
രഞ്ജിതയുടെ മൃതദേഹം ഇന്ന് ( ജൂണ്‍ 24, ചൊവ്വ) നാട്ടിലെത്തിക്കും
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി നായരുടെ മൃതദേഹം ചൊവ്വാഴ്ച ( ജൂണ്‍ 24 ) നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട് രാവിലെ 11 ന് എത്തിക്കും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് 2.30 വരെ പൊതുദര്‍ശനം. സംസ്‌കാരം വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍. അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയെ തിരിച്ചറിഞ്ഞത്.
സ്‌കൂളിന് അവധി
അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച രഞ്ജിത ജി നായരുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യു പി സ്‌കൂളിന് ഇന്ന് (ജൂണ്‍ 24, ചൊവ്വ) ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു.
കേരളത്തിന്റെ സമസ്തമേഖലയിലും വികസനം: മന്ത്രി സജി ചെറിയാന്‍
സമസ്തമേഖലയിലും സ്പര്‍ശിക്കുന്ന വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിച്ച റോഡുകളുടെ ഉദ്ഘാടനം റാന്നി ബംഗ്ലാംകടവ് ഗവണ്‍മെന്റ് ന്യൂ യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്ന് റോഡുകളുടെ നിര്‍മാണം റാന്നിയില്‍ പൂര്‍ത്തിയായത്. ബംഗ്ലാംകടവ്- വലിയകുളം റോഡ്, ബംഗ്ലാംകടവ് സ്‌റ്റേഡിയം- വലിയകുളം റോഡ്, മടുക്കമൂട്- അയ്യപ്പാ മെഡിക്കല്‍ കൊളജ് റോഡുകള്‍ക്കായി 4.54 കോടി രൂപയാണ് ചെലവഴിച്ചത്. റോഡുകള്‍, പാലങ്ങള്‍ എന്നിവയ്‌ക്കൊപ്പം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലും അഭുതപൂര്‍വമായ മാറ്റം വന്നു. ഉന്നത വിദ്യാഭ്യാസ രംഗമടക്കം മുന്നേറി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗവേഷണ കേന്ദ്രങ്ങളായി മാറി. വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ മാറ്റം വന്നതായും മന്ത്രി വ്യക്തമാക്കി.
ഒരു നാടിന്റെ ദീര്‍ഘകാല ജനകീയ ആവശ്യമാണ് സഫലമായതെന്ന് അധ്യക്ഷത വഹിച്ച പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ 15 റോഡുകള്‍ പൂര്‍ത്തീകരിച്ചു. നാല് റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.
മുന്‍ എംഎല്‍എ രാജു എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കോമളം അനിരുദ്ധന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിഷ തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനാദിന- വായന പക്ഷാചരണം:വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം
വായനാദിന – വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ വായിച്ച ഏതെങ്കിലും മലയാളം പുസ്തകത്തെക്കുറിച്ച് ഒന്നര പേജില്‍ കവിയാതെയുള്ള ആസ്വാദനക്കുറിപ്പ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും ലഭിക്കും.
വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, രക്ഷിതാവ് / അധ്യാപകന്റെ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ആസ്വാദനക്കുറിപ്പ് 2025 ജൂണ്‍ 27 ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ് (താഴത്തെ നില), പത്തനംതിട്ട- 689645 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. ഫോണ്‍: 0468 2222657
നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ അടൂര്‍ വടക്കടത്തുകാവ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹൈഡ്രപോണിക്സ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നിഷ്യന്‍ പുതിയ കോഴ്സുകളാണ് പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി.സി സുനി പദ്ധതി വിശദീകരിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം റോഷന്‍ ജേക്കബ്, ഗ്രാമപഞ്ചായത്തംഗം ശ്രീലേഖ ഹരികുമാര്‍, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ആരതി കൃഷ്ണ, പ്രിന്‍സിപ്പല്‍ പ്രിയ എസ് രാജ്, പി. ടി. എ പ്രസിഡന്റ് എ.വിനോദ് എന്നിവര്‍ പങ്കെടുത്തു.
ഓക്സിലോ കാമ്പയിന്‍: വിവരശേഖരണം നടത്തി
ജില്ലയില്‍ ഓക്സിലോ കാമ്പയിന്റെ ഭാഗമായി അയല്‍ക്കൂട്ടത്തില്‍ അംഗമല്ലാത്തവരുടെ വിവരശേഖരണം നടത്തി. ആദ്യഘട്ടമായി പറക്കോട് ബ്ലോക്കിലെ 8 സിഡിഎസുകളിലെ 18 – 40 വരെ പ്രായമുള്ളവരുടെ വിവരം ശേഖരിച്ചു. വാര്‍ഡ്തലങ്ങളില്‍ യുവതി സംഗമത്തിലൂടെ ഓക്സിലറി ഗ്രൂപ്പുകള്‍ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കും. കുടുംബശ്രീ മുഖേന യുവതികളുടെ സമഗ്ര വികസനത്തിനാണ് ഓക്സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നത്. ഒരു കുടുംബത്തില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് അംഗങ്ങളാകാം. പത്തനംതിട്ട ജില്ലയിലെ എല്ലാ സിഡിഎസുകളിലും പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് വിവരശേഖരണം നടത്തും.
ജില്ലാ വികസന സമിതി യോഗം ജൂണ്‍ 28ന്
ജില്ലാ വികസന സമിതി യോഗം ജൂണ്‍ 28ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ലഹരി വിരുദ്ധ ബോധവല്‍കരണം
വര്‍ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും ആസക്തിയും കുറയ്ക്കുന്നതിനായി നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി കുരുമ്പന്‍ മൂഴി കമ്മ്യൂണിറ്റി ഹാളില്‍ ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. നാറാണമൂഴി ഗ്രാമപഞ്ചായത്ത് അംഗം മിനി ഡോമനിക് ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പന്‍ പൊടിയന്‍ കുഞ്ഞൂഞ്ഞ് അധ്യക്ഷനായി. ജില്ലാ സാമൂഹികനീതി ഓഫിസര്‍ ജെ. ഷംലാ ബീഗം സ്വാഗതം ആശംസിച്ചു. റാന്നി ടിഇഒ വി.ഗോപകുമാര്‍, കുടുംബശ്രീ സ്‌നേഹിതാ സര്‍വീസ് പ്രോവൈഡര്‍ റസിയ, ഗാന്ധിഭവന്‍ ഐആര്‍സിഎ പ്രൊജക്ട് ഡയറക്ടര്‍ എസ്.ശ്രീലക്ഷ്മി, കൗണ്‍സലര്‍ എസ്.രേഷ്മ, ഒസിബി കൗണ്‍സലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിമുഖം ജൂണ്‍ 25ന്
സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) യില്‍ പ്രിന്റിംഗ് പ്രൊജക്ടുകളിലേക്ക് താല്‍കാലികമായി ഇന്‍സ്‌പെക്ഷന്‍/ പാക്കിംഗ് അസിസ്റ്റന്റ് സ്റ്റാഫുകളെ ആവശ്യമുണ്ട്. 10 ഒഴിവ്. പ്രതിദിനം 675 രൂപ ദിവസവേതന നിരക്കില്‍ 179 ദിവസം വരെയാണ് നിയമനം. 2024 ജൂണ്‍ 24ന് 50 വയസില്‍ കൂടരുത്. യോഗ്യത-എസ് എസ് എല്‍ സി അല്ലെങ്കില്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (തത്തുല്യ യോഗ്യത). പ്രിന്റിംഗ് സ്ഥാപനത്തില്‍ ജോലിപരിചയം ഉണ്ടായിരിക്കണം. യോഗ്യത, പ്രവൃത്തി പരിചയം, പ്രായം തെളിയിക്കുന്ന അസലും പകര്‍പ്പും സഹിതം സി-ഡിറ്റ് തിരുവനന്തപുരം, തിരുവല്ലം മെയിന്‍ കാമ്പസില്‍ ജൂണ്‍ 25ന് രാവിലെ 11 മുതല്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 918921412961. വെബ്‌സൈറ്റ് : www.cdit.org, www.careers.cdit.org
ഭവനം ഫൗണ്ടേഷന്‍ അപ്പാര്‍ട്ടുമെന്റുകള്‍ വില്‍പനയ്ക്ക്
ഭവനം ഫൗണ്ടേഷന്‍ കേരള എറണാകുളം ജില്ലയിലെ പോഞ്ഞാശ്ശേരിയില്‍ പണിതീര്‍ത്ത 715 സ്‌ക്വയര്‍ ഫീറ്റുള്ള 74 അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍പ്പനയ്ക്ക്. തന്റെയോ പങ്കാളിയുടെയോ പേരില്‍ സ്വന്തമായി വീട്/അപ്പാര്‍ട്ട്‌മെന്റ് ഇല്ലാത്ത സ്വകാര്യ, പൊതു, സര്‍ക്കാര്‍ മേഖലകളില്‍ കുറഞ്ഞ വേതനത്തില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്.
അപ്പാര്‍ട്ട്‌മെന്റില്‍ രണ്ട് ബെഡ്‌റൂമുകള്‍, ഡൈനിങ് ഏരിയയും വിസിറ്റിംഗ് ഏരിയയും അടങ്ങിയ ഒരു മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഒരു അടുക്കള, രണ്ടു അറ്റാച്ച്ഡ് ബാത്‌റൂമുകള്‍, ഒരു കാര്‍ പാര്‍ക്കിങ്, ഒരു ബാല്‍ക്കണി എന്നിവയും അഗ്‌നിശമന സംവിധാനം, രണ്ട് ലിഫ്റ്റുകള്‍, മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡീസല്‍ ജനറേറ്റര്‍ സിസ്റ്റം, റോഡ് ആക്‌സസ്, ചുറ്റുമതില്‍, സെക്യൂരിറ്റി ക്യാബിന്‍ തുടങ്ങിയ പൊതു സൗകര്യങ്ങളുമുണ്ട്. ഒരു അപാര്‍ട്‌മെന്റിന്റെ വില 20,57,708 രൂപയാണ്.
അപേക്ഷ ഫോം ഭവനം ഫൗണ്ടേഷന്‍ കേരള, ലേബര്‍ കമ്മീഷണറേറ്റ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്‌സലന്‍സ് (കെഎഎസ്ഇ), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ)എന്നീ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അര്‍ഹത തെളിയിക്കുന്ന രേഖകളുടെ അസല്‍ പകര്‍പ്പുകളും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ഭവനം ഫൗണ്ടേഷന്‍ കേരള, ടിസി 13/287/1, പനച്ചമൂട്ടില്‍, മുളവന ജംഗ്ഷന്‍, കുന്നുകുഴി, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം – 695035 വിലാസത്തില്‍ ജൂലൈ 20 ന് മുമ്പ് ലഭിക്കണം.
ടെന്‍ഡര്‍
മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് പുരുഷ സെക്യൂരിറ്റിമാരെ (എക്‌സ് മിലിട്ടറി) 2025 ജൂലൈ മുതല്‍ ഒരുവര്‍ഷത്തേക്ക് നിയമിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 28.
സ്‌പോട്ട്അഡ്മിഷന്‍
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) പത്തനംതിട്ടയില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി സൈബര്‍ ഫോറന്‍സിക്‌സ്, ബിസിഎ, എംഎസ്‌സി സൈബര്‍ ഫോറന്‍സിക്‌സ് എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബി-കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, ബി-കോം അക്കൗണ്ടിംഗ്, എംഎസ്‌സി ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ കോഴ്‌സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്കു സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സംവരണവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും സ്‌കോളര്‍ഷിപ്പും ലഭിക്കും. ഫോണ്‍ :9446302066, 8547124193, 7034612362.
ക്ഷീരകര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്‍പാദനം’ വിഷയത്തില്‍ ജൂണ്‍ 25, 26 തീയതികളില്‍ പരിശീലനം നടക്കും. ഫോണ്‍ : 8304948553, 9496332048, 04734 299869.