ഡി എം ഒ ഡോ. ഐപ് ജോസഫ്, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ  ശ്യാംകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, റാന്നി പെരുനാട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ ഹരിഹരന്‍, ഡിഎന്‍ഒ ലാലി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പാല്‍ ഉല്‍പാദനത്തില്‍ ജില്ല സ്വയം പര്യാപ്തത കൈവരിയ്ക്കണം:  ഡെപ്യൂട്ടി സ്പീക്കര്‍

പാല്‍ ഉല്‍പാദനത്തില്‍ ജില്ല സ്വയം പര്യാപ്തത കൈവരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കുളനട കുടുംബശ്രീ പ്രീമിയം കഫേയില്‍ ക്ഷീര വികസന വകുപ്പും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വ അധ്യക്ഷയായി. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ആദില, ഫാം ലൈവ്‌ലി ഫുഡ് ജില്ലാ മാനേജര്‍ സുഹാന ബീഗം, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍. സുസ്മിത എന്നിവര്‍ പങ്കെടുത്തു.

യോഗ ദിനം ആചരിച്ചു

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് വെല്‍നസ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഒരിപ്പുറം ആയുര്‍വേദ ഡിസ്പന്‍സറിയില്‍ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി പി വിദ്യാധരപ്പണിക്കര്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. മാന്‍സി അലക്സ്, യോഗ ഇന്‍സ്ട്രക്ടര്‍ കെ. ആര്‍ രാജി എന്നിവര്‍ പങ്കെടുത്തു.

യോഗദിനം ആചരിച്ചു

ഏഴുമറ്റൂര്‍ ബ്ലോക്ക്, ഓതറ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംയുക്തമായി  വള്ളംകുളം ജനകീയരോഗ്യകേന്ദ്രത്തില്‍ സംഘടിപ്പിച്ച ജില്ലാതല യോഗദിനാചരണം  ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. യോഗ മാസ്റ്റര്‍ ഹരീഷ് സന്ദേശം നല്‍കി. വാര്‍ഡ് അംഗങ്ങളായ വിജയമ്മ ടീച്ചര്‍, സുസ്മിത, അനില്‍ ബാബു, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. റ്റിറ്റു ജി സക്കറിയ, ഡോ. ജിജോ മാത്യൂ, മാസ് മീഡിയ ഡെപ്യൂട്ടി ഓഫീസര്‍ ബിജു ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു

error: Content is protected !!